കരുതലോടെ ഇസ്രൊ, ആകാംക്ഷയോടെ ലോകം; ഐഎസ്ആര്‍ഒ സ്പേഡെക്സ് ഡോക്കിംഗിന് നാളെ ശ്രമിച്ചേക്കും

By Web Desk  |  First Published Jan 15, 2025, 10:58 AM IST

മൂന്ന് തവണ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് മാറ്റിവെക്കേണ്ടിവന്നതിനാല്‍ ഏറെ കരുതലോടെയാണ് ഇസ്രൊ അടുത്ത ശ്രമത്തിനായി നീങ്ങുന്നത്

ISRO might be attempt for SpaDeX Docking tomorrow

ബെംഗളൂരു: മൂന്ന് തവണ ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ച ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാൻ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നാളെ രാവിലെ ഒരു ശ്രമം കൂടി നടത്തും. വീണ്ടും സാങ്കേതിക പ്രശ്‌നം കണ്ടെത്തുകയാണെങ്കില്‍ ഇസ്രൊയുടെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് രണ്ട് മാസം കഴിഞ്ഞ് മാര്‍ച്ചിലേ നടക്കാന്‍ സാധ്യതയുള്ളൂ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ബഹിരാകാശത്ത് വച്ച് ഈ ഉപഗ്രഹങ്ങളെ ഒന്നാക്കി മാറ്റുന്ന ഡോക്കിംഗ് പ്രക്രിയ 2025 ജനുവരി ആറിനും, ഒന്‍പതിനും, പതിനൊന്നിനും നടത്താന്‍ ഇസ്രൊ ശ്രമിച്ചെങ്കിലും നീട്ടിവെക്കേണ്ടിവന്നു. മൂന്നാം ശ്രമത്തില്‍ പരസ്പരം 3 മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷമായിരുന്നു ഡോക്കിംഗില്‍ നിന്ന് ഐഎസ്ആര്‍ഒയുടെ പിന്‍മാറ്റം. തുടര്‍ന്ന് സുരക്ഷിത അകലത്തിലേക്ക് മാറ്റിയ ഉപഗ്രഹങ്ങള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ അകലത്തിലാണ് നിലകൊള്ളുന്നത്. ജനുവരി 11ലെ സെന്‍സര്‍ ഡാറ്റകള്‍ വിശദമായി പഠിച്ച ശേഷമേ അടുത്ത ഡോക്കിംഗ് ശ്രമത്തിലേക്ക് കടക്കൂവെന്ന് ഇസ്രൊ മുമ്പ് അറിയിച്ചിരുന്നു. 

Latest Videos

ഇതുപ്രകാരം ഡോക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം തേടുകയാണ് ഐഎസ്ആര്‍ഒ. വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവിൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായിട്ടുള്ളത്. സ്പേഡെക്സ് വിജയിച്ചാൽ ഇന്ത്യ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും. 

Read more: സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്‍ഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image