പൂർണമായും പ്രശ്‌നരഹിതമായിരിക്കും സംരംഭങ്ങൾ എന്ന ധാരണ വേണ്ട. പക്ഷേ അവയെ മറികടക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും
തിരുവനന്തപുരം: കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38 ശതമാനം വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൂർണമായും പ്രശ്‌നരഹിതമായിരിക്കും സംരംഭങ്ങൾ എന്ന ധാരണ വേണ്ട. പക്ഷേ അവയെ മറികടക്കാനുള്ള സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. വെളിച്ചെണ്ണ, പ്രാദേശിക വിഭവമായ ചക്കയുടെ ഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകളുണ്ട്. കേരളത്തിൽ നിരവധി പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വലിയ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇവയൊക്കെയും സംരംഭകർ പ്രയോജനപ്പെടുത്തണം.
അവരവരുടെ പരിചിതമേഖലയ്ക്ക് അനുസരിച്ചായിരിക്കണം സംരംഭങ്ങൾ ആരംഭിക്കേണ്ടത്. എടുത്തുചാടി സംരംഭങ്ങൾ ആരംഭിക്കരുത്, അതിനാവശ്യമായ പഠനങ്ങൾ നടത്താനും തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തിയവർക്കായി ചെറുകിട/ ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെഎസ്‌ഐഡിസി) സഹകരിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരള നടപ്പിലാക്കുന്ന ''സംരംഭം'' പദ്ധതി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി.
കേരളത്തിലെ എട്ട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ എസ്. ഹരികിഷോർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംരംഭം പദ്ധതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികൾ, സ്റ്റേക്ക്‌ഹോൾഡർമാർ, നോർക്ക ഭാരവാഹികൾ കൂടാതെ പ്രവാസി ഫോറം പ്രതിനിധികൾ എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും വിദഗ്ധരുമായുള്ള ഇന്ററാക്ടിവ് സെഷനും സംഘടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം