തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടികൾ ഒഴുക്കിയ മസ്കിന് ഒരു തിരിച്ചടി കിട്ടിയപ്പോൾ ഒരു മടിയും കൂടാതെ ട്രംപ് ഒപ്പം നിന്നു. വൈറ്റ് ഹൌസ് അടക്കം പ്രസിഡന്‍റിന്‍റെ ആ പരസ്യപ്രചാരണത്തിന് ചരിത്രത്തിലാദ്യമായി കുട പിടിച്ചു. വായിക്കാം ലോകജാലകം.
മസ്കിന്‍റെ സ്വന്തം ടെസ്ലയുടെ ഓഹരി ആഗോള വ്യാപകമായി ഇടിഞ്ഞതോടെ മസ്കിന്‍റെ രക്ഷയ്ക്ക് അമേരിക്കൻ പ്രസിഡന്‍റ് തന്നെയെത്തി. വൈറ്റ്ഹൗസ് ടെസ്ലയുടെ പ്രദർശന വേദിയായി. ടെസ്ലകൾ നിരന്നു. പ്രസിഡന്‍റിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ വേണ്ടി. ചുവന്ന ടെസ്ലയാണ് ട്രംപിന് ഇഷ്ടപ്പെട്ടത്. ഇടതുപക്ഷ തീവ്രവാദികളാണ് മസ്കിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് പോസ്റ്റുമെത്തി. ഡമോക്രാറ്റുകളുടെ ഗൂഢാലോചന എന്നാണ് മസ്കിന്‍റെയും പ്രതികരണം. ഈ വൈറ്റ് ഹൗസ് പ്രദർശനം മസ്കിന് ഒരു മധുര പ്രതികാരം കൂടിയാണ്. ബൈഡനോടും ഡമോക്രാറ്റുകളോടുമുള്ള പ്രതികാരം.
പ്രസിഡന്‍റിന്‍റെ പരസ്യം
ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയില്ല അമേരിക്കൻ പ്രസിഡന്‍റ്. പക്ഷേ, പ്രശംസ വാരിച്ചൊരിഞ്ഞു. പൊതുവേ ഇലക്ട്രിക് വാഹനങ്ങളോട് വിരോധമാണ് ട്രംപിന്. ഫണ്ടൊക്കെ വെട്ടിച്ചുരുക്കി. പരിസ്ഥിതി വിനാശമോ ആഗോളതാപനമോ ട്രംപിന്‍റെ നിഘണ്ടുവിലില്ല. തള്ളിക്കളയുന്നതാണ് നയം. അതിന്‍റെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങളോടുള്ള അകൽച്ചയും. പക്ഷേ, തന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് കോടികൾ ചെലവഴിച്ച മസ്കിനോട് അകൽച്ച പറ്റില്ലെന്നത് വ്യക്തം. എങ്കിലും കടുത്ത കൈയായിപ്പോയി എന്നാണ് പൊതുപക്ഷം.
അമേരിക്കൻ പ്രസിഡന്‍റുമാർ അങ്ങനെ ഏതെങ്കിലുമൊരു ഉൽപ്പന്നത്തെ പരസ്യമായി പിന്തുണക്കാറില്ല. വൈറ്റ്ഹൗസ് അതിന്‍റെ വേദിയായിട്ടുമില്ല. 2017 -ൽ ട്രംപിന്‍റെ കൗൺസിലർ ഇവാൻക ട്രംപിന്‍റെ വസ്ത്രബ്രാൻഡ് വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടത് കുഴപ്പുമായി. സർക്കാർ എത്തിക്സ് ഓഫീസിൽ നിന്ന് കോൺവേയ്ക്ക് മുന്നറിയിപ്പ് കിട്ടി. ഇത്തവണ പക്ഷേ, ഒന്നുമുണ്ടായില്ല. പ്രസിഡന്‍റിന് എങ്ങനെ മുന്നറിയിപ്പ് കൊടുക്കാൻ. അതും വെട്ടിച്ചുരുക്കൽ വിദഗ്ധനായ മസ്കിന്‍റെ പേരിൽ. പക്ഷേ, വെട്ടിച്ചുരുക്കലാണോ കാരണമെന്ന് ഉറപ്പില്ലെങ്കിലും ടെസ്ലയുടെ ഓഹരിവില ഇടിഞ്ഞത് തിരിച്ചടിയാണ് മസ്കിന്.
നഷ്ടക്കണക്കുകൾ
ഈ വർഷം തുടക്കം മുതലേ ടെസ്ല ഓഹരികൾക്ക് ഇടിവാണ്. ഈ വർഷം ആകെ ഇടിഞ്ഞത് 45 ശതമാനം. ഒരൊറ്റ ദിവസം ഇടിഞ്ഞത് 15 ശതമാനം. ആവശ്യമനുസരിച്ച് വിതരണം ഉണ്ടാകില്ലെന്ന സംശയമാണ് കാരണമെന്നൊക്കെ അഭിപ്രായമുണ്ടെങ്കിലും വേറെയും പലതും സംഭവിക്കുന്നുണ്ട്. യൂറോപ്പിലെ വിൽപന അപ്പാടെ ഇടിഞ്ഞു. രാജ്യത്തെ ടെസ്ല സ്ഥാപനങ്ങളിൽ ജനം തള്ളിക്കയറി പ്രതിഷേധിക്കുന്നത് പതിവായിരിക്കുന്നു. കാറുകളും ചാർജിംഗ് സ്റ്റേഷനുകളും ആക്രമിക്കപ്പെടുന്നു. ഡമോക്രാറ്റുകൾ ടെസ്ലയെ അടുപ്പിക്കുന്നില്ല. ഡോജിന്‍റെ വെട്ടിച്ചുരുക്കൽ ടെസ്ലയെക്കൂടി രാഷ്ട്രീയ ചുഴിയിലേക്ക് വലിച്ചിഴച്ചിരിക്കുന്നു എന്നാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. അത് നല്ലതല്ല, ടെസ്ലക്ക് ദോഷം ചെയ്യും എന്ന് മുന്നറിയിപ്പുമുണ്ട്.
270 ബില്യൻ ട്രംപിന്‍റെ പ്രചാരണത്തിന് മസ്ക് ചെലവാക്കി. ഡിസംബറിൽ 479 ഡോളറായിരുന്ന ടെസ്ല ഓഹരി 230 -ലേക്ക് താഴ്ന്നു ഈ വർഷം. അതോടെ ടെസ്ല ജീവനക്കാർക്ക് നൽകിയിരുന്ന വില ഇളവ് ഇളവല്ലാതെയായി. പുതിയ ഓഹരികൾ നിക്ഷേപകർക്ക് നൽകി ഗവേഷണത്തിനും വികസനത്തിനും ഫണ്ട് കണ്ടെത്താൻ കഴിയാതെ വരും മസ്കിന്. 2020 -ൽ ഓഹരി വിറ്റാണ് ജർമ്മൻ ടെക്സസ് ഫാക്ടറികൾക്ക് പണം കണ്ടെത്തിയത്. വില കുറഞ്ഞതോടെ ഈ വഴി അടയും. വേറെയും പലതും തിരിച്ചടിക്കുന്നുണ്ട് മസ്കിന്. സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു. എക്സ് പലതവണ ക്രാഷായി. സൈബർ ആക്രമണമെന്ന് മസ്ക് പറയുന്നു. ഡോജിലും സ്വന്തം കമ്പനികളിലും ഒരുമിച്ച് ശ്രദ്ധിക്കാൻ മസ്കിന് കഴിയുന്നില്ലെന്നാണ് നിരീക്ഷണം. ഇതൊക്കെ നഷ്ടക്കണക്കുകളുടെ കൂട്ടത്തിലാണ്.
മധുരപ്രതികാരം
എന്തായാലും ട്രംപിന്‍റെ നടപടിയോടെ ഓഹരി വില കയറി. ദേശഭക്തനായ മസ്കിനെ ഉപദ്രവിക്കുന്നു. എല്ലാ റിപബ്ലിക്കൻ അംഗങ്ങളും ടെസ്ല വാങ്ങണം എന്നൊക്കെ ആഹ്വാനം ചെയ്തു ട്രംപ്. ഈ വൈറ്റ്ഹൗസ് ഇവന്‍റ് മസ്കിന് ഒരു മധുരപ്രതികാരമാണ്. 2021 -ൽ ജോ ബൈഡന്‍റെ കാലത്ത്, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇലക്ടിക് വാഹനക്കമ്പനി ഉടമകളെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. പുൽത്തകിടിയിൽ അവരുടെ കാറുകളും. ഫോർഡ്, ഷെവർലേ, ജീപ്പ്, പക്ഷേ മസ്കിനും മസ്കിന്‍റെ ടെസ്ലക്കും ക്ഷണം കിട്ടിയില്ല. വിചിത്രം എന്ന് ട്വീറ്റ് ചെയ്തു മസ്ക്. രാജ്യത്തെ പ്രമുഖ തൊഴിലാളി യൂണിയൻ അംഗങ്ങൾ ജീവനക്കാരായ കമ്പനികളെയാണ് ക്ഷണിച്ചതെന്ന് വിശദീകരിച്ചു വൈറ്റ്ഹൗസ്. അതിനുള്ള പകരം വീട്ടലായി ട്രംപിന്‍റെ പ്രത്യേക ക്ഷണം. പകരം വീട്ടലെന്ന് ഡമോക്രാറ്റുകളും സമ്മതിക്കുന്നു.ഈ ക്ഷണത്തിനും പ്രമോഷനും പകരം മസ്കിന്‍റെ വകയായി 100 മില്യൻ കൂടി ട്രംപിനും സംഘടനകൾക്കും കിട്ടും.
വെട്ടി നിരത്തി ഡോജ്
ഇതിനിടയിലും ഡോജിന്‍റെ വെട്ട് തുടരുകയാണ്. വിദ്യാഭ്യാസ വകുപ്പിൽ 1,300 പേരെ പിരിച്ചുവിട്ടു. 572 പേർ സ്വയം പിരിഞ്ഞുപോയി. പരിസ്ഥിതി ഏജൻസി നൽകിയിരുന്ന കാലാവസ്ഥാ ഗ്രാന്‍റിൽ 20 ബില്യന്‍റെ വെട്ട്. അടുത്തത് സോഷ്യൽ സെക്യൂരിറ്റി എന്നാണ് മസ്കിന്‍റെ മുന്നറിയിപ്പ്.
Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍
ഇടിയുന്ന സാമ്പത്തികം
നികുതിനയങ്ങളും മസ്കിന്‍റെ വെട്ടിച്ചുരുക്കലും എല്ലാം കൂടി ജനം ആശങ്കയിലാണ്. സാമ്പത്തികം തന്നെയാണ് പ്രശ്നം. എക്ണോമിക് ട്രാന്‍സിഷന്‍ (Economic Transition) എന്ന് ട്രംപ് പറയുന്നത് സത്യത്തിൽ സാമ്പത്തിക മാന്ദ്യമെന്നൊരു ആശങ്ക പരക്കുന്നുണ്ട്. സിഎൻഎൻ പോളിൽ 56 ശതമാനം അമേരിക്കക്കാരും ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ എതിർക്കുന്നു എന്നാണ് തെളിഞ്ഞത്. ഓഹരി വിപണി ആടിക്കളിക്കുകയാണ്. ഉയർന്നും താഴ്ന്നും.
പ്രസിഡന്‍റ് ട്രംപിന്‍റെ നയങ്ങൾ നടപ്പിലാകാൻ ഒരു ചെറിയ സാമ്പത്തിക ഇടിവ് വേണ്ടിവരും. പിന്നെ എല്ലാം ശരിയാകും എന്നാണ് സർക്കാർ പക്ഷം. മാറ്റത്തിന്‍റെ സമയം വേണം എന്ന് പ്രസിഡന്‍റും പറയുന്നു. പക്ഷേ, താൽകാലികമാണെങ്കിൽ കൂടി തിരിച്ചടികൾ കടുത്തതാണ്. മുൻ പ്രതിസന്ധികൾ ഉദ്ധരിച്ച് കണക്കുകൾ നിരത്തുന്നു വിദഗ്ധർ.ആരെയാണിതെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുക എന്നും. തൽകാലം നല്ല കാര്യങ്ങളല്ല ഒന്നും.
തിരിച്ചടിച്ച് ഗ്രീന്‍ലന്‍ഡ്
ഇതിനെല്ലാമിടെ ട്രംപിന്‍റെ ഗ്രീൻലൻഡ് മോഹത്തിന് ഒരു തിരിച്ചടി കിട്ടി. ഗ്രീൻലൻഡിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഡമോക്രാറ്റീറ്റ് പാർട്ടിയാണ്.ഡെൻമാർക്കിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന പാർട്ടിയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. വിജയിച്ച പാടെ നേതാവ് ജെൻസ് ഫ്രെഡറിക് നീൽസൺ അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഗ്രീൻലൻഡ് മോഹം തള്ളിക്കളഞ്ഞു.
'അമേരിക്കയും വേണ്ട, ഡെൻമാർക്കും വേണ്ട' എന്നാണ് നീൽസണിന്‍റെ പ്രഖ്യാപനം. ഡെൻമാർക്കിന്‍റെ കീഴിലുള്ള സ്വയംഭരണപ്രദേശമാണ് ഗ്രീൻലൻഡ്. 2009 -ലെ തുടങ്ങിയതാണ് സ്വാതന്ത്ര്യനീക്കം. പ്രമുഖ രാഷ്ട്രീയകക്ഷികളെല്ലാം സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നു. എങ്ങനെ നടപ്പാക്കുമെന്നതിൽ മാത്രമാണ് അഭിപ്രായ ഭിന്നത. 56,000 ആണ് ജനസംഖ്യ. പക്ഷേ, ലോക ശ്രദ്ധ നേടിയത് ഗ്രീൻലൻഡ് അമേരിക്കയുടെ ഭാഗമാകണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതോടെയാണ്. ഗ്രീൻലൻഡിലെ തെരഞ്ഞെടുപ്പിൽ പക്ഷേ, അതൊന്നും വിഷയമായില്ല.