കേരളത്തിന് കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് കിട്ടിയിരുന്നോ? മുഖ്യമന്ത്രി പറ‍ഞ്ഞത് ശരിയോ തെറ്റോ?

By Arun A  |  First Published Sep 2, 2018, 8:19 PM IST

കേരളത്തിന് കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയിരുന്നോ? ഈ ചോദ്യം നമ്മൾ ഓഖിയുടെ സമയത്ത് കേട്ടതാണ്. അതിന്റെ പേരിൽ ഒരുപാട് തർക്കിച്ചു. പക്ഷെ കൃത്യമായ ഉത്തരം ഇന്നും കേരളത്തിലെ സാധാരണക്കാർക്ക് അറിയില്ല. ഇനിയതറിഞ്ഞിട്ട് എന്ത് കാര്യമെന്ന് കേരളം ചിന്തിച്ചിരിക്കണം. പക്ഷെ ദാ, അതേ ചോദ്യം വീണ്ടും നമ്മുടെ നേർക്ക് വരുന്നു. 


കേരളത്തിന് കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയിരുന്നോ? ഈ ചോദ്യം നമ്മൾ ഓഖിയുടെ സമയത്ത് കേട്ടതാണ്.  അതിന്റെ പേരിൽ ഒരുപാട് തർക്കിച്ചു. പക്ഷെ കൃത്യമായ ഉത്തരം ഇന്നും കേരളത്തിലെ സാധാരണക്കാർക്ക് അറിയില്ല. ഇനിയതറിഞ്ഞിട്ട് എന്ത് കാര്യമെന്ന് കേരളം ചിന്തിച്ചിരിക്കണം. പക്ഷെ ദാ, അതേ ചോദ്യം വീണ്ടും നമ്മുടെ നേർക്ക് വരുന്നു. പ്രളയദുരന്തത്തിന്‍റെ കാരണങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടി അരുണ്‍ അശോകന്‍ നടത്തിയ വസ്തുതാന്വേഷണം...

ഗസ്റ്റ് 14, 15, 16 തീയതികളിൽ കേരളത്തിൽ പലയിടത്തും പെയ്തിറങ്ങിയ പേമാരിയെക്കുറിച്ച് നമുക്ക് കൃത്യമായ മുന്നറിയിപ്പ് കിട്ടിയിരുന്നോ? ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നെന്ന് മലയാളി കൂടിയായ ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ പറയുന്നു. എന്നാൽ ഇത്രയും കനത്ത മഴപെയ്യുമെന്ന ഗൗരവപൂർണമായ മുന്നറിയിപ്പ് ഇല്ലായിരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.

Latest Videos

undefined

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന രണ്ട് വ്യക്തികളാണ് ആധികാരികമായി ഇങ്ങനെ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായം പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി, അടിസ്ഥാനമില്ലാത്ത ഒരു കാര്യം പറയുമോ? അതും നിയമസഭയിൽ? സാധ്യതയില്ല. അപ്പോൾപ്പിന്നെ കേന്ദ്രസർക്കാരിൽ ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞൻ കൂടിയായ എം.രാജീവനാണോ കള്ളം പറയുന്നത്? അങ്ങനെ വിശ്വസിക്കാനും തരമില്ല. അപ്പോൾ ഇരുവരും പറഞ്ഞത് സാങ്കേതികമായി ശരിയാകാനേ തരമുള്ളൂ.  

കേരളത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നതാണ് ചോദ്യം. ഈ ചോദ്യത്തെയും സാങ്കേതികമായി തന്നെ കൈകാര്യം ചെയ്യണം. കേരളം മുങ്ങാൻ പാകത്തിലുള്ള പ്രളയം വരുന്നെന്ന്  മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നാണ് ചോദ്യത്തെ മനസ്സിലാക്കുന്നതെങ്കിൽ, ഇല്ല എന്നാണ് ഉത്തരം. എന്നാൽ അങ്ങനെ പ്രളയത്തിനുള്ള മുന്നറിയിപ്പ് തരേണ്ടത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമല്ല. മഴ ഭൂമിയിൽ എത്തുന്നതിന് തൊട്ടുമുന്പ് വരെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അധികാര പരിധി.

അത് കഴിഞ്ഞാൽ പിന്നെ കേന്ദ്ര ജല കമ്മീഷനാണ് ഉത്തരവാദിത്തം. അതായത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടിയിരുന്നത് കേന്ദ്ര ജല കമ്മീഷനാണ്. പക്ഷെ കേരളത്തിൽ പ്രളയമുന്നറിയിപ്പ് നൽകാനുള്ള സംവിധാനം ജലകമ്മീഷനില്ല. പ്രളയമുന്നറിയിപ്പ് കിട്ടാൻ വഴിയില്ലാത്ത സ്ഥിതിക്ക്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകാമായിരുന്നു എന്ന് വിചാരിക്കാവുന്നതാണ്. അതിനനുസരിച്ച് പ്രവർത്തിക്കാമായിരുന്നല്ലോ? കേരളത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്ന ചോദ്യം ഇപ്പോൾ ഈ രീതിയിലേക്കാണ് മാറുന്നത്. അപ്പോൾ ഉത്തരവാദിത്തം വീണ്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കോർട്ടിലെത്തും. 

മഴയെക്കുറിച്ചുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ  ഹെവി റെയിൻഫാൾ, ഹെവി ടു വെരി ഹെവി റെയിൻഫാൾ, എക്സ്ട്രീമിലി ഹെവിറെയിൻഫാൾ എന്നിങ്ങനെയാണ്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെയുള്ള മഴയാണ് ഹെവി റെയിൻഫാൾ. 115.6 മുതൽ 204.4 വരെ ഹെവി ടു വെരി ഹെവി റെയിൻഫാൾ . 204.5  മില്ലി മീറ്ററിന് മുകളിലുള്ളതെല്ലാം എക്സ്ട്രീമിലി ഹെവി റെയിൻഫാൾ ആണ്. പേമാരിയെന്നോ മഹാമാരിയെന്നോ ഒക്കെ വിളിക്കാവുന്ന മഴ.

കേരളത്തിൽ പ്രശ്നം ഉണ്ടാക്കിയത് ഈ എക്സ്ട്രീമിലി ഹെവി റെയിൻഫാളിന് മുകളിലുള്ള മഴയാണ്. ഇത്തരത്തിലുള്ള മഴ പെയ്യുമെന്ന മുന്നറിയിപ്പ് നമുക്ക് കിട്ടിയിരുന്നോ എന്നതാണ് ചോദ്യം. www.imd.gov.in എന്ന ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിലെ പ്രസ് റിലീസുകൾ ഒന്ന് നോക്കാം. ഓഗസ്റ്റ് 9 നുള്ള വാർത്താകുറിപ്പിൽ, ഓഗസ്റ്റ് 9 മുതൽ 15 വരെയുള്ള  മഴയുടെ പ്രവചനമുണ്ട്. 13, 14,15 ദിവസങ്ങളിൽ കേരളത്തിൽ പരക്കെ ഹെവി റെയിൻഫാൾ എന്നാണ് ഇതിൽ പറയുന്നത്.

www.imdtvm.gov.in എന്ന തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രത്തിന്റെ വെബ്സൈറ്റും ഉണ്ട്. അതിൽ ജില്ലാ തല മഴ മുന്നറിയിപ്പുകൾ ഉണ്ട്.  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഭരണകൂടം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് സൂചന നൽകുന്ന ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിവയും ഇതിലാണ് ഉണ്ടാകാറ്.

ഓറ‍ഞ്ച് അലർട്ടെന്നാൽ അടിയന്തര നടപടികൾക്ക് ഒരുങ്ങിയിരിക്കുകയെന്നും, റെഡ് അലർട്ട് എന്നാൽ നടപടി എടുക്കുക എന്നുമാണ് അർത്ഥം. ഓഗസ്റ്റ് 10ന് തന്നെ പതിനാലാം തീയതി വയനാട് ജില്ലയിലേക്കുള്ള റെഡ് അലർട്ട് നൽകിയിരുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്.  ഇടുക്കിക്കും ആലപ്പുഴയ്ക്കും ഓറഞ്ച് അലർട്ടും ഉണ്ട്.  ഓഗസ്റ്റ് 12ന് ,   ഇടുക്കിക്ക് പതിനാലാം തീയതി റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവചിച്ചിരിക്കുന്നത് ഹെവി ടു വെരി ഹെവി റെയിൻഫാൾ.

ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം സംസ്ഥാന സർക്കാരിലെ പ്രധാന ഉദ്യോഗസ്ഥർക്ക്  നൽകിയിരുന്നെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. ഇതെല്ലാം വിശദമാക്കി സെപ്റ്റംബർ ഒന്നിന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമായ ഇറക്കിയിട്ടുണ്ട്. 

ഇതിൽ നിന്ന് സാധാരണക്കാർ എന്താണ് മനസ്സിലാക്കേണ്ടത്? കൺഫ്യൂഷനായല്ലോ എന്ന് തലയിൽ കൈവയ്ക്കുകയല്ലാതെ എന്ത് ചെയ്യാൻ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വാർത്താക്കുറിപ്പിലെ ഓരോ വരിയും ശരിയാണ്. അവർ നൽകിയ പ്രവചനങ്ങൾ മാത്രമെ അതിൽ പറ‍ഞ്ഞിട്ടുള്ളൂ. പക്ഷെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞപോലെ , എക്സ്ട്രീമിലി ഹെവി റെയിൻഫാൾ എന്നൊന്ന് അതായത് 204.8 മില്ലീ മീറ്ററിന് മുകളിലെ മഴ ഈ ദിവസങ്ങളിലെ മുന്നറിയിപ്പുകളിൽ ഇല്ല.

ഓഗസ്റ്റ് പതിനഞ്ചിനാണ് അങ്ങനെയൊന്ന് വെബ്സൈറ്റിൽ വരുന്നത്. അന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും റെഡ് അലർട്ടും ആയിരുന്നു.  പക്ഷെ ഓഗസ്റ്റ് പതിനാല്  മുതൽ തന്നെ കേരളത്തിന്റെ പല സ്ഥലങ്ങളിലും മഴ തകർത്ത് പെയ്യുകയായിരുന്നു.  ഭരണകൂടം ശക്തമായ നടപടി എടുക്കേണ്ട തരത്തിലുള്ള മഴ കേരളത്തിൽ വരുന്നുണ്ടെന്ന സൂചന കാലാവസ്ഥ വകുപ്പ് നൽകിയിരുന്നു. പക്ഷെ അത് കേരളത്തെയാകെ മുക്കാൻ പോകുന്നൊരു പേമാരിയാണെന്ന് പതിനഞ്ചാം തീയതി വരെ അവർക്കും മനസ്സിലായോ എന്ന് സംശയമാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ചുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നോയെന്നത് മറ്റൊരു ചോദ്യം.

അർത്ഥം ഇതാണ്, നമ്മുടെ  കാലാവസ്ഥ പ്രവചനരീതികളിലും  അത് മനസ്സിലാക്കുന്നതിലും കാര്യമായ പിഴവുകൾ ഉണ്ട്.   ഇത് രണ്ടാം തവണയാണ് ഇക്കാര്യം തെളിയുന്നത്. നമ്മൾ എന്ന് പറഞ്ഞത് കാലാവസ്ഥ ഏജൻസിയെയും സർക്കാരിനെയും മാത്രം ഉദ്ദേശിച്ചതല്ല. ആധുനിക സമൂഹമെന്ന നിലയിൽ കേരളത്തെ ഒന്നാകെയാണ് പറഞ്ഞത്. അതിൽ മാധ്യമങ്ങളും പൊതുജനങ്ങളുമെല്ലാം ഉൾപ്പെടും. 

ദൂർദർശൻ മുതൽ ന്യൂസ് ചാനലുകളിൽ വരെ ഇന്നത്തെ കാലാവസ്ഥ  എന്നൊരു  പംക്തി ഉണ്ട്.  തിരുവനന്തപുരത്തെ കൂടിയ ചൂട്-കുറഞ്ഞ ചൂട്, കോഴിക്കോട് വിമാനത്താവളത്തിലെ കൂടിയ ചൂട്- കുറഞ്ഞ ചൂട്. ഇതുകൊണ്ട് ജനങ്ങൾക്ക് എന്താണ് ഗുണം? കോഴിക്കോട് വിമാനത്താവളത്തിൽ ചൂട് കൂടുതലായതിനാൽ ദുബായിലേക്ക് പോകുന്ന ആരെങ്കിലും കുട കൂടി എടുത്തേക്കാം എന്ന് കരുതാറുണ്ടോ? കേരളത്തിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാകും മഴയെ കുറിച്ചുള്ള പ്രവചനം. 38, 853 സ്ക്വയർ കിലോ മീറ്റർ ചുറ്റളവുള്ള കേരളത്തിൽ ഈ 'ചില സ്ഥലങ്ങളെ' കണ്ടെത്തണമെങ്കിൽ കവടി നിരത്തേണ്ടിവരും.

ദിവസത്തിന് ദിവസം കൊടുങ്കാറ്റും ചുഴലിക്കാറ്റും എത്തുന്ന അമേരിക്കയിലും കൊട്ടക്കണക്കിന് മഞ്ഞ് പെയ്തിറങ്ങുന്ന യൂറോപ്പിലും കാലാവസ്ഥ പ്രവചനത്തിലെ ഓരോ വാക്കിനും പ്രസക്തിയുണ്ട്. ജനങ്ങൾ അത് അങ്ങനെ എടുക്കുകയും ചെയ്യും. അവിടെത്തെ ചാനലുകളിൽ നിന്നാകണം നമ്മളും കാലാവസ്ഥ പ്രവചനം സ്വീകരിച്ചത്. പക്ഷെ നമുക്കത് വരുമാനത്തിനുള്ള ഒരു വഴി മാത്രമായിപ്പോയി. കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. നമുക്ക് അതേ വേണ്ടിയിരുന്നുള്ളൂ.

മഴ, ചുഴലിക്കാറ്റ്, ചൂട് തുടങ്ങി നിരവധി നിർണ്ണായക വിവരങ്ങൾ കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ് സൈറ്റ് നൽകുന്നുണ്ട്.  പക്ഷെ ഇതൊക്കെ മനസ്സിലാക്കാൻ ശാസ്ത്രജ്‌ഞൻമാർക്ക് മാത്രമെ കഴിഞ്ഞെന്ന് വരൂ. സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതമാക്കാൻ ശ്രമിക്കാം. മറ്റൊരു പ്രശ്നം, ശേഖരിക്കുന്ന വിവരങ്ങളൊന്നും വെബ്സൈറ്റിൽ സൂക്ഷിച്ച് വയ്ക്കുന്നില്ല എന്നതാണ്. അതായത് കേരളത്തിനായി ഓഗസ്റ്റ് 10 ന് നൽകിയ ജില്ലാ തല മുന്നറിയിപ്പിന്റെ റിപ്പോർട്ട്  ഇന്ന് കാണാൻ കിട്ടില്ല.  പുതിയ റിപ്പോർട്ട് വരുന്പോൾ പഴയത് നീക്കം ചെയ്യും. നേരത്തെയുള്ള വിവരങ്ങൾ നീക്കം ചെയ്യുന്നത് മനപ്പൂർവമാണെന്ന് ആരെങ്കിലും സംശയിച്ചാൽ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.

പ്രവചന  രീതിയും മാറണം. "ഇന്ന് ഇടുക്കി ജില്ലയിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്, ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത' എന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുവെന്ന് കരുതുക. 649 ചതുരശ്ര കിലോമീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. ഈ അതിശക്തമായ മഴ വൃഷ്ടിപ്രദേശത്താണോ, അതോ സ്പിൽവേക്ക് താഴെയാണോ എന്ന് 

എങ്ങനെ അറിയും? അതറിയാതെ ഡാം മാനേജ്മെന്റ് എങ്ങനെ സാധ്യമാക്കും? അതറിയാതെ ഡാമിലെ വെള്ളം തുറന്നുവിട്ടെന്ന് കരുതുക. സ്പിൽവേയ്ക്ക് താഴെയുള്ള പ്രദേശത്താണ് മഴ പെയ്യുന്നതെങ്കിൽ ഡാമിലെ വെള്ളവും മഴവെള്ളവും ചേർന്ന് ഇരട്ടി പ്രളയമാണ് ഫലം. കേരളത്തിലെ ഡാം മാനേജ്മെന്റിന്റെ പ്രശ്നങ്ങൾ തത്കാലം ഇവിടെ പറയുന്നില്ല. കാരണം അത് ഇതിനെക്കാൾ വലിയ ദീർഘോപന്യാസത്തിനുള്ള വകയാണ്.

മഴയുടെ അളവ് കണക്കാക്കുന്നത് എപ്പോഴും ശരാശരിയിലാണ്. ഇടുക്കി ജില്ലയിൽ തന്നെ കനത്ത മഴ കിട്ടുന്ന പ്രദേശങ്ങളും  താരതമ്യേന കുറഞ്ഞ മഴ കിട്ടുന്ന സ്ഥലങ്ങളും ഉണ്ടാകും. ഇതെല്ലാം കൂട്ടി, ശരാശരി കണക്കാക്കുന്പോൾ, ചില സ്ഥലങ്ങളിൽ  പെയ്ത പേമാരിയുടെ അളവ് തീരെ  കുറഞ്ഞുപോകും. നിലവിൽ ജില്ലാ അടിസ്ഥാനത്തിലുളള പ്രവചനമാണ് കാലാവസ്ഥ വകുപ്പ് കേരളത്തിൽ നൽകുന്നത്. അത് കുറഞ്ഞ വിസ്തൃതിയിലേക്ക് മാറണം. മേഘങ്ങൾക്ക് ജില്ലാഅതിർത്തികൾ ഇല്ലല്ലോ. ഇതിനുള്ള സാങ്കേതിക മികവുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് കാലാവസ്ഥ കേന്ദ്രം തന്നെയാണ്.

കാലാവസ്ഥ പ്രവചനം ചില്ലറക്കാര്യമല്ല

ശലഭത്തിന്റെ ചിറകടിക്ക് കൊടുങ്കാറ്റ് ഉണ്ടാക്കാൻ കഴിയുമോ? അതും ബ്രസീലിൽ പറക്കുന്ന ശലഭത്തിന് അമേരിക്കയിലെ ടെക്സസിൽ. പറ്റില്ലായിരിക്കും. പക്ഷെ, കാലാവസ്ഥ പ്രവചനമെന്ന കണക്കിലെ കളിയിൽ ശലഭത്തിന്റെ ചിറകടിയുടെ അത്ര ചെറിയ തോതിന് പോലും വലിയ പ്രാധാന്യമുണ്ട്. അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ  എഡ്‍വേഡ് ലൊറൻസാണ് ബട്ടർഫ്ലൈ എഫക്ട് എന്ന്  പൊതുവെ അറിയപ്പെടുന്ന കയോസ് തിയറി മുന്നോട്ടുവച്ചത്. കാലാവസ്ഥ മോഡലിൽ നൽകിയ അളവുകളിൽ ഒന്നിൽ വരുത്തിയ ചെറിയ വ്യത്യാസം, ഫലത്തിൽ വരുത്തിയ വലിയ മാറ്റത്തിന്റെ അന്ധാളിപ്പിലാണ് ലൊറൻസ്  സിദ്ധാന്തം മുന്നോട്ടുവച്ചത്.

മറ്റ് പല പരീക്ഷണങ്ങളിലും ഒരു ആനയുടെ ഭാരം കണക്കാക്കുന്പോൾ അതിന് മുകളിലിരിക്കുന്ന ഉറുന്പിനെ അവഗണിക്കാവുന്നതാണ്. പക്ഷെ കാലാവസ്ഥ പ്രവചനത്തിനാണ് നിങ്ങൾ ആനയുടെ ഭാരം എടുക്കുന്നതെങ്കിൽ ഉറുന്പിന്റെ ഭാരം അവഗണിക്കാനാകില്ല. അങ്ങനെ അവഗണിച്ചാൽ കിട്ടുന്ന ഫലം, യഥാർത്ഥ ഫലത്തെക്കാൾ വളരെ വ്യത്യാസപ്പെട്ടിരിക്കും. ആനയുടെ ഭാരം അളക്കുന്നത് ഒരു ഉദാഹരണമായി പറഞ്ഞുവെന്ന് മാത്രം. അന്തരീക്ഷ മർദ്ദം, താപം, ആർദ്രത പോലുള്ള അളവുകളാണ് കാലാവസ്ഥ പ്രവചനത്തിന് ആവശ്യം.

 ഒരു പ്രത്യേക സമയത്തെ വിവരങ്ങൾ ആദ്യ അളവായി സ്വീകരിച്ച്  ഭാവി എങ്ങനെയാകും എന്ന് പറയുന്നതാണ് കാലാവസ്ഥ പ്രവചനത്തിന്റെ രീതി. അന്തരീക്ഷത്തിലെ ഘടകങ്ങൾ എങ്ങനെ മാറുന്നു എന്ന് വിശദീകരിക്കുന്ന ഗണിത സമവാക്യങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ആദ്യഅളവുകൾ എത്ര കൂടുമോ അത്രയും കൃത്യത പ്രവചനത്തിന് ഉണ്ടാകും. ഇതിനായി കരയിലുള്ള കേന്ദ്രങ്ങൾക്ക് പുറമെ കാലാവസ്ഥ ബലൂണുകൾ, കടലിൽ സ്ഥാപിച്ചിട്ടുള്ള ബോയകൾ, കപ്പലുകൾ വിമാനങ്ങൾ എന്നിവയെയും ആശ്രയിക്കാറുണ്ട്.

ഉപഗ്രഹങ്ങളും പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡോപ്ലാർ റ‍ഡാറുകളും കാലാവസ്ഥ പ്രവചനത്തിന് ഇപ്പോൾ കൃത്യത കൂട്ടുന്നുണ്ട്. ഇനി എല്ലാ വിവരങ്ങളും ശരിയായാലും പ്രവചനം തെറ്റാനും ഇടയുണ്ട്. അതാണ് പ്രകൃതിയുടെ കളി.  ഉഷ്ണമേഖലയിലെ പ്രവചനം കൂടുതൽ സങ്കീർണമാണെന്നതും ഇന്ത്യൻ കാലാവസ്ഥ വകുപ്പിന് വെല്ലുവിളിയാണ്. എങ്കിലും കാലാവസ്ഥ പ്രവചനം കണക്കിലെടുക്കാതെ മുന്നോട്ട്പോകാൻ ഇനി കേരളത്തിനാകില്ല. കാലാവസ്ഥ പ്രവചകർ ചിത്രശലഭത്തിന്റെ ചിറകടിക്ക് വരെ കാതോർത്തേ മതിയാകൂ.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന ഓരോ മുന്നറിയിപ്പും മനസ്സിലാക്കാൻ കഴിയുന്ന ആളുകൾ സംസ്ഥാന തലത്തിൽ ഉണ്ടാകണം. ദുരന്തനിവാരണ അതോറിറ്റിയിലും, ഡാമുകൾ  നി‍ർമ്മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന  ജലവിഭവ വകുപ്പിലും കെഎസ്ഇബിയിലും  ഒക്കെ കാലാവസ്ഥ വിദഗ്ധർ വേണം. ഇപ്പോൾ ഉണ്ടെങ്കിൽ അവർ എന്ത് ചെയ്യുകയാണെന്ന് അന്വേഷിക്കണം.  

സർക്കാരും കാലാവസ്ഥ കേന്ദ്രവും സാങ്കേതിക സത്യങ്ങൾ  പറഞ്ഞ് തർക്കിച്ചിട്ട് കാര്യമില്ല. മനസ്സിലാകുന്ന രീതിയിൽ പരസ്പരം  വിവരങ്ങൾ കൈമാറാനും പ്രയോജനപ്പെടുത്താനും കഴിയണം. കാരണം സാങ്കേതിക വാദങ്ങൾ കൊണ്ട് തർക്കിച്ച് ജയിക്കാനേ കഴിയൂ, ജനങ്ങളുടെ ജീവൻ രക്ഷിക്കാനാവില്ല. പ്രവചനവും കണക്കുകളുമൊക്കെ ശാസ്ത്രജ്‌ഞർക്ക് മാത്രം അറിയുന്ന കാര്യങ്ങളായതിനാൽ, നമ്മൾ സാധാരണക്കാരെ ഇങ്ങനെ  മണ്ടൻമാരാക്കരുത്.

click me!