കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ തര്‍ക്കം; പിടിച്ചുമാറ്റാനെത്തിയ യുവാവിനെ ആക്രമിച്ച 3 പേർ അറസ്റ്റിൽ

മൂവരും കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് യുവാവിന്‍റെ തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Argument during Kavadi festival at Kattoor temple three arrested for attacking youth

തൃശൂർ: ഇരിങ്ങാലക്കുട കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് സ്വദേശികളായ കിരണ്‍ (37), വിപിന്‍ (39), കാട്ടൂര്‍ സ്വദേശി ഗോകുല്‍ (18) എന്നിവരാണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് കാട്ടൂര്‍ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടായി. തുടര്‍ന്ന് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച നരിക്കുഴി ദേശത്ത് സജിത്ത് (43) എന്നയാളെയാണ് കിരണ്‍, വിപിന്‍, ഗോകുല്‍ എന്നിവർ ചേർന്ന് ആക്രമിച്ചത്. പള്ളിവേട്ട നഗറിനു സമീപത്ത് വച്ച് മൂവരും കയ്യിലുണ്ടായിരുന്ന കരിങ്കല്ല് കൊണ്ട് സജിത്തിന്‍റെ തലയിലും മുഖത്തും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Latest Videos

സംഭവത്തിനു ശേഷം  ഒളിവില്‍ പോയ പ്രതികളെ കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളില്‍ ഇവര്‍ ജില്ല വിട്ട് പുറത്തു പോയെന്ന് മനസിലായി. തുടർന്ന് ഇവരെ പിടികൂടാൻ പൊലീസ് വ്യാപക അന്വേഷണം നടത്തി. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാഹി പൊലീസിന്‍റെ സഹായത്താല്‍ മാഹിയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. 

കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആര്‍, പ്രൊബേഷന്‍ എസ് ഐ സനദ് സി, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു ജോര്‍ജ്, നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പിടിയിലായവരിൽ കിരണ്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസുകളിലെയും ഇരിങ്ങാലക്കുട  പൊലീസ് സ്റ്റേഷനില്‍  തട്ടിപ്പ് കേസിലെയും പ്രതിയാണ്. വിപിന്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസിലെ പ്രതിയാണ്.

5 ലക്ഷം നൽകി നടരാജ പഞ്ചലോഹ വിഗ്രഹം വാങ്ങി, തട്ടിപ്പ് മനസ്സിലായത് ജ്വല്ലറിയില്‍ പരിശോധിച്ചപ്പോൾ; 2 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!