ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വിനായക് നിര്‍മ്മല്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കന്യാകുമാരി
'ഇല്ല' അച്ഛന്‍ പറഞ്ഞു. 'ഞാന്‍ വരുന്നില്ല, നിങ്ങള്‍ പൊയ്ക്കോളൂ. അതാ നല്ലത്.'
അങ്ങനെ പറഞ്ഞാലെങ്ങനെയാണച്ഛാ. അച്ഛനെ ഇവിടെ തനിച്ചാക്കിയിട്ട്. പോയാലും ഞങ്ങള്‍ക്കൊരു സമാധാനോം സന്തോഷോം ഉണ്ടാവില്ല..'-അയാള്‍ അസ്വസ്ഥതയോടെ പറഞ്ഞു.
അതുകേട്ടപ്പോള്‍ അച്ഛന്റെ ഉള്ളില്‍ സന്തോഷം നിറഞ്ഞു. വൃദ്ധ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്ന കാലത്ത് മകന്‍ തന്നെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടല്ലോ? പൂര്‍വ്വജന്മസുകൃതം. അല്ലാതെന്ത്..
എങ്കിലും മകനും ഭാര്യയും ഒരുമിച്ചുനടത്തുന്ന ഒരു വിനോദയാത്രയില്‍ താന്‍കൂടി പങ്കുചേരുന്നതിലെ അനൗചിത്യം അച്ഛനെ വിഷമിപ്പിക്കാതിരുന്നില്ല.
'ഞാനെന്തിനാ മോനേ..' എന്ന് അച്ഛന്‍ വീണ്ടും തടസ്സം പറയാന്‍ ശ്രമിച്ചു.
'അച്ഛന്‍ പറയുന്നതെനിക്ക് മനസ്സിലാവും. പക്ഷേ ഞങ്ങളുടേത് ഒരു ഹണിമൂണ്‍ ട്രിപ്പൊന്നും അല്ലല്ലോ.. പണ്ടുമുതലേ ആഗ്രഹിച്ചിരുന്ന ഒരു യാത്ര. കന്യാകുമാരി. ഒത്തുവന്നത് ഇപ്പോഴാണെന്നല്ലേയുള്ളൂ.'
കന്യാകുമാരി.
അച്ഛന്റെ മനസ്സിലേക്ക് ഒരു തിരമാല അടിച്ചുകയറി. കന്യാകുമാരിയെ ഏറെ സ്നേഹിച്ചിരുന്ന ഒരാള്‍ ഈ ഭൂമിയിലുണ്ടായിരുന്നു. ഭിത്തിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഫോട്ടോക്ക് നേര്‍ക്ക് അച്ഛന്റെ നോട്ടം എത്തി. ചന്ദനത്തിരി കത്തുന്ന സുഗന്ധവാഹിയായ ഒരോര്‍മ്മ. ഭാര്യ!
ദാമ്പത്യജീവിതത്തില്‍ ഒരാഗ്രഹം മാത്രമേ അവള്‍ ഉറക്കെ പറഞ്ഞിട്ടുള്ളൂ. കന്യാകുമാരി കാണണം. ഉദയോം അസ്തമയോം കാണണം. 'പക്ഷേ...' അച്ഛന്‍ നെടുവീര്‍പ്പെട്ടു.
'അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അതെന്ന് എനിക്കുമറിയാം. എന്തോ അത് സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല.' മകന്റെ മനസ്താപം അച്ഛന്‍ കേട്ടു.
നിവര്‍ത്തിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ ആകെത്തുകയാണല്ലോ പല സ്ത്രീകളുടെയും ജീവിതമെന്ന് അച്ഛനോര്‍മ്മിച്ചു. അച്ഛനില്‍ നിന്ന് തുടക്കം. പിന്നെ കാമുകനിലേക്കോ ഭര്‍ത്താവിലേക്കോ.. ഒടുവില്‍ മകനിലേക്ക്.
ആഗ്രഹപൂര്‍ത്തീകരണത്തിനായുള്ള സ്ത്രീകളുടെ സഞ്ചാരപഥങ്ങള്‍. എന്നിട്ടും നിവര്‍ത്തിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി പിരിഞ്ഞുപോവുകയാണ് മിക്ക സ്ത്രീകളുടെയും വിധിയെന്നും അച്ഛന്‍ ഓര്‍മ്മിച്ചു.
ഭാര്യയില്ലാതെ കന്യാകുമാരി കാണാന്‍ അയാളാഗ്രഹിച്ചിരുന്നില്ല. മകനും ഭാര്യയ്ക്കുമൊപ്പം കന്യാകുമാരി കാണുന്നത് ഭാര്യയുടെ ആത്മാവിനോടു ചെയ്യുന്ന നീതികേടാണെന്ന ധാരണയും അച്ഛനുണ്ടായിരുന്നു. ഭാര്യയോട് താനൊരിക്കലും നീതി കാണിച്ചിരുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നുകൂടിയായിരുന്നു അത്തരമൊരു തോന്നല്‍.
മകന്റെ സ്നേഹത്തെ നിഷേധിക്കാനും ഭാര്യയോടുളള നീതികേടിനെ മറികടക്കാനും കഴിയാതെ വിഷമിച്ച അച്ഛന്‍ പെട്ടെന്ന് ഒഴിവുകണ്ടെത്താനുള്ള ശ്രമത്തില്‍ ചോദിച്ചു.
'അതിന് നിന്റെ കൈയിലെവിടെ നിന്നാ പണം? കടം കയറി പൊളിഞ്ഞുനില്ക്കുന്ന ഈ അവസ്ഥയില്‍... വീണ്ടും കടംമേടിച്ചു ഒരു ടൂര്‍.. നാട്ടുകാരെന്തുപറയും? അവരെയും പേടിക്കണമല്ലോ'
അപ്പോഴായിരുന്നു മകന്റെ ഭാര്യയുടെ ഇടപെടല്‍.
'അതാണച്ഛാ ഞാനും ചോദിക്കുന്നത്. ഇപ്പോള്‍ ഒരു ടൂര്‍ പോവേണ്ട വല്ല കാര്യവുമുണ്ടോ'
'കടമുണ്ടെന്നു കരുതി..' മകന്‍ പറഞ്ഞു തുടങ്ങി ഒന്നു നിര്‍ത്തി. 'കടമോര്‍ത്തു വിഷമിച്ചും പണം കൊടുക്കാനുള്ളവരെ പേടിച്ചും ഇത്ര നാള്‍ വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടിയിട്ട് കടത്തിനു കുറവുണ്ടായോ. ഇനി അല്‍പം സന്തോഷിക്കുക. അതാണ് എന്റെ തീരുമാനം അതാ. എന്റെ ഒപ്പം സന്തോഷിക്കാന്‍ മനസ്സുള്ളവര്‍ മാത്രം വന്നാല്‍ മതി' മകന്റെ സ്വരം ഉയര്‍ന്നു.
അച്ഛന്‍ എണീറ്റ് മകന്റെ തോളത്തുതട്ടി.
'മിടുക്കന്‍. നീ തളര്‍ന്നുപോയോ എന്ന് ഞാന്‍ പേടിച്ചിരുന്നു. നിന്റെയൊപ്പം ഞങ്ങളുണ്ട്. അത് മരിക്കാനാണെങ്കില്‍പോലും..'
അച്ഛന്റെ അവസാനവാക്ക് കേട്ടതും മകന്‍ ഒന്നു പതറിപ്പോയി.
'ജീവിതത്തെ ജീവിതം കൊണ്ട്..മരണത്തെ മരണം കൊണ്ട്. ഒന്നിനുപകരം മറ്റൊന്ന്.. അതുശരിയാവില്ല..' അച്ഛന്‍ തുടര്‍ന്നുപറഞ്ഞു.
മകന്റെ മനസ്സിനെ സംഭ്രമത്തിന്റെയും സന്ദിഗ്ദതയുടെയും ഒരു മിന്നല്‍ വന്നു തൊട്ടു. തൊട്ടടുത്ത നിമിഷം അതു മായ്ച്ച് അയാള്‍ പറഞ്ഞു. 'എന്നാ നമുക്ക് നാളെത്തന്നെ പോകാം'
അങ്ങനെയാണ് അവര്‍ കന്യാകുമാരിയിലെത്തിയത്.
അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുമ്പെന്നോ ആണെന്ന് തോന്നുന്നു ആദ്യമായി കന്യാകുമാരിയിലെത്തിയത്. കടലിലേക്ക് നോക്കിനില്ക്കുമ്പോള്‍ അച്ഛന്റെ മനസ്സില്‍ അതോര്‍മ്മ വന്നു. കന്യാകുമാരി ആദ്യമായി കണ്ടതിന്റെ അത്ഭുതവും സന്തോഷവും. കടല്‍..ട്രെയിന്‍. രണ്ടും കണ്ടുമതിയാവില്ല. രണ്ടും ജീവിതങ്ങളാണ്. അലയടങ്ങാത്തത്. തിരക്കുപിടിച്ചത്.
അവധിക്കാലമായിരുന്നില്ല. അതിനാല്‍, ആളുകള്‍ കുറവായിരുന്നു. വിവേകാനന്ദപ്പാറയ്ക്കുസമീപത്തെ ഉയര്‍ന്നപ്രതിമ ആരുടേതാണെന്ന് അച്ഛന്‍ സമീപത്തുണ്ടായിരുന്ന അപരിചിതനോട് സംശയം ചോദിച്ചു. പണ്ടുവരുമ്പോള്‍ അതുണ്ടായിരുന്നില്ല.
'തിരുവള്ളൂവര്‍' അപരിചിതന്‍ പറഞ്ഞുകൊടുത്തു.
അച്ഛനെ സംബന്ധിച്ചിടത്തോളം അതൊരു പുതിയകാഴ്ചയായിരുന്നു. തിരുവള്ളുവരിനെക്കുറിച്ച് അച്ഛന്‍ കേട്ടിട്ടുണ്ടായിരുന്നു. ഉത്തരം നല്‍കിയ ആള്‍ കവിയെക്കുറിച്ചു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
അച്ഛന്‍ മുഖം തിരിച്ചു മകനെയും ഭാര്യയെയും നോക്കി. അവര്‍ എന്തോ പറഞ്ഞുചിരിക്കുന്നതുകണ്ടപ്പോള്‍ ആ ചിരി അച്ഛനിലേക്കും സംക്രമിച്ചു. വരുടെ എല്ലാ സങ്കടങ്ങളും കടലെടുത്തുകൊണ്ടുപോയിരുന്നുവെങ്കില്‍..
വര്‍ഷമെത്രയായി അവര്‍ വിവാഹിതരായിട്ട്. പക്ഷേ കുട്ടികളില്ല. ഒന്നിനു മീതെ ഒന്നായി പ്രശ്നങ്ങള്‍. ബിസിനസുകള്‍ ഒന്നിനൊന്ന് പരാജയം. മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിലേറെ പാളിച്ചകള്‍. വീടുപോലും ജപ്തിഭീഷണിയില്‍. അതിനെല്ലാം ഇടയില്‍ ഈ യാത്ര. കന്‍ സന്തോഷിക്കുക തന്നെയാണോ..? അച്ഛന് പെട്ടെന്ന് അങ്ങനെയൊരു സംശയം തോന്നി.
'അച്ഛാ ഇവിടെ നിന്ന് കുറച്ചുമാറി വേറൊരു സ്ഥലമുണ്ട്. ഇതിലും തിരക്കുകുറവാണ്. അസ്തമയത്തിന് പറ്റിയസ്ഥലം. നമുക്കവിടേക്കുപോയാലോ'
മകന്‍ അച്ഛന്റെ അടുത്തെത്തി.
'എവിടേക്കുപോകാനും ഞാന്‍ റെഡി' അച്ഛന്‍ ചിരിച്ചു. മകന്‍ വല്ലാതെയായി. വാക്കുകള്‍ക്ക് മുറിപ്പെടുത്താനും വെളിപ്പെടുത്താനും കഴിയുമെന്ന് മകനപ്പോള്‍ ഒരിക്കല്‍ക്കൂടി മനസ്സിലായി.
യാത്രയ്ക്കിടയില്‍ മകന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ കൈയിട്ടു. കൈവിരലുകളില്‍ മരണത്തിന്റെ തണുപ്പ്. മതിയാവും. ഇതില്‍ കൂടുതല്‍ ആവശ്യംവരില്ല. മൂന്നു ജീവനുകള്‍. മൂന്നു മരണങ്ങള്‍. കടക്കുരുക്കുകളില്‍ നിന്ന്, അപമാനങ്ങളുടെ ചാട്ടവാറടികളില്‍ നിന്ന്, അര്‍ത്ഥമില്ലാത്ത സഹതാപങ്ങളില്‍ നിന്ന്.. എല്ലാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഇതുമതിയാവും. മകന്‍ വേദനയോടെ നെഞ്ച് തടവി. പോക്കറ്റില്‍ ആത്മഹത്യാക്കുറിപ്പിന്റെ സ്പന്ദനം.
'ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒടുവില്‍ ഞങ്ങളെടുത്ത തീരുമാനമാണിത്. ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗവും...'
മകന്റെ കണ്ണ് പൊടുന്നനെ നിറഞ്ഞു. നഷ്ടമാവുമ്പോഴാണ് അല്ലെങ്കില്‍ നഷ്ടപ്പെടുത്തുമ്പോഴാണ് അവയുടെ മൂല്യം തിരിച്ചറിയുന്നത്. താന്‍ സ്വയം നഷ്ടപ്പെടുകയും മറ്റുള്ളവരുടേത് നഷ്ടപ്പെടുത്തുകയുമാണല്ലോയെന്ന് അയാള്‍ ആത്മനിന്ദയോടെ ഓര്‍ത്തു.
'നോക്കൂ അവിടെ മെഴുകുതിരികള്‍ കത്തുന്നു.' ദൂരേക്ക് വിരല്‍ചൂണ്ടി മകന്റെ ഭാര്യപറഞ്ഞു.
ശരിയായിരുന്നു, കടല്‍ത്തീരത്തു പരന്ന ഇരുട്ടില്‍ കുറച്ചകലെ ഒരു കുരിശിനു ചുറ്റുമായി മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു.
'നമുക്കും രണ്ടു മെഴുകുതിരികള്‍ കത്തിക്കാമായിരുന്നു.' അവള്‍ ആഗ്രഹം അറിയിച്ചു.
'രണ്ടല്ല മൂന്ന്..' മകന്‍ മനസ്സില്‍ തിരുത്തി.
'ദാഹിക്കുന്നു'
അച്ഛന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉമിനീരു വറ്റിയത് മകനാണ്. ദൈവമേ ഇനി ആ നിമിഷങ്ങള്‍ക്ക് ദൂരമേറെയില്ലല്ലോ. മകന് നൊന്തു.
'കരിക്കുണ്ടാവുമോ?'അച്ഛന്‍ ആശയോടെ ചുറ്റും നോക്കി. കരിക്ക് വില്പനക്കാരനെ കണ്ടെത്തിയതും അച്ഛന്‍ തന്നെ. 'ദാ അവിടെ'
മകന്‍ അവിടേയ്ക്കു നടന്നു. പിന്നെ മരണം കലര്‍ത്തിയ മൂന്നു കരിക്കുമായി അച്ഛന്റെയും ഭാര്യയുടെയും നേര്‍ക്ക് അയാള്‍ നോക്കി നിന്നു. ഉള്ളില്‍ സങ്കടങ്ങളുടെ ഒരു കടല്‍. പെട്ടെന്ന് ഒരു കടല്‍ക്കാറ്റില്‍ കുരിശിന്‍ചുവട്ടിലെ മെഴുകുതിരികള്‍ മുഴുവന്‍ ഒന്നിച്ചണഞ്ഞു. മകന്‍ ഞെട്ടലോടെ അവിടേയ്ക്കു നോക്കി. ഉരുകിത്തീരുംമുമ്പേ അണഞ്ഞ മെഴുകുതിരികള്‍! എല്ലാം അവസാനിക്കുകയാണ്.
മകന്റെ കണ്ണുനിറഞ്ഞു. കണ്ണീര്‍പ്പാട കാഴ്ചകള്‍ മറച്ചു. മുന്നോട്ടുനീങ്ങവെ എങ്ങനെയോ ചുവടുകള്‍ തെറ്റി.
നെഞ്ചോടുചേര്‍ത്തുപിടിച്ചിരുന്ന കരിക്ക് പിടിവിട്ട് താഴേക്കു തെറിച്ചുപോയി. മകന്‍ വീണുപോകാനായി മുന്നോട്ടുകുനിയുകയും ചെയ്തു.
'മോനേ സൂക്ഷിച്ച്..'
അച്ഛന്‍ പെട്ടെന്ന് മകന്റെ അടുക്കലേക്ക് ഓടിയെത്തി. ദുര്‍ബലമായ കരങ്ങള്‍ കൊണ്ട് അവനെ താങ്ങുവാന്‍ ശ്രമിച്ചു. മുന്നോട്ടുകുനിഞ്ഞ മകന്‍ മുഖമുയര്‍ത്തി അച്ഛനെ നോക്കി.
'മോനേ സൂക്ഷിച്ച്..'
കാലത്തിന്റെ പിന്നില്‍ നിന്ന് മകന്‍ അച്ഛന്റെ സ്വരം പിന്നെയും കേട്ടു. ഗ്രാമത്തിന്റെ ഇടവഴിയില്‍ അച്ഛന്‍ മകനെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുകയാണ്. അച്ഛന്‍ രണ്ടു കരങ്ങള്‍കൊണ്ടും സൈക്കിള്‍ മുറുക്കെ പിടിച്ചിട്ടുണ്ട്. എന്നിട്ടും മകന് ബാലന്‍സ് തെറ്റുമ്പോള്‍ അച്ഛന്റെ നെഞ്ചില്‍ തീയെരിഞ്ഞു. അച്ഛനില്‍ നിന്ന് പിടിവിട്ട് ആവേശത്തോടെ, ആഹ്ലാദത്തോടെ സൈക്കിള്‍ ചവിട്ടി മുന്നോട്ടുപോകുമ്പോള്‍ പെട്ടെന്ന്..
'മോനേ നിനക്കെന്തുപറ്റി.. വേദനിച്ചോ. കൈമുറിഞ്ഞോ' വീണുകഴിഞ്ഞപ്പോള്‍ പരിഭ്രാന്തിയോടെ അച്ഛന്‍ ഓടിയെത്തുകയാണ്.
'നിന്റെ മടിയില്‍ കിടന്നു എനിക്കു മരിക്കണം. നിന്റെ കൈയില്‍ നിന്ന് ഒരിറ്റു വെള്ളം കുടിച്ചുവേണം..'
അച്ഛന്റെ ആഗ്രഹം.
'കാലെവിടെയെങ്കിലും തട്ടിയതാവും. മുറിഞ്ഞോ എന്ന് നോക്കൂ..' ്അച്ഛന്‍ ഉത്കണ്ഠാഭരിതനാകുന്നു.
വേവലാതിപ്പെടുന്ന അച്ഛന്‍. എന്റെ മുറിവുകള്‍ അച്ഛന്റെ മുറിവുകളാണ്. എനിക്കു നൊന്താല്‍ അച്ഛനും കൂടിയാണ് നോവുന്നത്. എന്നിട്ടാണ്..
'നിനക്ക് അല്ലെങ്കിലും എന്തിനും ധൃതിയാണ്' അച്ഛന്‍ സ്നേഹത്തോടെ കുറ്റപ്പെടുത്തി.
'ഇങ്ങ് തരൂ, നല്ല ദാഹം' അച്ഛന്‍ കരിക്കിന് നേരെ കരംനീട്ടി. പ്രാണന്‍ കണക്കെ മകന്‍ നെഞ്ചോടു അമര്‍ത്തിപിടിച്ചിരുന്ന രണ്ട് കരിക്കുകള്‍. അപ്പോഴാണ് തെറിച്ചുപോയ കരിക്ക് അച്ഛന്റെ ശ്രദ്ധയില്‍പ്പെട്ടത്. അച്ഛന്‍ അതു കുനിഞ്ഞെടുക്കാന്‍ ഒരുങ്ങവെ തൊണ്ട ഇടറി മകന്‍ വിളിച്ചു.
'അച്ഛാ'
അച്ഛന്‍ മകനെ നോക്കി. മകന് സഹിക്കാന്‍ കഴിഞ്ഞില്ല. അടക്കിനിര്‍ത്തിയ കരച്ചിലോടെ അയാള്‍ ഓടിവന്ന് അച്ഛനെ കെട്ടിപിടിച്ചു. പേമാരിക്കും പേക്കാറ്റുകള്‍ക്കും മധ്യേ ഒറ്റപ്പെട്ടും പേടിച്ചും പോയ ഒരു കുട്ടി അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരാളെ കണ്ടെത്തിയ അവസ്ഥയിലായിരുന്നു മകന്‍.
'മോനേ നീ...'
അച്ഛന് ഒന്നും മനസ്സിലായില്ല. മകന് നിയന്ത്രണം നഷ്ടമായി. അവന്‍ പിഞ്ചുകുഞ്ഞിനെപോലെ ഉറക്കെ കരഞ്ഞുതുടങ്ങി.
'സോറി അച്ഛാ.. സോറി അച്ഛാ.. സോറി..'
'സാരമില്ല. സാരമില്ലെടാ..' കണ്ണുനിറഞ്ഞ് മനസ്സ് നിറഞ്ഞ് മകന്റെ ശിരസില്‍ തലോടി അച്ഛന്‍ ആശ്വസിപ്പിച്ചു.
കടല്‍ക്കാറ്റില്‍ വിടെനിന്നോ ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ഏതോ അമ്മ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതും. കരച്ചില്‍ നേര്‍ത്തുനേര്‍ത്തുവന്നു.
ഒന്നും മനസ്സിലാവാതെ അന്തിച്ചുനിന്ന മകന്റെ ഭാര്യ ഇരുട്ടിലേക്ക് നോക്കി. അതിശയം, കുരിശിന്‍ചുവട്ടിലെ മുഴുവന്‍ മെഴുകുതിരികളും ഒന്നിച്ചുകത്തുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...