സ്വപ്നങ്ങൾക്ക് നിറം പകർന്ന് കണ്ടക്ടറായ അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ

By Web TeamFirst Published Oct 30, 2024, 1:58 PM IST
Highlights

സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി എംഎസ്‍സി ക്രിമിനോളജിയിൽ ട്രിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്. 

തൃശൂർ: കണ്ടക്ടറായ അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ സ്വർണ മെഡലോടെ ചരിത്ര വിജയം നേടിയിരിക്കുകയാണ് അനഘ. കെഎസ്ആർടിസി കണ്ടക്ടറായ എം ജി രാജശ്രീയാണ് മകളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൂടെ നിന്നത്. തിരുനെൽവേലി മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‍സി ക്രിമിനോളജി ആന്‍റ് ക്രിമിനൽ ജസ്റ്റിസ് സയൻസിലാണ് മൂന്ന് സ്വർണ മെഡലുകളോടെ അനഘ പഠനം പൂർത്തിയാക്കിയത്. 

കെഎസ്ആർടിസി തൃശൂർ  ഡിപ്പോയിലെ കണ്ടക്ടറാണ്  രാജശ്രീ. അമ്മയുടെ ഒരൊറ്റ വരുമാനത്തിലാണ് മക്കളായ അനഘയെയും പ്ലസ് വണ്‍ വിദ്യാർത്ഥിയായ അനഞ്ജയെയും പഠിപ്പിക്കുന്നത്. 92 ശതമാനം മാർക്കോടെയാണ് അനഘ എംഎസ്‍സി പൂർത്തിയാക്കിയത്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥി എംഎസ്‍സി ക്രിമിനോളജിയിൽ ട്രിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസ്സായ 33821 വിദ്യാർത്ഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർത്ഥി കൂടിയാണ് അനഘ.

Latest Videos

ഒക്ടോബർ 26 ന് തമിഴ്നാട് ഗവർണർ ആർ എൻ രവി ബിരുദദാനം നിർവഹിച്ചു. തൃശ്ശൂർ സെന്‍റ് തോമസ് കോളേജിൽ നിന്നാണ് അനഘ ബിരുദം നേടിയത്. ചരിത്ര വിജയം നേടിയ അനഘയെ കെഎസ്ആർടിസി അഭിനന്ദിച്ചു. 

click me!