മാന്നാറിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
മാന്നാർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും കോടികൾ തട്ടിയെടുത്ത യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശിയും ഇരമത്തൂർ ഐക്കര ജംങ്ഷന് സമീപം വാടകക്ക് താമസിക്കുന്ന ഹനീഫ് (42)ആണ് അറസ്റ്റിലായത്. ഖത്തറിലെ എഎച്ച്ടി എന്ന കമ്പനിയിലേക്കും, ഷാർജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും ഡ്രൈവർ, സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, സ്റ്റോർ കീപ്പർ, ഓട്ടോമൊബൈൽ മെക്കാനിക് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേര് തട്ടിപ്പിനിരയായതായിട്ടാണ് അറിയുന്നത്. സമൂഹമാധ്യമങ്ങൾ വഴിയും ഇടനിലക്കാർ വഴിയും ഉദ്യോഗാർത്ഥികളെ കണ്ടെത്തി വിദേശ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഓഫർ ലെറ്ററുകളും മറ്റും നൽകി ഘട്ടം ഘട്ടമായി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നൽകിയവർ മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ ഉടൻതന്നെ എല്ലാം ശരിയാകും എന്ന് മറുപടി ലഭിച്ചു.
എന്നാൽ പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി മനസിലാക്കി. ഇതിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർ ഹനീഫിനെ അന്വേഷിച്ച് പല തവണ മാന്നാറിലെ വാടക വീട്ടിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ല. തുടർന്ന് ഇവർ വീടിന് മുൻപിൽ നിലയുറപ്പിച്ചു. ഇതറിഞ്ഞ ഹനീഫ് കൂടെയുള്ള സഹായികളുടെ ഫോണിൽ നിന്നും ഇവരെ ബന്ധപ്പെട്ട് താൻ അടുത്ത ദിവസം തന്നെ നാട്ടിൽ എത്തുമെന്നും പണം ഉടൻതന്നെ തിരികെ നൽകാമെന്നും പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന് ഇവരെ കേസിൽ പെടുത്തുമെന്നും പണം ലഭിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തട്ടിപ്പിനിരയായ ആളുകൾ പറഞ്ഞു.
ഇതോടെ പണം നഷ്ടപ്പെട്ടവർ മാന്നാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ചെന്നിത്തല സ്വദേശി ജിതിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ചിരുന്ന ആഡംബര കാറും പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൂടാതെ പ്രതി താമസിച്ചിരുന്ന തിരുവനന്തപുരത്തെയും മാന്നാറിലെയും വാടകവീടുകളിൽ നിന്നും നിരവധി ആളുകളുടെ പാസ്പോർട്ടുകളും, ഓഫർ ലെറ്ററുകളും, വ്യാജ രേഖകൾ തയ്യാറാക്കിയിരുന്ന പ്രിന്ററും പൊലീസ് കണ്ടെടുത്തു. മാന്നാർ പൊലീസ് സബ് ഇൻസ്പെക്ടർ അഭിരാം സി എസ്, ഗ്രേഡ് എസ്ഐ സുധീപ്, എ എസ്ഐ റിയാസ്, സീനിയർ സിപിഒ മാരായ സുധീഷ്, അജിത്ത്, സിപിഒ മാരായ ഹരിപ്രസാദ്, അഭിരാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധിപേരാണ് മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.