പല ദേശം, പല കര, പല കടല്‍, പല കാട്; വിനയചന്ദ്രന്‍ കവിതകളിലെ വാസവും പ്രവാസവും

By Pusthakappuzha Book Shelf  |  First Published Nov 29, 2024, 3:07 PM IST

വിദേശത്ത് താമസിച്ചില്ലെങ്കിലും പ്രവാസി എന്ന് സാമാന്യ അര്‍ത്ഥത്തില്‍ പറയാനാവില്ലെങ്കിലും, പ്രവാസം കവിതയുടെ മുഖമദ്രയാക്കി മാറ്റിയ ഏകാകിയായ സഞ്ചാരിയാണ് ഡി വിനയചന്ദ്രന്‍-ഡോ. ഗീതു പൊറ്റെക്കാട്ട് എഴുതുന്നു
 


ഓരോ യാത്രയും വീടിനെക്കുറിച്ചുള്ള വ്യഥയിലോ അന്വേഷണത്തിലോ ഓര്‍മ്മകളിലോ ചെന്നെത്തി നില്‍ക്കുന്നതായി കാണാം. എല്ലാ യാത്രകള്‍ക്കുമൊടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താന്‍ കവി കൊതിച്ചു. ചിലപ്പോള്‍ കവിതകള്‍ തന്നെ യാത്രയും കവിതകള്‍ തന്നെ വീടുമായി മാറുന്നു.  

 

Latest Videos

ഡി വിനയചന്ദ്രന്‍

 

ജന്മദേശം വിട്ട് മറ്റൊരു ദേശത്ത് ജീവിക്കുക എന്ന സാമാന്യ അര്‍ത്ഥത്തിലാണ് പ്രവാസം എന്ന പദം ഉപയോഗിച്ചു വരുന്നത്. എന്നാല്‍, പ്രവാസം എന്ന പദത്തെ സങ്കീര്‍ണ്ണമാക്കുകയാണ് പുതുകാലം. ദേശം, വിദേശം എന്നീ സംജ്ഞകള്‍ക്ക് അര്‍ത്ഥഭേദം സംഭവിച്ചു. ദേശാതിര്‍ത്തികളെ അപ്രസക്തമാക്കുന്നവിധം ആഗോളീകരണം സംഭവിച്ചു. ലോകം ഒരു ചെറുഗ്രാമമാവുന്നിടത്ത് അതിര്‍ത്തി എന്ന പരികല്‍പ്പന തന്നെ മാറി. ഇതോടൊപ്പമാണ് ഇന്റര്‍നെറ്റാനന്തര കാലം മുന്നോട്ടുവെയ്ക്കുന്ന പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ വേരൂന്നുന്ന ജീവിതസാഹചര്യങ്ങള്‍. 

അക്ഷരാര്‍ത്ഥത്തില്‍ വാസവും പ്രവാസവും സങ്കീര്‍ണ്ണമാവുന്ന കാലം. നഗരകേന്ദ്രിത ജനസഞ്ചാരങ്ങള്‍ വര്‍ദ്ധിച്ചു വന്നു. തൊഴിലും ഉയര്‍ന്ന വരുമാനവും മുന്നില്‍ കണ്ട് ഒരുപാട് പേര്‍ പ്രവാസജീവിതം തെരഞ്ഞെടുത്തു. പ്രവാസിയെ സംബന്ധിച്ചിടത്തോളം വ്യക്തിസ്വത്വത്തിന്റെ ഭാഗമായ ബന്ധങ്ങള്‍, വിട്ടുപോന്ന ദേശത്തിന്റെ ആഘോഷങ്ങള്‍, രുചികള്‍ എന്നിവയുടെയെല്ലാം നഷ്ടം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥ സ്വത്വപ്രതിസന്ധിയിലേക്ക് നയിക്കുന്നു. സ്വന്തം അനുഭവത്തിലെ പ്രാദേശിക ഇടങ്ങളെ തിരിച്ചറിയുകയും തിരിച്ചുപിടിക്കുകയും വീണ്ടെടുക്കുകയും ചെയ്യാനുള്ള ഉപാധിയാണ് അവര്‍ക്ക് സര്‍ഗ്ഗസൃഷ്ടി. ഭൂതവര്‍ത്തമാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, അനുഭവവും ഗൃഹാതുരതയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവയെല്ലാം ഇതിന് ആക്കം കൂട്ടി. 

സ്വന്തം ജീവിത സാഹചര്യങ്ങള്‍ മാറുന്നതോടൊപ്പം സ്വന്തമായ ഇടങ്ങളില്‍ നിന്ന് സ്വയം മാറുന്ന ഘട്ടത്തിലും സാംസ്‌ക്കാരിക സംക്രമണം ഉണ്ടാകുന്നു. ഒന്നില്‍ നാടാണ് മാറുന്നതെങ്കില്‍, മറ്റൊന്നില്‍ വൈയക്തികമായ പറിച്ചു നടലാണ്. ആധുനികതയുടെ സാംസ്‌ക്കാരിക പരിസരം ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്നതിനാല്‍, പ്രവാസത്തിന്റെ എല്ലാ വശങ്ങളെയും ഉള്‍ക്കൊണ്ടുള്ള സൃഷ്ടികള്‍ ആധുനിക മലയാള സാഹിത്യത്തില്‍ കാണാം. എ. അയ്യപ്പന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങി ഒട്ടേറെ കവികള്‍ പ്രവാസത്തെ ആധുനികതയുടെ സുപ്രധാന ഘടകങ്ങളിലൊന്നാക്കി മാറ്റി. അവരില്‍ വേറിട്ടുനില്‍ക്കുന്ന എഴുത്തുകാരനാണ് ഡി വിനയചന്ദ്രന്‍. 

നാട്ടില്‍ താമസിച്ച പ്രവാസി

വിദേശത്ത് താമസിച്ചില്ലെങ്കിലും പ്രവാസി എന്ന് സാമാന്യ അര്‍ത്ഥത്തില്‍ പറയാനാവില്ലെങ്കിലും, പ്രവാസം കവിതയുടെ മുഖമദ്രയാക്കി മാറ്റിയ ഏകാകിയായ സഞ്ചാരിയാണ് ഡി വിനയചന്ദ്രന്‍. വിട്ടുപോന്നിടവും വന്നുചേര്‍ന്നിടവും തമ്മിലുള്ള മുഖാമുഖങ്ങളാണ് അദ്ദേഹത്തിന്റെ കവിതകളിലെ പ്രവാസസൂക്ഷ്മതകളെ അനുഭവസാന്ദ്രമാക്കുന്നത്. സ്വദേശമായ കൊല്ലം ജില്ലയിലെ കല്ലടയില്‍നിന്നും കോട്ടയത്തേക്കോ തലശ്ശേരിയിലേക്കോ കേരളത്തിലെ മറ്റു നഗരങ്ങളിലേക്കോ പറിച്ചുനടപ്പെട്ട ജീവിതത്തിനുള്ളില്‍നിന്നുകൊണ്ട് അദ്ദേഹം മനസ്സാലെ ജന്‍മദേശത്ത് താമസിച്ചു. ഇന്നാട്ടിലായിരിക്കുമ്പോഴും പല ദേശകാലങ്ങളില്‍ ചെന്നുപാര്‍ത്തു. പല ഗ്യാലക്‌സികളിലേക്ക് മനസ്സാ യാത്രപോയി. ശാസ്ത്രത്തെയും പാരമ്പര്യത്തെയും ഒരേ കൈക്കുമ്പിളില്‍ ചേര്‍ത്തുവെച്ചു. യാത്രകളോ ദേശത്തിനകത്തുതന്നെയുള്ള കുടിപാര്‍പ്പുകളോ ആയിരുന്നു അദ്ദേഹത്തിന്റെ കവിതകളെ പ്രവാസിയുടെ മാനസിക സംഘര്‍ഷങ്ങളില്‍ കൊണ്ടുകെട്ടിയത്. വിട്ടുപോന്നിടത്തേക്ക് പായുന്ന മനസ്സിനെ മെരുക്കാനോ ഭാവനയാല്‍ അത്തരമൊരു ശ്രമം സാധ്യമാക്കാനോ വിനയചന്ദ്രന്റെ കവിതകള്‍ സദാ ശ്രമിച്ചു. 

'വീട്ടിലേക്കുള്ള വഴി' എന്ന കവിത പേരു സൂചിപ്പിക്കുന്നതുപോലെ വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ചൊരാള്‍ക്കു മുന്നില്‍ ഒരേസമയം ലക്ഷ്യവും മാര്‍ഗവുമായി പ്രത്യക്ഷപ്പെടുന്ന വീട്ടിലേക്കുള്ള വഴിയാണ്. യാത്രയുടെയും പ്രവാസത്തിന്റെയും ആഴക്കലക്കങ്ങള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും നിറഞ്ഞുനില്‍ക്കുന്നു.

വീട്ടിലേക്കെന്നു പോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍
പടിവാതിലോളം പറന്നുമറയുന്ന
കൊച്ചരിപ്രാവ് കലണ്ടറില്‍
ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍
(വീട്ടിലേക്കുള്ള വഴി)

എന്നാണ് വീട്ടിലേക്ക് പോകുന്നത് എന്ന് ചുറ്റിലും നിന്ന് ഓരോരുത്തരും ചോദിക്കുന്നതായി കവിയ്ക്ക് തോന്നുന്നു. പ്രണയം, വിഷാദം, വിരഹം ഇങ്ങനെ വീടും നാടും സമ്മാനിച്ച ഗൃഹാതുര സ്മരണകള്‍ തിരിച്ചു പോക്കിനായുള്ള ആക്കം കൂട്ടുന്നുമുണ്ട്. തന്റെ യാത്രകളില്‍ തനിക്കു തണലേകിയ ഇടങ്ങളെയെല്ലാം, തന്റെ താവളങ്ങളെയെല്ലാം വീടായി കാണുകയാണ് കവി. കാട്ടുവഴികള്‍, കടത്തിണ്ണകള്‍, റെയില്‍വേ സ്റ്റേഷന്‍, സത്യാഗ്രഹപ്പന്തല്‍ ഇവിടെയെല്ലാം അന്തിയുറങ്ങിയ ദിനരാത്രങ്ങളാണ് വീട്ടിലേക്കുള്ള തന്റെ യാത്രയ്ക്ക് പ്രേരകമായത് എന്ന് കവി അടയാളപ്പെടുത്തുന്നു.

''ഇന്നുവരും മകനെന്നു പടിപ്പുര
ത്തിണ്ണയില്‍ കണ്ണുന്നട്ടമ്മയിരിക്കുമോ?'' (2018,197).

തനിക്കുള്ള അത്താഴം മൂടിവെച്ച് കാത്തിരിക്കുന്ന അമ്മയുടെ ചിത്രം കവിയ്ക്ക് വീടണയാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. നാഗരികതയുടെ മടുപ്പിക്കുന്ന വലയത്തില്‍ കുടുങ്ങി തനിക്കന്യമായിത്തീര്‍ന്ന സ്‌നേഹത്തെക്കുറിച്ച് കവി ദുഃഖത്തോടെ ഓര്‍ക്കുന്നു. കിളിയുടെ മരണശേഷം കൂടു നഷ്ടമായി അലയേണ്ടി വരുന്ന കിളിക്കൊഞ്ചലിനോടാണ് തന്റെ മാനസികാവസ്ഥയെ കവി ഉപമിക്കുന്നത്. വീട്ടില്‍ നിന്നുള്ള മടങ്ങിപ്പോക്കില്‍ കവി കൈമുതലായി കരുതുന്നത് ഊരിലെ പണവും ഗംഗയില്‍ നിന്നു മുങ്ങിയെടുത്ത നൂറ്റെട്ട് ശിലകളും അമ്മൂമ്മ സമ്മാനിച്ച സന്ധ്യാനാമവും അപ്പൂപ്പനോഹരിയായ് തന്ന രാമായണം കിളിപ്പാട്ടും അമ്മ നല്‍കിയ വെള്ളിക്കൊലുസും വിശ്വാസവും പ്രാര്‍ത്ഥനാമന്ത്രവുമൊക്കെയാണ്. ഈ ഘട്ടത്തില്‍ യാത്ര എന്ന ബിംബത്തിന് വിവിധ അര്‍ത്ഥതലങ്ങള്‍ ലഭിക്കുന്നു. വീട്ടില്‍ നിന്നോ വീട്ടിലേക്കോ ഉള്ള യാത്ര മാത്രമല്ല അത്, ചില വിശ്വാസങ്ങളുടെ, പ്രാര്‍ത്ഥനകളുടെ പിന്‍ബലത്തോടെയുള്ള മഹാപ്രസ്ഥാനത്തെക്കൂടി യാത്ര എന്ന ബിംബം ഉള്‍ക്കൊള്ളുന്നു. എന്റെയെന്ന ബോധത്തില്‍ നിന്നും എന്റേതല്ലെന്ന അതീത ചിന്തയിലേക്ക് യാത്രകള്‍ കവിയെ കൊണ്ടെത്തിക്കുന്നു. ഇവിടെ യാത്രയുടെ ബിംബം ഭൗതിക ജീവിതയാത്രകളില്‍ നിന്നും വിട്ട് അലൗകികമായ യാത്രകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ജനനത്തിലൂടെ തുടങ്ങുന്ന ജീവിത യാത്ര. മരണാനന്തരവും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന മഹായാത്ര.

''വീട്ടിലേക്കല്ലോ വിളിക്കുന്നു, തുമ്പയും
കാട്ടുകിളികളും കടത്തു വള്ളങ്ങളും
വീട്ടില്‍ നിന്നല്ലോയിറങ്ങി നടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും'' (2018,199).

തന്റെ നാട്ടില്‍ നിന്നും പടിയിറങ്ങിപ്പോയ നാട്ടു സംസ്‌കൃതിയെക്കുറിച്ചുള്ള വിലാപമാകുന്നു ഇവിടെ കവിത. നാഗരികതയുടെയും സാങ്കേതികസംസ്‌കൃതിയുടെയും ആഗോളീകരണത്തിന്റെയും പ്രഭാവം നമ്മുടെ നാടിനെ അന്യസംസ്‌ക്കാരത്തിന് വശംവദയാക്കിയിരിക്കുന്നു. പിറന്ന മണ്ണിനും ചെന്നത്തിയ നാടിനും ഇടയില്‍ രൂപപ്പെടുന്ന സാംസ്‌ക്കാരികമായ ഈ അന്തരം പ്രവാസിയെ സംബന്ധിച്ചിടത്തോളം ആത്മാവിനേറ്റ മുറിവാണ്. ഇപ്രകാരം 'വീട്ടിലേക്കുള്ള വഴി' പ്രവാസിയുടെ ആത്മവ്യഥയുടെ ചിഹ്നം കൂടിയാകുന്നു. 


വീട്ടിലേക്കുള്ള പുറപ്പാടുകള്‍
'ഒരു മലയാളി വര്‍ത്തമാനം പറയുന്നു' എന്ന കവിത നാടിനോടുള്ള ഈ അഭിനിവേശത്തെ കുറച്ചു കൂടി സാധൂകരിക്കുന്നു.

''ഞാനിന്ന്
എന്റെ മുരിങ്ങച്ചുവട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു.
കിളിത്തട്ടിന്റെയും തേക്കുപാട്ടിന്റെയും കിളരങ്ങളില്‍
തിരിച്ചെത്തിയിരിക്കുന്നു.
കരിമ്പുപാടത്തിന്റെയും കഥകളിയുടെയും
കളിയരങ്ങില്‍ തിരിച്ചെത്തിയിരിക്കുന്നു''.(2018,130)

ലോകത്തെവിടെ ചെന്നെത്തിയാലും സ്വന്തം നാട്ടില്‍ തിരിച്ചത്തുന്നതിലാണ് അദ്ദേഹം ആശ്വാസം കണ്ടെത്തുന്നത്. മടങ്ങിവരവിനായുള്ള ഊര്‍ജ്ജത്തിനായാണ് ഓരോ യാത്രകളും. ഈ യാത്രകളാണ് പലപ്പോഴും വിനയചന്ദ്രന്റെ കവിതകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. നാടോടിശീലുകളും നാട്ടുത്തനിമയും നിറഞ്ഞ കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. താളബോധത്തിന്റെയും ഗ്രാമീണതയുടെയും പൂര്‍ണ്ണതയാണ് 'യാത്രപ്പാട്ട്' എന്ന കവിത. സ്വന്തം നാടും വീടും വിട്ട് യാത്രപോകുന്ന ഉണ്ണിയാണ് കേന്ദ്രകഥാപാത്രം. പാരമ്പര്യവും പൈതൃകവും നെഞ്ചേറ്റി പുറപ്പെട്ട ഉണ്ണിയുടെ യാത്രയുടെ അവസാനം ഗ്രാമീണതയെ ഹനിക്കാന്‍ വെമ്പി നില്‍ക്കുന്ന ഉപഭോഗ സംസ്‌ക്കാരത്തിന്റെ പൊയ്മുഖം കൂടി വരച്ചു കാണിക്കുന്നുണ്ട് കവി.

''തണലും ജനിച്ച നാടും
വേരെല്ലാമിളകുന്നുണ്ടേ
അരയാലും കൂട്ടുകാരും
വേരെല്ലാമിളകുന്നുണ്ടേ
വഞ്ചി കടക്കുമ്പോഴോ
വേരെല്ലാം മുറിയുന്നുണ്ടേ'' (2018,136).

നമ്മുടേതെന്ന് നാം നെഞ്ചേറ്റിയ ഏതില്‍ നിന്നുമുളള അകല്‍ച്ച വേരറ്റു പോകുന്നതിന്  സമാനമാണെന്ന ബോധ്യം നല്‍കുന്ന അസ്വാസ്ഥ്യം കവി പങ്കുവെക്കുന്നു.

യാത്രകളുടെ നൈരന്തര്യം

പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ചെഴുതിയ 'സമസ്തകേരളം പി.ഒ' എന്ന കവിത കേരളീയതയുടെ കാവ്യാനുഭവം കൂടി പകര്‍ന്നു നല്‍കുന്നു. 'യാത്രയുടെ സാഫല്യം കൊതിച്ചിറങ്ങിയ ഒരു മനസ്സിന്റെ തീര്‍ത്ഥയാത്ര എന്ന വിശുദ്ധിബോധം വിനയചന്ദ്രനില്‍ കാണാം' (രാജേന്ദ്രന്‍ നിയതി;2016,52).  നിരവധി സമാനതകള്‍ കണ്ടെത്താനാകുന്ന കാവ്യവ്യക്തിത്വമാണ് പി. യുടെയും വിനയചന്ദ്രന്റെയും.

''പുഴയുടെ ജാതകം
വരമായി ലഭിച്ചിരുന്നെങ്കില്‍
നിനക്ക് പിന്നെയും മുങ്ങി നിവരാന്‍
ഞാന്‍ ഭാരതമാകുമായിരുന്നു'' (2018,95)

പി. യുമായി കവിക്കുള്ള ആത്മബന്ധത്തിന്റെ ആഴം വരികളില്‍ സ്പഷ്ടം. 'കാട്' എന്ന കവിതയില്‍,

''കാടിനു ഞാനെന്തു പേരിടും
കാടിനു ഞാനെന്റെ പേരിടും......''

''ഒന്നുതന്നല്ലയോ നിങ്ങളും ഞാനു
മിക്കാടും കിനാക്കളുമണ്ഡക്കടാഹവും'' (2018,67).

കവിയുടെ സഞ്ചാരം വീടും നാടും കാടും കടന്ന് സ്വത്വാന്വേഷണമോ പ്രപഞ്ചാന്വേഷണമോ ആയി മാറുന്നു.

''നാമെത്ര ദൂരം പിന്നിട്ടെങ്കിലും
അമ്മയുടെ മുലപ്പാല്‍ മണത്തില്‍ നിന്ന്
അല്പം പോലും മുന്നോട്ടു പോയില്ല'' (2018,207).

'സൗമ്യകാശി'യിലെ ആണാള്‍ പറയുന്നതുപോലെ, വിനയചന്ദ്രന്‍ കവിതകള്‍ ആത്മീയ യാത്രകളിലൂടെ ഭാരതീയദര്‍ശനത്തിന്റെ നേരറിവാകുന്നു. 

കവിത എന്ന യാത്ര

ഒരേ സമയം നാട്ടുതനിമയും നാഗരികതയും വിനയചന്ദ്രന്‍ കവിതകള്‍ക്ക് വിഷയമായി. ആ കവിതകള്‍ കേരളീയതയിലും ഭാരതീയതയിലും അഭിരമിക്കുകയും വാങ്മയ ചിത്രങ്ങള്‍ക്കൊണ്ട് ആസ്വാദകരെ തന്നിലേക്കും കവിതയുടെ മാസ്മരികതയിലേക്കും ആകര്‍ഷിക്കുകയും ചെയ്തു. യാത്രപോകലിനെ പ്രണയിക്കുകയും യാത്രകള്‍ പകര്‍ന്നു നല്‍കുന്ന കാഴ്ചകള്‍ കാവ്യസൃഷ്ടിക്ക് പ്രേരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യുന്നു. 

ഓരോ യാത്രയും വീടിനെക്കുറിച്ചുള്ള വ്യഥയിലോ അന്വേഷണത്തിലോ ഓര്‍മ്മകളിലോ ചെന്നെത്തി നില്‍ക്കുന്നതായി കാണാം. എല്ലാ യാത്രകള്‍ക്കുമൊടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താന്‍ കവി കൊതിച്ചു. ചിലപ്പോള്‍ കവിതകള്‍ തന്നെ യാത്രയും കവിതകള്‍ തന്നെ വീടുമായി മാറുന്നു.  

''ഈ കവി വിട്ടുപോയ ബിംബസഞ്ചയവും പ്രതീക പദ്ധതികളും ഈണങ്ങളും ലോകങ്ങളും ഏറെക്കാലം നാട്ടിന്‍പുറങ്ങള്‍ മറന്നു നാഗരികമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സഹൃദയ ലോകത്തെ ഗൃഹാതുരമാക്കിക്കൊണ്ടിരിക്കും'' (2018,11). ഏത് കാലത്തേക്കും കൈമാറാവുന്ന ഒരു ദേശത്തിന്റെ എഴുത്ത്, അഥവാ എഴുത്തില്‍ അതിരുകളില്ലാത്ത ദേശത്തെ കാത്തുവെച്ച എഴുത്തുകാരന്‍.


ഗ്രന്ഥസൂചി

1. പ്രസന്നകുമാര്‍, കെ.ബി:2011: അതിജീവിക്കുന്ന വാക്ക്: നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.

2. രാജേന്ദ്രന്‍ നിയതി: 2016: പാരിസ്ഥിതിക കല ഡി.വിനയചന്ദ്രന്റെ കവിതകളില്‍: ഭാഷാ         ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

3. വിനയചന്ദ്രന്‍,ഡി: 2018: വിനയചന്ദ്രിക തെരഞ്ഞെടുത്ത കവിതകള്‍: ചിന്ത പബ്ലിഷേഴ്‌സ്,തിരുവനന്തപുരം

click me!