Malayalam Short Story : പാമ്പുകള്‍, ദീപാറാണി ആര്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Aug 31, 2022, 2:58 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ദീപാറാണി ആര്‍ എഴുതിയ ചെറുകഥ

chilla malayalam short story by Deepa Rani R

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Deepa Rani R

Latest Videos

 

പ്രധാന കെട്ടിടത്തിന്റെ ഇടനാഴിയില്‍ തെക്കേ ഭാഗത്ത് നിന്നാല്‍ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് വരുന്നവരെ കാണാം. ഒരാഴ്ചയായി മണിയപ്പന്‍ കാത്തിരിക്കുകയാണ്.

'മണിയപ്പന്‍ ഇപ്പോ കുട്ടപ്പനായിട്ടുണ്ടല്ലോ, ഇനി തനിക്ക് വീട്ടില്‍ പോകാം ട്ടോ. കൂട്ടിക്കൊണ്ടുപോകാന്‍ ആരാ വരുന്നത്?' 

ആ ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാന്‍ അയാള്‍ക്ക് കഴിയുന്നില്ല എങ്കിലും അയാള്‍ കാത്തിരിപ്പിന്റെ സുഖവും നോവും അറിയുന്നു.

'ആരാ മണിയപ്പാ നിന്നെ കൂട്ടാന്‍ വരണേ?'

വാച്ചര്‍ അന്തോണി കാണുമ്പോഴെല്ലാം ചോദിക്കും.

അയാള്‍ തന്റെ ഇരുണ്ട ചുണ്ടുകളില്‍ ചിരി വരുത്തി പറയും. 

'സരോയിനി വരും സാറേ, വരാതിരിക്കാന്‍ ഓള്‍ക്ക് ആവൂല്ല!'

പാമ്പുകളെയും സരോജിനിയെയും മണിയപ്പന് ഒരു പോലെ ഇഷ്ടമായിരുന്നു.

ഒരിക്കല്‍ അവള്‍ ചോദിച്ചു: 'ഇങ്ങക്ക് ന്നെയാണോ പാമ്പുകളെയാണോ കൂടുതലിശ്ടം?'

പ്രണയത്തിന്റെ ആദ്യ നാളുകളയതുകാണ്ട് കൊഞ്ചിക്കുഴഞ്ഞായിരുന്നു ചോദ്യം.

'അത് പിന്നെ, നീയും പാമ്പും മണിയപ്പനൊരു പോലാ'

അന്നവള്‍ ശരിക്കും പിണങ്ങി

' അനക്കറിയാല്ലോ സരോയിനീ, പാമ്പുകളോടുള്ള ന്റെ ഇശ്ടം. പത്തിവിടര്‍ത്തി ചീറിക്കൊണ്ട് വരുന്ന മൂര്‍ഖനെ മെരുക്കാന്‍ ഒരു ഹരോം ല്ലേ?'

ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പാമ്പുകള്‍ എന്തു രസാ. അതുപോലെ ഞാനൊരു മൂര്‍ഖനാവും. അപ്പോ നീ പെണ്ണ് മൂര്‍ഖന്‍. മ്മളങ്ങനെ ചുറ്റിപ്പിണഞ്ഞ്...എന്ത് രസമായിരിക്കും.'

അതു പറഞ്ഞ് അവനവളെ കെട്ടി വരിയും. അറിയാതെ അവളും ചിരിക്കും.

സരോജിനി വരില്ലേ, അവളുടെ പിണക്കം ഇനിയും തീര്‍ന്നിട്ടില്ലേ? അവളെയെങ്ങനെ കുറ്റം പറയാനാവും? എങ്കിലും...

ഇത്രേം നാളും പിണങ്ങിയിരിക്കാന്‍ അവള്‍ക്ക് കഴിയില്ല. 

ആറ് മാസത്തില്‍ക്കൂടുതലായി ഈ മതില്‍ക്കെട്ടിനുള്ളിലായിട്ട്. ഒരു ദിവസം പോലും അവള്‍ വന്നില്ലല്ലോ.

ഇനി അവള്‍ വന്നത് താനറിയാതെ പോയതായിരിക്കുമോ?

കനകനെങ്കിലും വരാമായിരുന്നു. സരോജിനിയുടെ ഒരേയൊരു കൂടെപ്പിറപ്പായ അവനെങ്കിലും വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഇല്ലേ?

ആദ്യമൊക്കെ ബദ്ധ ശത്രുവായിരുന്നെങ്കിലും കനകന് ഒരു കാര്യം വരുമ്പോഴെല്ലാം മുന്നും പിന്നും നോക്കാതെ സഹായിച്ചിട്ടുണ്ടെന്ന കാര്യം അയാളോര്‍ത്തു.

അന്നൊരിക്കല്‍ ഒരു നട്ടുച്ച നേരം കോഴിപ്പോരില്‍ തോറ്റതിന് കോവാലനുമായി പൊരിഞ്ഞ വഴക്ക്. വഴക്ക് മൂത്തു. കോവാലന്‍ ഊരിപ്പിടിച്ച കത്തിയുമായി കനകനു നേരേ പാഞ്ഞടുത്തു. ഇമ ചിമ്മുന്ന നേരം കൊണ്ട് മണിയപ്പന്‍ ഇടയ്ക്ക് വീണു കത്തി വാങ്ങി ദൂരെയെറിഞ്ഞു. ബീഡിയില്‍ കഞ്ചാവ് പൊടി ചേര്‍ത്തു വലിച്ച ഉന്മാദത്തില്‍ രണ്ടും പേരും വീണ്ടും അലറി. ആക്രോശിച്ചു. അന്ന് മണിയപ്പനില്ലായിയിരുന്നെങ്കില്‍...

ആ ഉപകാരസ്മരണയുടെ പേരിലെങ്കിലും കനകന്‍ വരേണ്ടതല്ലേ?

പിന്നീടൊരിക്കല്‍, മൂര്‍ഖന്റെ വായില്‍ നിന്നും കനകന്റെ ഒരു കുട്ടയിലടയ്ക്കാവുന്ന മൂന്ന് മക്കളില്‍ ഇളയതിനെ രക്ഷിച്ചതും മണിയപ്പനോര്‍ത്തു.

അന്ന് രാത്രി 12 മണി സമയം. തുള്ളിക്കൊരുകുടം എന്ന പോലെ മഴ. തന്റെ ഒറ്റമുറി വീട്ടില്‍  സരോജിനിയുമൊത്ത് ഉറങ്ങുമ്പോഴാണ് കനകന്റെ ഫോണ്‍ വന്നത്

''അളിയാ രച്ചിക്കണം. സന്തോശിന്റെ തൊട്ടിലിനടിയില്‍ ഒരു കരിമൂര്‍ഖന്‍. പത്തിവിടര്‍ത്തിയങ്ങനെ'

എല്ലാം കേള്‍ക്കാന്‍ നിന്നില്ല. ഒറ്റയോട്ടമായിരുന്ന. കിലോമീറ്ററുകള്‍ ഓടി. അന്ന് താനോടിയ ഓട്ടം കൊണ്ടാണ് ആ കുടുംബം പിന്നീട് മുന്നോട്ടോടിയത്. ഇടവഴിയും വയലും കുന്നും...ഏതെല്ലാം വെള്ളക്കെട്ടില്‍ച്ചെന്ന് വീണതു പോലും ഓര്‍മ്മയില്ല. മൂര്‍ഖനെ പിടിച്ച് ചാക്കിലിടുമ്പോള്‍ ഭയം കൊണ്ടു മരിച്ച കണ്ണുകളിലെല്ലാം ജീവന്റെ തളിരുകള്‍ ഉണ്ടാകുന്നത് അന്ന് കണ്ടതാണ്. നന്ദിയും ആശ്വാസവും കൊണ്ട് കണ്ണുകളെല്ലാം നിറഞ്ഞു തുളുമ്പുന്നത് നേരില്‍ കണ്ടു.

എന്നിട്ട് കനകനും വന്നില്ലല്ലോ

ഗേറ്റ് തുറന്നു അകത്തേയ്ക്ക് വരുന്ന വാഹനങ്ങളില്‍ ഏതെങ്കിലും ഒന്ന് തനിക്കുള്ളതായിരിക്കുമോ?

മനസ്സിലും കണ്ണുകളിലും പ്രതീക്ഷ ഊട്ടിവളര്‍ത്തി അയാളവിടമാകെ കറങ്ങി നടന്നു. തെറ്റേത് ശരിയേതെന്നറിയാതെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവര്‍. ബോധത്തിനും അബോധത്തിനുമിടയില്‍ പെട്ടുഴലുന്നവര്‍. അവരെയൊക്കെ കാണുമ്പോള്‍ താനും കുറച്ചു മുമ്പു വരെ അവരിലൊരാളായിരുന്നുവെന്ന് മണിയപ്പന്‍ ഓര്‍ക്കാറുണ്ട്.

സരോജിനിയിപ്പോ എവിടെ ആയിരിക്കും?

കനകനോടൊപ്പം ആയിരിക്കുമോ? അതോ പാമ്പുപിടിത്തക്കാരന്‍ മണിയപ്പനോടൊപ്പമിറങ്ങി തിരിച്ചതിന് മാപ്പു കൊടുത്തതിനാല്‍ അവളച്ഛനില്‍ അഭയം പ്രാപിച്ചിരിക്കുമോ?

സരോജിനിയെ ആദ്യം കണ്ടത് ഒരു സന്ധ്യാനേരത്തായിരുന്നു ചെമ്പകപ്പൂക്കള്‍ വീണു കിടന്ന അമ്പല മുറ്റത്ത് അതിലൊന്നും ചവിട്ടാതെ പതിഞ്ഞ കാല്‍വെയ്‌പോടെ അവള്‍ നടന്നുവന്നു. പൊന്നില്‍ ചുറ്റിയ വെള്ളി പാദസരങ്ങള്‍ കിലുങ്ങാതെ ദീപപ്രഭയില്‍ അവള്‍ നിന്ന് തിളങ്ങുകയായിരുന്നു. അമ്പലത്തിന്റെ ഒരു കോണില്‍ മകുടിയൂതി പാമ്പുകളെ നൃത്തം ചെയ്യിക്കുന്ന ഹരത്തിലായിരുന്ന മണിയപ്പന്‍. ഒരു നിമിഷം മകുടിയൂത്ത് മറന്നു. പാമ്പിന്റെ ശീല്‍ക്കാരവും ആളുകളുടെ ബഹളവും കേട്ടാണ് സ്ഥലകാല ബോധം ഉണ്ടായത്. അന്ന് മനസില്‍ കുറിച്ചിട്ട സരോജിനിയുടെ രൂപം ക്രമേണ പത്തിവിടര്‍ത്താന്‍ തുടങ്ങി നൃത്തമാടാന്‍ തുടങ്ങി. നാവു നീട്ടി ശീല്‍ക്കാരമായി പുറത്തു വന്നു.

സരോജിനി പറഞ്ഞു: 'ങ്ങളെ എനിക്കിട്ടക്കേടൊന്നൂല്ല. പക്ഷേങ്കി  ങ്ങളെ പാമ്പുകളെ എനിക്ക് പേടിയാ... പാമ്പിന്റെ കൂടെങ്ങനെ പെണ്ണാരുത്തി കയിഞ്ഞു കൂടും?'

'അയിന് വീട്ടിനാത്ത് പാമ്പില്ലല്ലോ പെണ്ണേ. പാമ്പെല്ലാം കൂടയ്ക്കാത്തല്ലേ. പിന്നെ നീയെന്തിനാ പേടിക്കുന്നേ?'

'ന്നാലും...' അവള്‍ വീണ്ടും ഒഴിഞ്ഞു മാറി.

കരിമൂര്‍ഖനെ മെരുക്കി അനുസരണയുള്ള അടിമയാക്കി ചാക്കില്‍ കയറ്റുന്ന മണിയപ്പന് സരോജിനിയെ മെരുക്കാനാണോ പ്രയാസം?

അച്ഛനെ പേടിച്ച് കതകിന് പിന്നിലൊളിച്ച സരോജിനിയെ കൈയ്ക്ക് പിടിച്ചു ഒറ്റ പോക്കായിരുന്നു.  ബീഡി വലിച്ച് ചുണ്ടു കറുത്ത കനകനെയും കള്ള് കുടിച്ച് കണ്ണ് ചുമന്ന അച്ഛനെയും വെല്ലുവിളിച്ച് കൊണ്ട് ഒറ്റ പോക്ക്.

ഗേറ്റ് കടന്നു വണ്ടികള്‍ വന്നു കൊണ്ടേയിരുന്നു.

'എന്താ മണിയപ്പാ വന്നില്ലേ നിന്റെ സരോജിനി?'

വാച്ചറുടെ ചോദ്യത്തിന് 'വരും സാറേ, വരും' എന്ന് പറഞ്ഞ് പെയ്‌തൊഴിഞ്ഞ ചാറ്റല്‍ മഴയില്‍ മണിത്തുള്ളികള്‍ ഏറ്റുവാങ്ങിയ ബദാം മരത്തിന്റെ ഇലകളില്‍ വൈകി വന്ന വെളിച്ചം മഴവില്ല് വരയ്ക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു. ഇളകിയാടുന്ന ചേമ്പിലകളെ തലോടുമ്പോള്‍ തനിക്കേറ്റവും പ്രിയപ്പെട്ട പാമ്പിന്റെ കരസ്പര്‍ശം അയാളറിഞ്ഞു. കഴുത്തില്‍ ചുറ്റിവരിഞ്ഞു കവിളിലും ചുണ്ടിലും അവ നല്‍കിയ ചുംബനങ്ങളില്‍ അയാള്‍ പുളകിതനായി.

സരോജിനി പാമ്പിനെ പോലെ സുന്ദരി. സരോജിനിക്ക് പാമ്പുകളെ തൊടാന്‍ പേടിയായിരുന്നു. കണ്ടാല്‍ അറപ്പായിരുന്നു.

അവള്‍ പലപ്രാവശ്യം പറഞ്ഞതാണ്, 'ങ്ങള് യീ പാമ്പുപിടിത്തം മതിയാക്കിന്‍, വേറെ തൊയില് ചെയ്ത് മ്മക്ക് കയിഞ്ഞു കൂടാം'

അത് കേട്ട്മണിയപ്പന്‍ ചിരിക്കും: 'അയിന് ഞാന്‍ ചാവണം സരോയിനി'

കാക്കക്കുന്നിന്റെ ചെരുവിന്‍ അവറാച്ചന്റെ പുരയിടത്തിന്റെ കിഴക്കേയറ്റത്ത് അയാള്‍ ദാനമായി കൊടുത്ത ഏഴ് സെന്റ് സ്ഥലത്തായിരുന്നു മണിയപ്പന്റെ പുര. മണിയപ്പന്റെ അച്ഛനും അമ്മയും അവറാച്ചന്റെ പണിക്കാരായിരുന്നു. മണിയപ്പന്റെ തകിട് ഷീറ്റിട്ട ഒറ്റമുറിപ്പുരയുടെ ചെറിയ മുറ്റത്ത് നിന്നാല്‍ തൊടിയും അതിന് താഴെ നെല്‍പ്പാടവും നെല്‍പ്പാടത്തിന്റെ ഇരുവശങ്ങളിലും കൂടി ഒഴുകുന്ന തോടുകളും കാണാം. ഇടവപ്പാതി മഴയത്ത് ആ തോട്ടില്‍ക്കിടന്ന് കുത്തിമറിഞ്ഞാണ് അയാള്‍ നീന്താന്‍ പഠിച്ചത്. ആ തോട്ടില്‍ നിന്നാണ് തോര്‍ത്തുപയോഗിച്ച് അയാള്‍ മീന്‍ പിടിച്ചത്.

ആ തോട്ടില്‍ നിന്നാണ് ആദ്യമായി നീര്‍ക്കോലിയുടെ കടി കിട്ടിയത്. ഒരു ദിവസം പട്ടിണി കിടന്നെങ്കിലും കടിച്ച നീര്‍ക്കോലിയോട് ആദ്യമായി സ്‌നേഹം തോന്നിയതും ആ തോട്ടില്‍ വച്ചാണ്. അതിനു ശേഷം അയാള്‍ പാമ്പുകളെ തിരഞ്ഞു നടക്കാന്‍ തുടങ്ങി അതിരുകളിലെ പൊത്തുകളിലും ചിതല്‍പ്പുറ്റുകളിലും അയാള്‍ കൈയിട്ടു

'യീ ചെക്കനിതെന്തിന്റെ കേടാ' -എന്ന് കണ്ടവരും കേട്ടവരും പ്രതികരിച്ചു.

കാക്കക്കുന്നിന്റെ മുകള്‍ഭാഗത്തേയ്ക്ക് ചെമ്മണ്‍ പാതയുണ്ട്. ചെമ്മണ്‍ പാത മുകളിലെത്താറാകുമ്പോള്‍ വലത്തോട്ട് ഒരു തിരിവ് - ഒരു ചെറിയ ഇടവഴി - അത് ചെന്നെത്തുന്നത് തേവര് കാവിലേയ്ക്കാണ്. പിന്നീട് മണിയപ്പന്റെ ഒഴിവു സമയം ആ കാവിനകത്തായിരുന്നു. നിറയെ മരങ്ങളും ഈറകളും വള്ളിപ്പടര്‍പ്പുകളും ഒക്കെ തിങ്ങി നിറഞ്ഞ ആ കാവില്‍ സര്‍പ്പങ്ങള്‍ വിഹരിക്കുന്നുണ്ടെന്നും അങ്ങോട്ട് പോകാന്‍ പാടില്ലെന്നുമുള്ള നാട്ടറിവ് അവഗണിച്ചായിരുന്നു മണിയപ്പന്‍ അവിടെ ചെലവഴിച്ചത്. കാവിന്റെ മുക്കിലും മൂലയിലും അയാള്‍ പാമ്പുകളെ തിരഞ്ഞു   മകുടിയൂതി അവറ്റയെ വരുത്താന്‍ ശ്രമിച്ചു.  കണ്ടെത്തിയ പാമ്പുകളെയെല്ലാം അംഗവിക്ഷേപങ്ങള്‍ കൊണ്ട് അയാള്‍ കീഴടക്കി.

'മണിയപ്പാ നീയൊന്നും കഴിക്കുന്നില്ലേ?'

വീണ്ടും അന്തോണി വാച്ചറാണ്.

'ഇന്നെന്തോ വെശപ്പില്ല സാറേ.'

അയാള്‍ വീണ്ടും പ്രതീക്ഷ വിടാതെ ഗേറ്റിലോട്ട് നോക്കി

നാലു മൂര്‍ഖന്‍ പാമ്പുകള്‍ നൃത്തം ചെയ്താണ് സരോജിനിയെ അന്ന് തന്റെ  ഒരു മുറി പുരയിലേയ്ക്ക് സ്വീകരിച്ചത്. മണിയപ്പന്റെ മകുടിയൂത്തില്‍ അവ ആനന്ദ നൃത്തമാടി നിലവിളക്കിലെ കത്തുന്ന തിരി പോലെ നാവുകള്‍ പുറത്തേയ്ക്ക് നീട്ടി. സരോജിനി നിലവിളിച്ചു കൊണ്ട് മുന്നോട്ട് വെച്ച വലതു കാലും ഇടതു കാലും ഒരുമിച്ച് ഉപയോഗിച്ച് ഒറ്റയോട്ടമായിരുന്നു.

'യ്യേ, പെണ്ണ് പേടിച്ചോ! അവരു മ്മടെ കൂട്ടുകാരല്ലേ?'

മണിയപ്പന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

'ഇല്ല, അവറ്റയെ വീട്ടിന് പുറത്താക്കില്ലെങ്കില്‍ ഞാനകത്ത് കേറൂല്ല!'

അവള്‍ ചീറി.

മണിയപ്പന്‍ പാമ്പിന്‍ കൂടെല്ലാം പുറത്തു വെച്ച് തന്റെ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിച്ചു. കണ്ണുകളിലെ ഭയം ചുണ്ടുകളാല്‍ കഴുകിക്കളഞ്ഞ് അവളെ അകത്തേയ്ക്ക് ആനയിച്ചു.

സരോജിനിയോടുള്ള പ്രണയം കൂടി വരുന്നതിനനുസരിച്ച് അയാള്‍ പാമ്പുകളെ കൂടുതല്‍ സ്‌നേഹിച്ചു. ആദ്യം കുറെ നാള്‍ അതിന്റെ പേരില്‍ അവള്‍ കലഹിച്ചു കൊണ്ടിരുന്നു. ക്രമേണ സരോജിനിക്കും പാമ്പുകളോട് ഇഷ്ടമായി. തങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് നേരെ മാത്രമേ അവ വിഷം ചീറ്റാറുള്ളുവെന്ന് അവള്‍ക്ക് ബോധ്യം വന്നു. ഒരു മകള്‍ ഉണ്ടായപ്പോള്‍ മണിയപ്പന്‍ ത്രിലോക എന്ന് പേരിട്ടു

പാമ്പിനെ കഴുത്തിലണിഞ്ഞ ദൈവം മൂന്ന് ലോകത്തിന്റെയും അധിപനാണല്ലോ. അതുകൊണ്ടാവാം അങ്ങനെ പേരിട്ടത്.

ത്രിലോകയ്ക്ക് പാമ്പുകളുടെ നൃത്തം കൗതുകമായിരുന്നു എന്നാലും സരോജിനി വളരെയധികം ഭയപ്പെട്ടിരുന്നു മണിയപ്പന്‍ കാണാതെ അവള്‍ പാമ്പിന്റെ കൂടയെങ്ങാനും തുറക്കുമോന്ന ഭയം.  ത്രിലോക നടന്നു കളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കൂടകള്‍ പിറകിലെ ചായ്പിലേയ്ക്ക് മാറ്റിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കനകന്‍ ആദ്യമായി അവരുടെ വീട്ടിലെത്തി സരോജിനി സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കനകന്റെ കൈ പിടിച്ച് കുറേ കരഞ്ഞു.

'പെങ്ങളേ...'

കുറെ നാളുകള്‍ക്കു ശേഷം ആ വിളികേട്ട് അവള്‍ വീണ്ടും കരഞ്ഞു.

'മ്മടെ അപ്പന് നല്ല സുഖോല്ല, കെടപ്പാ, അന്നെ ഒന്ന് കാണണോന്ന് പറഞ്ഞു. നീയിപ്പോ തന്നെ വാ.'

അപ്പന്‍ കിടപ്പിലാണെന്നറിഞ്ഞ് സരോജിനി പിന്നെയും കരഞ്ഞു. അനുവാദത്തിനായി മണിയപ്പനെ നോക്കി.

'നീയ്യ് പോയി വാ സരോയിനി. മോളേ ഞാന്‍ നോക്കാം'

പോകാന്‍ നേരം സരോജിനി ഓര്‍മ്മിപ്പിച്ചു.

'കുഞ്ഞിനെ നോക്കിക്കോണേ'

തലേദിവസം തകര്‍ത്തു പെയ്ത മഴയില്‍ തൊടിയിലെല്ലാം വെള്ളം നിറഞ്ഞിരുന്നു. തോട് നിറഞ്ഞു കവിഞ്ഞു വയലിലെ നെല്‍ക്കതിരിന് മീതെ ഒഴുകിപ്പരന്നു.

കനകന്റെ പിറകേ മനസ് നിറയെ ആശങ്കകളുമായി സരോജിനി നടന്നു. ചെന്നു കയറിപ്പോള്‍ അവളുടെ അമ്മ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു.

അപ്പന്റെ കട്ടിലിനരികില്‍ അവള്‍  തേങ്ങലോടെ നിന്നു. അപ്പന്‍ അവളുടെ കൈപിടിച്ച് തുരുതുരാ ഉമ്മ വച്ചു. കണ്ടു നിന്ന കനകനും അമ്മയും വല്ലാതെ സങ്കടപ്പെട്ടു.

'മരിക്കണേനു മുമ്പ് നിന്റെ മോളെ ഒന്നു കാണണമെനിക്ക്. മണിയപ്പനെയും കാണണമെന്നുണ്ട്.'

'അയിനെന്താ അപ്പാ അവര് വരും. ഞാമ്പോയി പറയാം, വരും.'

ആ ഉറപ്പ് കൊടുത്തിട്ടാണ് സരോജിനി അവിടുന്ന് ഇറങ്ങിയത്. കനകന്റെ വീട് അതിന്റെ തൊട്ടടുത്തു തന്നെ. പിന്നെ ഒരിക്കല്‍ മൂന്നാളും കൂടി വരുമ്പോള്‍ കനകന്റെ വീട്ടിലും കയറാം എന്ന് കരുതി സരോജിനി വേഗം വീട്ടിലേയ്ക്ക് നടന്നു. ആദ്യമായാണ് ത്രിലോകയെ കൂട്ടാതെ എവിടെയെങ്കിലും പോകുന്നത് '

അവള്‍ നടത്തത്തിന് വേഗം കൂട്ടി. വെള്ളം അപ്പോഴും വലിഞ്ഞിട്ടുണ്ടായിരുന്നില്ല. മൂടിക്കെട്ടിയ അന്തരീക്ഷം.  കാക്കകള്‍ വട്ടമിട്ട് പറക്കുന്നു തെങ്ങിന്‍ ചോട്ടിലെ വെള്ളത്തിലകപ്പെട്ട ഒരു തവളയെ ചേര വായ്ക്കുള്ളിലാക്കി. ചേരയോട് അവള്‍ക്ക് വല്ലാത്ത ദേഷ്യം വന്നു. പിന്നെയും മഴയുടെ വരവറിയിച്ചു കൊണ്ട് തവളകള്‍ കരയുന്നുണ്ട്. വഴിയിലെവിടെയൊക്കെയോ വിഷ പാമ്പുകള്‍ ഇഴഞ്ഞു നടക്കുന്നതായി അവള്‍ക്ക് തോന്നി

അവള്‍ പോയതു പോലെയല്ല തിരിച്ചു വന്നപ്പോഴെന്ന് അവള്‍ക്ക് തോന്നി. ആകെയൊരു പന്തികേട്

സരോജിനി നടന്നുചെല്ലുമ്പോള്‍ പാമ്പിന്‍ കൂടകള്‍ പല കഷണങ്ങളായി വെള്ളത്തിലൊഴുകി നടക്കുന്നു മണിയപ്പന്‍ ഒരു വലിയ വടിയുമായി മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒരേ വേഗത. ഇടയ്ക്കിടയ്ക്ക് വടി കൊണ്ട് തറയിലും വായുവിലും അടിക്കുന്നുണ്ട്.

'കൊല്ലും ഞാന്‍, എല്ലാത്തിനേം.'

അവളാകെ ഭയന്നു അവളെക്കണ്ടതും അയാള്‍ നടത്തം നിര്‍ത്തി.

'ഞാങ്കൊന്നു. കാണണോ അനക്ക്?'

ബലമായി അവളുടെ കൈയില്‍ പിടിച്ച് അയാള്‍ കുന്നു കയറാന്‍ തുടങ്ങി. അവള്‍ കാറ്റ് പോയ ബലൂണ്‍ പോലെ, കാറ്റിലുലയുന്ന കരിയിലപോലെ അയാളുടെ പിറകെ പറന്നു. തേവര് കാവിന്റെയുള്ളിലേയ്ക്കാണ് മണിയപ്പന്‍ അവളെ വലിച്ചു കൊണ്ടുപോയത്. സരോജിനി നോക്കുമ്പോള്‍ അവിടെ നാലു പാമ്പുകളെ നിരത്തിക്കിടത്തിയിരിക്കുന്നു. നാലിന്റെയും തലയ്ക്കലും ചുവട്ടിലും വിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചിട്ടുണ്ട്. ശവശരീരങ്ങളുടെ പുറത്ത് പൂക്കള്‍ വിതറിയിട്ടുണ്ട്. പൂക്കളാകട്ടെ പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖന്റെ ആകൃതിയില്‍

ഓരോ പാമ്പിന്റെയും വാലു മുതല്‍ തലവരെ അടിയുടെ പാടുകള്‍. കുടലൊക്കെ വെളിയില്‍ച്ചാടി. തലയൊക്കെ അടിച്ചു പരത്തി. സരോജിനി ഒന്നേ നോക്കീള്ളൂ.

'സരോയിനി ഇനീം ഏതെങ്കിലും ഒണ്ടാന്ന് നോക്ക്, നിക്ക് കൊല്ലണം.'

അത് പറഞ്ഞു അയാള്‍ പൊട്ടിച്ചിരിച്ചു. ആ ചിരി കുന്നില്‍ ചരിവിലെല്ലാം  പ്രതിധ്വനിച്ചു.

'ന്റെ മോളെവിടെ...പറ, കൊച്ചെന്ത്യേ?'

അവളുടെ ചോദ്യമൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. 

അവള്‍ പെട്ടെന്ന 'ദേ അവ്‌ടെ ഒരു പത്തിക്കാരന്‍' എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പിടി ഒന്നയച്ചു.

ആ തക്കത്തിന് പാടുപെട്ട് പിടി വിടുവിച്ച് അവള്‍ വീട്ടിലേയ്‌ക്കോടി. കുന്നിറങ്ങുമ്പോഴും ഭാരമില്ലായ്മ അനുഭവപ്പെട്ടു. 

അവിടെ തറയില്‍ ത്രിലോക ഉറങ്ങുന്നു. ഓടിച്ചെന്നു വാരിയെടുക്കുമ്പോള്‍ കുഞ്ഞിന്റെ മുഖവും ശരീരവുമെല്ലാം കരിനീല. തണുത്ത് മരവിച്ചിട്ടുണ്ട്. അവള്‍ അലറി വിളിച്ചു. കുന്നില്‍ മുകളില്‍ അപ്പോഴും  മണിയപ്പന്റെ ചിരി മുഴങ്ങുന്നുണ്ടായിരുന്നു.

ഗേറ്റ് കടന്നുവന്ന ആളിനെ മണിയപ്പന്‍ ഒന്നുകൂടി നോക്കി. കനകന്‍ തന്നെ. പിറകില്‍ സരോജിനി ഉണ്ടോ? ഇല്ല, അവളില്ല.

കനകന്‍ ഓഫീസ് മുറിയില്‍ കയറി രജിസ്റ്ററില്‍ ഒപ്പിട്ടു

'വാ...പോകാം.'

'സരോയിനി എവിടെ?'-അയാള്‍ ചോദിച്ചു.

കനകന്‍  മറുപടി പറഞ്ഞില്ല

'ഓള് വന്നില്ലേ?'-അയാള്‍ വീണ്ടും ചോദിച്ചു.

കനകന്‍ മിണ്ടിയില്ല.  അയാളുടെ മുഖഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാന്‍ മണിയപ്പന് കഴിഞ്ഞില്ല. പരസ്പരം മിണ്ടാതെ അവര്‍ ഗേറ്റ് കടന്നു. 

ആകാശത്ത് മഴ പത്തിവിടര്‍ത്താന്‍ തയ്യാറെടുക്കുന്നുണ്ടായിരുന്നു. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image