കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം

By Web TeamFirst Published Oct 30, 2024, 12:57 PM IST
Highlights

പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുൽത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. 22 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

കൊച്ചി: എറണാകുളം കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം. 22 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുൽത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. ബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം 30 ൽ അധികം യാത്രക്കാരുണ്ടായിരുന്നു. തൊട്ടടുത്ത ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരിൽ ഒരാളായ നസീറയാണ് മരിച്ചത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. സൺറൈസ് ആശുപത്രിയിൽ ഏഴും മെഡിക്കൽ കോളേജിൽ രണ്ട് പേരുമാണ് ചികിത്സയിലിലുള്ളത്. ഇതിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!