പൊളിറ്റിക്സിൽ ഏഴാം റാങ്ക് നേടിയിട്ടും കൃഷിയാണ് തന്റെ സ്വപ്നമെന്ന് പ്രസാദ് കരുതുന്നു. വീടിനോട് ചേർന്നുള്ള ഭൂമിയിൽ നാടനും അത്യുൽപ്പാദന ശേഷിയുള്ളതുമായ നൂറിലധികം ഇനങ്ങളിലുള്ള പച്ചക്കറി തൈകളാണ് ഈ കർഷകൻ ഉൽപ്പാദിപ്പിക്കുന്നത്.
ചാരുംമൂട്: ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദം നേടി, തേടിയെത്തിയ സർക്കാർ ജോലികൾ ഉപേക്ഷിച്ച് താമരക്കുളം കൊട്ടയ്ക്കാട്ടുശേരീൽ തയ്യിൽ കിഴക്കതിൽ പ്രസാദി(69) ന്റെ ജീവിതം ഉഴിഞ്ഞു വെച്ചത് കൃഷിക്കു വേണ്ടി. ചന്ദനം കൃഷിയിലും പ്രസാദ് മുന്നിലുണ്ട്. താമരക്കുളം പഞ്ചായത്തിൽ 12 സ്ഥലങ്ങളിലാണ് പ്രസാദിന്റെ നേതൃത്വത്തിൽ ചന്ദന തോട്ടം നിർമിച്ചത്. മറയൂരിൽ നിന്നും കൊണ്ടുവരുന്ന തൈകൾ കൃഷിയിടങ്ങളിലെത്തിച്ച് നട്ടു നൽകുകയും കൃഷിക്കാവശ്യമായ നിർദ്ദേശങ്ങളും നൽകുന്നു. അഞ്ച് വർഷക്കാലം ഗൾഫിൽ ജോലി ചെയ്തെങ്കിലും തന്റെ മേഖല കൃഷിയാണെന്ന തിരിച്ചറിവിൽ തിരികെ നാട്ടിലേക്ക് തിരികെ പോരുകയായിരുന്നു.
പൊളിറ്റിക്സിൽ ഏഴാം റാങ്ക് നേടിയിട്ടും കൃഷിയാണ് തന്റെ സ്വപ്നമെന്ന് പ്രസാദ് കരുതുന്നു. ഇതിനിടെ വനംവകുപ്പില്‍ ലഭിച്ച ജോലിയും പ്രസാദ് വേണ്ടെന്ന് വെച്ചു. വീടിനോട് ചേർന്നുള്ള ഭൂമിയിൽ നാടനും അത്യുൽപ്പാദന ശേഷിയുള്ളതുമായ നൂറിലധികം ഇനങ്ങളിലുള്ള പച്ചക്കറി തൈകളാണ് ഈ കർഷകൻ ഉൽപ്പാദിപ്പിക്കുന്നത്. രാജ്യത്തെ മുൻനിര വിത്തുൽപ്പാദകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി തൈകളും ഇവിടെയുണ്ട്. വെള്ളരി, പടവലം, പാവൽ, വെണ്ട, ചുരയ്ക്ക, വാഴ, ചീര ചേമ്പ്, വള്ളിച്ചീര, അഗത്തി ചീര, റെഡ് ലേഡി പപ്പായ, വിവിധ ഇനം മുളകിനങ്ങളും പഴവർഗ്ഗങ്ങളുടെ നിരവധി ഇനങ്ങളും, ഔഷധസസ്യങ്ങളും പ്രസാദിന്റെ തോട്ടത്തിൽ സമൃദ്ധം.
undefined
കൃഷിക്കായുള്ള ജൈവ വളക്കൂട്ടുകളും ഉണ്ടാക്കുന്നു. ടിയാൻ അഗ്രോ ആർക് എന്ന് പേരിട്ടിരിക്കുന്ന ഇവിടെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ടപെട്ട പച്ചക്കറിതൈകളും മറ്റും വാങ്ങാൻ എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സർക്കാർ പദ്ധതികൾക്കുൾപ്പെടെ ആവശ്യമായ തൈകൾ തേടി ആളെത്തുന്നുമുണ്ട്. സംസ്ഥാന ജില്ല തലത്തിൽ കർഷക അവാർഡുകൾ നേടിയവരും ഇദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ട്. കൊവിഡിന് ശേഷമാണ് വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് വിൽപ്പനയിലേക്ക് തിരിഞ്ഞത്. കൺസ്ട്രക്ഷൻ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള പ്രസാദ് കൃഷിയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ ക്ലാസ് എടുക്കുന്നതിനും സമയം കണ്ടെത്തുന്നു.
കർഷകന് എല്ലാ പ്രോത്സാഹനങ്ങളും നൽകി ഒപ്പം കൂടുന്ന ഇദ്ദേഹത്തിന് കൃഷി സംബന്ധിയായ ഒട്ടുമിക്ക പുസ്തകങ്ങളും മനപ്പാഠമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ഹൈടെക് ഫാമിന്റെ നടത്തിപ്പുകാരനായിരുന്ന പ്രസാദ് സ്വന്തമായി ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ കട തുടങ്ങിയാണ് വിറ്റഴിക്കുന്നത്. കൃഷിയെ സ്നേഹിക്കുന്നതിനോപ്പം നല്ലൊരു വായനക്കാരൻ കൂടിയ പ്രസാദിന്റെ പുസ്തക ശേഖരത്തിൽ വിശ്വസാഹിത്യ കൃതികളുൾപ്പെടെ ഇടം പിടിച്ചിട്ടുണ്ട്.
സാഹിത്യ കൃതികൾക്കും കാർഷിക ഗ്രന്ഥങ്ങൾക്കും വെവ്വേറെ ഇരിപ്പടവും ഒരുക്കിയാണ് പുസ്തകങ്ങളെ സംരക്ഷിക്കുന്നത്. പരന്ന വായനയിലൂടെ ലോകത്തെ അറിഞ്ഞും കൃഷിയേയും പുസ്തകങ്ങളെയും സ്നേഹിച്ചുമാണ് പ്രസാദിന്റെ ജീവിതം 1952ലെ ചരിത്രപ്രസിദ്ധമായ മേനി സമരത്തിൽ പങ്കെടുത്ത് പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായായ എൻ വാസുദേവന്റെ മകൾ പ്രസന്നയാണ് പ്രാസാദിന്റെ ഭാര്യ. നോർവെയിൽ സയന്റിസ്റ്റായ പ്രവ്ദ, ബിടെക് ബിരുദധാരി പ്രീന എന്നിവർ മക്കളാണ്. അഖിലേഷാണ് മരുമകൻ.