വിവാഹ ദിവസം വേദിയിലേക്ക് എത്തിയത് പോലീസ്; വരന്‍റെ പൂർവ്വ ചരിത്രം കേട്ട വധു വിവാഹത്തില്‍ നിന്നും പിന്മാറി

By Web Team  |  First Published Nov 26, 2024, 9:47 AM IST


വരന്‍റെ വിവാഹഘോഷയാത്ര വേദിയിലേക്ക് എത്തുന്നതിന് തൊട്ട് മുമ്പായി എത്തിയത് പോലീസ്. വിവരം അറിഞ്ഞ വധുവിന്‍റെ കുടുംബത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അപ്പോള്‍ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറി. 
 


വിവാഹ തട്ടിപ്പുകള്‍ ഇന്ന് സർവ്വസാധാരണമായിരിക്കുന്നു എന്നതിന് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിവാണ്. ഇന്ന് എല്ലാവിധ ആധുനീക സംവിധാനങ്ങളുമുണ്ടെങ്കിലും വിവാഹാലോചനയുമായി എത്തുന്ന ആളെ കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ നടത്താതെ നടക്കുന്ന വിവാഹങ്ങള്‍ പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ഗോരഖ്പൂരിലെ ഷാഹ്പൂർ പ്രദേശത്ത് നടക്കേണ്ടിയിരുന്ന വിവാഹം അവസാന നിമിഷമുണ്ടായ വെളിപ്പെടുത്തലിന് പിന്നാലെ വധുവിന്‍റെ കുടുംബം വേണ്ടെന്ന് വച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വിവാഹ വേദിയിലേക്കുള്ള വരന്‍റെ ഘോഷയാത്രയ്ക്ക് തൊട്ട് മുമ്പാണ് വധുവിന്‍റെ കുടുംബം വരന്‍റെ പൂര്‍വ്വകാല ചരിത്രം പോലീസില്‍ നിന്നും നേരിട്ട് മനസിലാക്കിയത്. ഇതോടെ വധുവിന്‍റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗോരഖ്പൂരിലെ ബിച്ചിയ സ്വദേശിയായ മഹേന്ദ്ര രാജ് ആയിരുന്നു ആ വിവാഹത്തിലെ വരന്‍.  എന്നാല്‍ കഴിഞ്ഞ ഏഴ് വർഷമായി ഇയാള്‍ ഷാഹ്പൂർ സ്വദേശിനിയായ ഒരു യുവതിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. മഹേന്ദ്ര രാജ് ഒരു ക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം കഴിക്കുകയും വാടക വീട്ടില്‍ തങ്ങള്‍ ഭാര്യാഭര്‍ത്തക്കന്മാരായി ജീവിക്കുകയുമായിരുന്നെന്ന് ഒരു യുവതി പോലീസ് സ്റ്റേഷനില്‍ വന്ന് പറഞ്ഞപ്പോഴാണ് മഹേന്ദ്രയുടെ കള്ളി പൊളിഞ്ഞത്. ഒരുമിച്ച് ജീവിക്കുന്നതിനിടെ യുവതി പല തവണ തന്‍റെ കുടുംബത്തെ കാണാനും തങ്ങളുടെ വിവാഹക്കാര്യം കുടുംബത്തെ അറിയിക്കണമെന്നും മഹേന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്തെല്ലാം പിന്നീടാകട്ടെയെന്ന് പറഞ്ഞ് മഹേന്ദ്ര ഒഴിയുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. 

Latest Videos

'വരനെ ആവശ്യമുണ്ട്'; മുംബൈ താജ് ഹോട്ടിലിന് സമീപം വിവാഹ ബയോഡാറ്റയുമായി യുവതി, വീഡിയോ വൈറല്‍

തങ്ങളുടെ വിവാഹകാര്യം രഹസ്യമാക്കി വച്ച മഹേന്ദ്ര ഇതിനിടെ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി യുവതി മനസിലാക്കി. ഇതേ കുറിച്ച് മഹേന്ദ്രയോട് ചോദിച്ചപ്പോള്‍ വിവരം പുറത്ത് പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു. ഒടുവില്‍ തന്‍റെ രണ്ടാം വിവാഹത്തിനായി മഹേന്ദ്ര വീട്ടില്‍ നിന്നും പോയതിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. പരാതി അന്വേഷിച്ച പോലീസ് യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും വിവാഹ വേദിയിലെത്തി വധുവിന്‍റെ വീട്ടുകാരെ വിവരം ധരിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ വധുവും കുടുംബവും നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹേന്ദ്രയെ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇയാള്‍ക്കെതിരെ വിവാഹ തട്ടിപ്പിന് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും മാധ്യമങ്ങളെ അറിയിച്ചു. 

റഷ്യ - യുക്രൈയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക്; യുദ്ധമുന്നണിയിലേക്ക് മൂർച്ചകൂടിയ ആയുധങ്ങൾ
 

click me!