Malayalam Poem: കുമറ്ന്ന്, സുരേന്ദ്രന്‍ കാടങ്കോട് എഴുതിയ കവിത

By KP Rasheed  |  First Published Dec 12, 2024, 5:23 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേന്ദ്രന്‍ കാടങ്കോട് എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


കുമറ്ന്ന്*

ദേശീയപാതയിലെ
ചെറിയ ബസ് സ്റ്റോപ്പിനടുത്ത്
മീന്‍വില്ക്കാനിരിക്കുന്നു
തമ്പായേട്ടി
ഉച്ചിയില്‍ സൂര്യന്‍
കത്തിജ്ജ്വലിക്കുന്നു.

undefined

ഇത്രനാളും
പുഴയിലോ കടലിലോ
ആയതിനാലാകണം, മീനുകള്‍
വെന്തുപൊരിയാകാതെയിരിക്കുന്നത്
അതല്ലെങ്കില്‍
തമ്പായേട്ടിയുടെ വിയര്‍പ്പൊഴുകി
മീന്‍വട്ടി ഒരു കടലായെന്നിരിക്കണം!


ദേശീയപാതയിലെ
ഇടത്തരം ഹോട്ടലിനടുത്ത്
ഊണ്‍ തയ്യാര്‍ എന്ന ബോര്‍ഡ്
പിടിച്ചുകൊണ്ട് നില്ക്കുന്നു
കുമാരേട്ടന്‍
ബോര്‍ഡുകൊണ്ട്
സൂര്യനെ മറക്കാനാവാതെ.

ഉണങ്ങി വീഴാറായ
മെലിഞ്ഞ ആ മരത്തെ
ചൂടും പൊടിയും
ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.

ആ മരം വീഴാതിരിക്കുന്നത്
വീട്ടില്‍ ഒരു കുഞ്ഞോ അമ്മയോ
അങ്ങനെ പലരും
ഉണ്ടായിരിക്കുന്നതിനാലാണ്.


ദേശീയപാതയിലെ
ആളൊഴിഞ്ഞ പറമ്പില്‍
കളിമണ്‍ പ്രതിമകള്‍ക്കിടയില്‍
പേരറിയാതൊരു നാടോടി സ്ത്രീ,
സാരിത്തലപ്പുകൊണ്ടു
സൂര്യനെ തടയാന്‍ ശ്രമിച്ച്.

 ദൈവങ്ങളുടെ മുഖമുള്ള
ശില്പങ്ങള്‍ വെയിലില്‍  ജ്വലിക്കുന്നു
തോറ്റുകൊടുക്കാനില്ലെന്ന മട്ടില്‍
ആ സ്ത്രീയുടെ മുഖം
മറ്റൊരു സൂര്യനാകുന്നതു നോക്കൂ!

.........................................................

*കുമറ്ന്ന് - വിയര്‍ക്കുന്നു

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!