കുട്ടികളെ ഉപേക്ഷിച്ച് വന്നാല്‍ വേറൊരാളുമായി കല്യാണം നടത്താം എന്നായിരുന്നു വീട്ടുകാരുടെ വക ഓഫര്‍. അമ്മ 'നോ' പറഞ്ഞു. എന്നിട്ട് ഞങ്ങളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു. അപ്പുറത്ത്, ഒരു കൂട്ടര്‍ സ്വത്തിനും വീടിനും വേണ്ടിയുളള പോരാട്ടം തുടങ്ങി കഴിഞ്ഞിരുന്നു. അവിടെയും അമ്മ തല കുനിച്ചില്ല.
സ്വന്തം ജീവിതം മക്കള്‍ക്കായി മാറ്റി വച്ചവളാണ് അമ്മ. പതിനാറു വര്‍ഷം ആരുടെയും പിന്തുണയില്ലാതെ, തലയുയര്‍ത്തി നിന്നവള്‍. പ്രതീക്ഷിക്കാതെ വന്നു കൊണ്ടിരുന്ന തിരിച്ചടികള്‍ നിരന്തരം ഉലയ്ക്കുമ്പോഴും മനസ്സിനെ പിടിച്ചുനിര്‍ത്തിയവള്‍. വിശ്വാസ വഞ്ചനകാരണം അവസാനത്തെ ഭൂമിയും വില്‍ക്കേണ്ടി വന്നവള്‍.
എപ്പോള്‍ ആലോചിക്കുമ്പോഴും അമ്മ എനിക്ക് ഒരതിശയമാണ്. ഇങ്ങനെയൊക്കെ മനുഷ്യര്‍ക്ക് ജീവിക്കാനാവുമോ? ഇങ്ങനെയൊക്കെ പൊരുതാനാവുമോ? ഇങ്ങനെയൊക്കെ അഗ്‌നിപരീക്ഷണങ്ങളെ അതിജീവിക്കാനാവുമോ?
കുട്ടിക്കാലത്ത് കണ്ടിരുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായാണ് ഞാനിന്ന് അമ്മയെ കാണുന്നത്. സത്യമാണ്, അമ്മയെപ്പോലൊരാളെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു നോവലിലും ഒരു സിനിമയിലും ഒരു ഐതിഹ്യത്തിലുമില്ല, ഇതുപോലൊരു സ്ത്രീ. അത്രയ്ക്ക് വ്യത്യസ്തയാണമ്മ. ചിറകുകള്‍ കൊഴിഞ്ഞിട്ടും കൂട് നഷ്ടപ്പെട്ടിട്ടും, തലയുയര്‍ത്തി ജീവിതത്തെ നേരിട്ട, മൂന്ന് പെണ്‍മക്കളെ ചിറകിനുള്ളിലൊതുക്കി സംരക്ഷിച്ച് മുന്നോട്ടേക്ക് നയിച്ച പോരാളി. ശരിക്കുമൊരു വണ്‍ വുമണ്‍ ആര്‍മി.
16 -ാം വയസ്സില്‍ അമ്മയുടെ കല്യാണം. വീട്ടിലെ ഒരേ ഒരു പെണ്ണ് ബാധ്യതയാണെന്ന് കരുതിയ കാലം. എല്ലാം തികഞ്ഞ ഒരു വീട്ടില്‍ ആരുമില്ലാത്തവളെ പോലെ കഴിയേണ്ടി വന്ന അവസ്ഥ. 15 വയസ്സിന് മുതിര്‍ന്ന ഒരാളുടെ കൂടെ ജീവിതമാരംഭിച്ച 16-കാരി. അതാലോചിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ അന്തംവിടും. അന്നേരമൊക്കെ അമ്മയോട് കൂടുതല്‍ സ്നേഹവും അതിലുപരി ബഹുമാനവും തോന്നും. സ്ത്രീ എന്ന നിലയില്‍ അമ്മ നടത്തിയ പോരാട്ടങ്ങളുടെ വ്യാപ്തി ഓര്‍ത്ത് ഞാനന്നേരം കൂടുതല്‍ കൂടുതല്‍ അതിശയിക്കും.
കൂട്ടുകുടുംബമായിരുന്നു അത്. ഒരുപാടു അംഗങ്ങളുള്ള വീടുകളില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ അതിന്റെ എല്ലാ തീവ്രതയിലും അമ്മ അനുഭവിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍, പ്രതിസന്ധികള്‍ക്കിടയില്‍, അനിവാര്യമായ ദുരന്തങ്ങള്‍ പലതും മുന്നിലെത്തി. അമ്മ പലപ്പോഴും തനിച്ചായി. മൂന്ന് മക്കളാണ് ഞങ്ങള്‍. മൂന്ന് പെണ്‍മക്കള്‍. ഞങ്ങള്‍ ഉണ്ടായതിനുശേഷം, അമ്മ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഞങ്ങളുടെ മുന്നിലും വന്നു. എങ്കിലും, അമ്മ കടന്നുപോയ ജീവിതാനുഭവങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍, ഈ വാക്കുകളെല്ലാം കണ്ണീരില്‍ കുതിരും. അമ്മ ഒരിക്കലും ആരെയും വെറുക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഉപദ്രവിക്കുന്നവരെ പോലും അതേ നാണയത്തില്‍ കൈകാര്യം ചെയ്തില്ല.
2009 ആഗസ്ത് 29-ന് അച്ഛന്‍ പോയി. ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെ വണ്ടിയിടിച്ച് മരിക്കുകയായിരുന്നു. 30-ാം വയസ്സില്‍ അമ്മ വിധവ ആയി. രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ് ഞാനന്ന്. മൂത്ത ചേച്ചി ഏഴാം ക്ലാസ്സില്‍. രണ്ടാമത്തെ ചേച്ചി ആറില്‍. പിന്നീടുള്ള ഞങ്ങളുടെ ജീവിതം, കൂടുതല്‍ നരകമായിരുന്നു. പകല്‍വെട്ടത്തില്‍ മനുഷ്യര്‍ മറച്ചുവെക്കുന്ന കറുത്ത മുഖങ്ങളെ ഞങ്ങള്‍ നിരന്തരം അഭിമുഖീകരിക്കേണ്ടിവന്നു. അപ്പോഴൊക്കെ അമ്മ വിദ്യാഭ്യാസത്തെ, പഠനത്തെ ചേര്‍ത്തുപിടിച്ച്, ഞങ്ങളെ ചിറകോട് ചേര്‍ത്ത് ദുരിതങ്ങളെ നിര്‍ഭയം നേരിട്ടു.
കുട്ടികളെ ഉപേക്ഷിച്ച് വന്നാല്‍ വേറൊരാളുമായി കല്യാണം നടത്താം എന്നായിരുന്നു വീട്ടുകാരുടെ വക ഓഫര്‍. അമ്മ 'നോ' പറഞ്ഞു. എന്നിട്ട് ഞങ്ങളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു. അപ്പുറത്ത്, ഒരു കൂട്ടര്‍ സ്വത്തിനും വീടിനും വേണ്ടിയുളള പോരാട്ടം തുടങ്ങി കഴിഞ്ഞിരുന്നു. അവിടെയും അമ്മ തല കുനിച്ചില്ല. അച്ഛനുള്ളപ്പോള്‍ ഉള്ളതുപോലായിരുന്നില്ല കാര്യങ്ങള്‍. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു വിധവയോടും മൂന്ന് പെണ്‍മക്കളോടും എന്തും ചെയ്യാമെന്ന് തോന്നുന്ന മനുഷ്യര്‍ ഒറ്റ ദിവസം കൊണ്ട് സ്വന്തം വിഷപ്പല്ലുകള്‍ പുറത്തെടുത്തു.
അമ്മ നിരന്തരം അവരോട് യുദ്ധം ചെയ്തു. തോറ്റുകൊടുക്കാതെ, മുന്നോട്ടേക്ക് നോക്കി പോരാട്ടം തുടര്‍ന്നു. ഉറ്റവരില്‍ പലരും ശത്രുക്കളായി. ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ മല്‍സരിച്ചു. ഒരു സുപ്രഭാതത്തില്‍, എല്ലാവരും ചേര്‍ന്ന് അമ്മയെയും ഞങ്ങളെയും ആ വീടിന്റെ പുറത്തേക്ക് ഇറക്കിവിട്ടു.
ഇനിയെന്ത് എന്ന ചോദ്യത്തിന്, ആത്മഹത്യ എന്ന ഉത്തരത്തിലേക്ക് സ്വഭാവികമായി എത്താവുന്ന സാഹചര്യം. പക്ഷേ, മരിക്കാനല്ല, ജീവിക്കാനായിരുന്നു അമ്മ തീരുമാനിച്ചത്. ജീവിക്കാനുള്ള അവകാശം അമ്മ മുറുക്കെപ്പിടിച്ചു. തലയുയര്‍ത്തിപ്പിടിച്ച് മൂന്ന് കുഞ്ഞുങ്ങളെ വളര്‍ത്തി. കൊടുക്കാവുന്നതില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ശ്രമിച്ചു. മൂത്ത ചേച്ചി ഇപ്പോള്‍ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലാണ്. അവളുടെ കല്യാണം കഴിഞ്ഞു. ഞാനും ചേച്ചിയും ഇപ്പോഴും പഠിക്കുന്നു.
കുടുംബ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നില്ല അമ്മ നേരിട്ടത്. ഭര്‍ത്താവ് ജാമ്യം നിന്ന് വരുത്തി വച്ച വലിയ കടങ്ങളുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു മുന്നില്‍. ഒപ്പം, കുട്ടികളെ വളര്‍ത്താനും ജീവിക്കാനുമുള്ള ചെലവുകള്‍. അമ്മ ഞങ്ങള്‍ക്കുവേണ്ടി രാപ്പകല്‍ അധ്വാനിച്ചു. ടീച്ചര്‍, തൊഴിലുറപ്പ് ജീവനക്കാരി, ശ്രീചിത്ര കാന്‍സര്‍ സെന്ററിലെ പ്രൊജക്റ്റ് അസിസ്റ്റന്റ്, വഞ്ചിയൂര്‍ കോടതിയിലെ ബെഞ്ച് ക്ലര്‍ക്ക്, പഞ്ചായത്ത് ഓഫീസ് ജോലി അങ്ങനെ പല വിധ ജോലികള്‍ ചെയ്തു. തോറ്റുകൊടുക്കാതെ, അമ്മ പൊരുതി. കാര്യപ്രാപ്തി കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ചു. ജീവിതം അമ്മയെ പലതും പഠിപ്പിച്ചിരുന്നു. അങ്ങനെയാണ് കൗണ്‍സലര്‍ ആയത്. തല്ലിപ്പിരിയാന്‍ വന്ന പത്തോളം ദമ്പതിമാരെ അമ്മ ഒരുമിച്ച് ചേര്‍ത്ത് മടക്കി അയച്ചു. പ്രതിഫലം പോലും വാങ്ങാതെ മറ്റുളളവര്‍ക്ക് മാത്യക ആയി.
സ്വന്തം ജീവിതം മക്കള്‍ക്കായി മാറ്റി വച്ചവളാണ് അമ്മ. പതിനാറു വര്‍ഷം ആരുടെയും പിന്തുണയില്ലാതെ, തലയുയര്‍ത്തി നിന്നവള്‍. പ്രതീക്ഷിക്കാതെ വന്നു കൊണ്ടിരുന്ന തിരിച്ചടികള്‍ നിരന്തരം ഉലയ്ക്കുമ്പോഴും മനസ്സിനെ പിടിച്ചുനിര്‍ത്തിയവള്‍. വിശ്വാസ വഞ്ചനകാരണം അവസാനത്തെ ഭൂമിയും വില്‍ക്കേണ്ടി വന്നവള്‍. ഒരു പിടി മണ്ണുപോലും സ്വന്തമായി ഇല്ലാഞ്ഞിട്ടും പിടിച്ചുനിന്നവള്‍. ജീവിതം അമ്മയ്ക്ക് കൊടുത്തത് കയ്പ്പ് നിറഞ്ഞ അനുഭവങ്ങളാണ്. എല്ലാവര്‍ക്കും നന്മ ചെയ്തിട്ടും കത്തി എരിയാന്‍ മാത്രം വിധിക്കപ്പെട്ടവള്‍.
അമ്മയ്ക്കറിയാം, ഒറ്റയ്ക്കല്ല ഇപ്പോഴെന്ന്. ഞങ്ങള്‍ മൂന്ന് പേരും അമ്മയ്‌ക്കൊപ്പം എല്ലാ അര്‍ത്ഥത്തിലുമുണ്ട്. ഞങ്ങള്‍ക്കായി ജീവിക്കുന്ന ഞങ്ങളുടെ അമ്മയാണ്. അവള്‍ തണല്‍ തേടി പോകുന്നവള്‍ അല്ല. സ്വയം തണലാവുന്നവളാണ്. ഭൂമിയിലെ ഏറ്റവും മനോഹരമായ തണല്‍മരം. അതാവണം, അമ്മയെ ദൈവം ഇത്രമാത്രം പരീക്ഷിക്കുന്നത്!
ജയ എന്നാണ് അമ്മയുടെ പേര്. തോല്‍ക്കാതിരിക്കുക എന്ന് 24 മണിക്കൂറും ഉരുവിട്ട് കൊണ്ട് ജീവിച്ച്, ചുറ്റുപാടുകളോട് പൊരുതി നില്‍ക്കുന്ന, ജയിച്ചുനില്‍ക്കുന്ന ഒരു സ്ത്രീയ്ക്ക് ഇതിലും ചേരുന്ന ഒരു പേര് വേറെന്താണുള്ളത്. പോരാട്ടം എന്ന വാക്കിന് എനിക്ക് കൊടുക്കാനാവുന്ന ഏറ്റവും കൃത്യമായ അര്‍ത്ഥമാണ് അമ്മ.
ഈ വാക്കുകളില്‍ ഒതുങ്ങില്ല അമ്മ തിന്ന തീക്കാറ്റുകള്‍, അമ്മ താണ്ടിയ കൊടുംവെയില്‍ദൂരങ്ങള്‍, അമ്മ വറ്റിച്ച കണ്ണീര്‍ക്കടലുകള്‍. ഇനി പറയൂ, അമ്മ ശരിക്കും അല്‍ഭുതമല്ലേ?
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം