ദാക്ഷായണി എന്റെ പ്രേമഭാജനം, ഷിഫാന സലിം എഴുതിയ കവിത

By Chilla Lit Space  |  First Published Dec 3, 2024, 6:10 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷിഫാന സലിം എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

Also Read:  തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

Also Read:  എന്റെ കുട്ടിയ്ക്കിവിടം സ്വര്‍ഗ്ഗമായിരുന്നു; അതാവണം അവള്‍ക്ക് ഭര്‍തൃവീടൊരു നരകമാണ്'

.........................


ദാക്ഷായണി, എന്റെ പ്രേമഭാജനം

മുറ്റത്താണ്,
അന്ന് വളര്‍ന്ന 
മുല്ലപ്പൂക്കളുടെ ഇടയില്‍ 
ഒരു പച്ചിലപ്പാമ്പ്,
മഞ്ഞക്കണ്ണുള്ള 
മെലിഞ്ഞ മുഖമുള്ള 
കുഞ്ഞു പാമ്പ്.

ചെമ്പരത്തിയില്‍ 
അള്ളിപ്പിടിച്ചു കയറിയ  
മുല്ലവള്ളിക്ക് 
ദാക്ഷായണിയെന്ന് പേരിട്ടത് 
എപ്പോഴാണെന്ന് കൃത്യമായോര്‍ക്കുന്നില്ല.

എങ്കിലും 
ദാക്ഷായണി എനിക്ക് 
വെളുത്ത കുഞ്ഞുങ്ങളെ തന്നു 
ഞാനത് കൊരുത്തു മുടിയില്‍ പിന്നി.

ഇലഞ്ഞിയും പാരിജാതവും 
പൂക്കുന്ന തൊടിയില്‍ 
സ്വര്‍ഗീയ വൃക്ഷത്തെ മറന്ന് 
ഞാനും ദാക്ഷായണിയും 
തമ്മില്‍ പ്രേമത്തിലായി.

വീണു മുട്ട് പൊട്ടുമ്പോഴും 
രാഘവന്‍ മാഷടിച്ച് 
പതം വരുത്തുമ്പോഴും ദാക്ഷായണിയോട് 
എന്നും വന്ന് മോങ്ങിക്കരഞ്ഞു.

രാത്രികളില്‍ 
അവളുന്മാദമുണര്‍ത്തും 
ഗന്ധം പൊഴിച്ചു, 
നിറയെ മഞ്ഞുനിറമുള്ള 
കുഞ്ഞുങ്ങളെ പെറ്റിട്ടു.

ഞാന്‍ എന്റെ പ്രേമഭാജനമേയെന്ന് 
കെട്ടിപ്പിടിച്ചു ഉണ്ടുറങ്ങി.

എനിക്കും ദാക്ഷായണിക്കുമിടയിലുള്ള 
പ്രേമം 
അങ്ങനെ നാട്ടില്‍ പാട്ടായി.
രാധയാണ് അത് പറഞ്ഞെതെന്ന് 
ഉറപ്പാണ്, 
പാരിജാതത്തെ പ്രണയിക്കുന്നവള്‍ക്കെങ്ങനെ 
ഞങ്ങളുടെ സ്‌നേഹം മനസ്സിലാകും? 

അമ്മ നൂല് മന്ത്രിച്ചു കെട്ടി,
പ്രേമമൊഴിപ്പിക്കാന്‍ 
ആഴ്ചയില്‍ രണ്ടു വട്ടം 
മരുന്ന് തന്നു.

പക്ഷെ കാലം തെറ്റി പൂത്തു 
ഞങ്ങളുടെ പ്രണയം 
വീണ്ടും കനത്തു.

ചിത്തഭ്രമക്കാര്‍ക്ക് 
വിദ്യ പോവൂലെന്ന്
കണക്കു മാഷ് പറഞ്ഞന്ന്
കണ്ണ് നിറച്ച് ഞാന്‍ 
അവളെ കാണാന്‍പോയി.

ആടിയുലഞ്ഞ മുടിയഴിച്ചിട്ട് 
വേര് പിഴുത് വീണു കിടക്കുന്നു,
ദാക്ഷായണിയും 
എന്റെ കുഞ്ഞുങ്ങളും.
 
ഒറ്റവാതില്‍ പൊളിയിലൂടെ അമ്മ 
എന്റെ ആര്‍പ്പുവിളിക്കൊപ്പം 
വിങ്ങിക്കരയുന്നു.

 

Also Read: രണ്ട് വിവാഹങ്ങള്‍ വീതംവെച്ചെടുത്ത പെണ്‍കുട്ടീ, ഇനി നിനക്ക് നീയാവാം!

Also Read: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം പെണ്ണ് തന്നെയാണ്!

Also Read: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!

.........................

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!