Malayalam Poem: ഏണിയും പാമ്പും, ഷീബ പ്രസാദ് എഴുതിയ കവിത

By Chilla Lit Space  |  First Published Jan 6, 2025, 6:24 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷീബ പ്രസാദ്  എഴുതിയ കവിത


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

ഏണിയും പാമ്പും

ഞങ്ങള്‍ 
ഏണിയും പാമ്പും 
കളിക്കുകയാണ്.

തുടക്കം 
രസകരമായിരുന്നു.

വിശ്വാസത്തിന്റെ 
നിറുകയിലേറ്റ
ആദ്യ അടിയില്‍ 
ചേര്‍ത്ത് പിടിച്ച 
കൈയയഞ്ഞു 
ഞാന്‍ താഴേക്ക് 
പതിച്ചു.

പക്ഷേ 
ഓലപ്പാമ്പെന്ന് കരുതി 
വീണത് 
മലമ്പാമ്പിന്റെ 
മേലേക്കായിപ്പോയി! 

പ്രതീക്ഷകളുടെ 
പടവുകള്‍ 
ചവിട്ടിക്കയറി 
പിന്നെ ഉയിര്‍പ്പ്.
ഇകഴ്ത്തലിന്റെ 
വടി ചുഴറ്റി 
അവനെന്നെ 
ഏറെ പടവുകള്‍ 
താഴെയ്ക്ക് തള്ളി.

ആത്മവിശ്വാസത്തിന്റെ 
പുതപ്പ് ചൂടി 
ഞാന്‍ പിന്നെയും 
മുകളിലെത്തി.
നിരന്തര 
പരിഹാസത്തിന്റെ 
പ്രഹരമേല്‍പ്പിച്ച് 
അവനെന്നെ പിന്നെയും 
തള്ളിയിട്ടു!

മൗനം കൊണ്ടും 
അവഗണനയുടെ 
മടമ്പ് കൊണ്ടും 
അടിതെറ്റി വീണ 
അവസാന
വീഴ്ചയില്‍ നിന്നും 
ഞാനെഴുന്നേറ്റില്ല.

എങ്കിലും 
അള്ളിപ്പിടിച്ചു 
കയറാനും 
ഉന്തിത്തള്ളി 
താഴെയിടാനുമായ് 
ഇപ്പോഴും 
ഞങ്ങളീ 
കളി തുടരുന്നു!

സമചതുരക്കളത്തില്‍ 
ജീവിതം 
എന്നെയും 
അവനെയും 
തളച്ചിട്ട 
അവസാന കളി.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!