ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. അനുമോള്‍ ജോസ് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അനസ്തീഷ്യ
ഈ ശസ്ത്രക്രിയ മേശയില്‍ ഞാന്‍ നീണ്ടുനിവര്‍ന്നു കിടക്കാം.
കൈത്തണ്ടയില്‍ എഴുന്നുനില്‍ക്കുന്ന നീല ഞരമ്പുകള്‍ കണ്ടുപിടിക്കുക.
അല്ലെങ്കില്‍ വേണ്ട,
ശ്വാസവായുവിനൊപ്പം മരുന്ന് കലര്‍ത്തി എന്റെ മുഖത്തമര്‍ത്തൂ,
പുതുമണ്ണിന്റെ മണം പോലെ ആര്‍ത്തിയോടെ ഞാന്‍ ഉള്ളിലേക്കെടുക്കാം.
അതുമല്ലെങ്കില്‍ എന്റെ കശേരുക്കള്‍ എണ്ണിയെടുക്കുക,
ഗര്‍ഭപാത്രത്തിലെ ശിശുവിനെപ്പോല്‍ അനുസരണയോടെ കിടക്കാം.
പിന്നില്‍ കുത്തിയിറക്കുന്ന സൂചിയിലൂടെ
എന്നെ കുറച്ചു നേരമെങ്കിലും തളച്ചിടുക!
ആര്‍ത്തലച്ച് ഒഴുകുന്ന രക്തത്തില്‍
മരുന്നു കലര്‍ത്തി എന്നെ തളര്‍ത്തുക.
ഉന്മാദച്ചുവയുള്ള എന്റെ ആഹ്ലാദം കെട്ടടങ്ങണം,
കത്തിമുനയുടെ മൂര്‍ച്ചയുള്ള വിരഹങ്ങളുടെ മുനയൊടിയണം.
അസ്ഥിയില്‍ പറ്റി വളരുന്ന പ്രണയവിത്തുകള്‍ കരിഞ്ഞു പോകണം.
മരുന്ന് മന്ദിപ്പിച്ച ഞാന്‍ പൊള്ളുന്ന വികാരങ്ങളെ ഭയക്കുകയില്ല.
മൂടിവെച്ചവയും ഉറക്കെ പറയാന്‍ മടിച്ചവയും ഇനി പുറത്തെടുക്കാം.
കടുത്ത ചായക്കൂട്ടുള്ളവ നിര്‍ലജ്ജം നോക്കാം,
എന്നില്‍നിന്നു പിറന്നവര്‍ നിങ്ങളെന്ന് മാതൃത്വം ഏറ്റെടുക്കാം.
മയക്കമരുന്നുകള്‍ മസ്തിഷ്‌കത്തില്‍ നിന്ന് പടിയിറങ്ങും മുന്‍പ്
അല്പനേരം എന്നെ ഞാനായി നിലക്കണ്ണാടിയില്‍ നോക്കി നില്‍ക്കാം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...