malayalam Poems : മരപ്പെയ്ത്ത് , രജനീഷ് വി എഴുതിയ കവിതകള്‍

By Chilla Lit Space  |  First Published Sep 20, 2022, 4:25 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  രജനീഷ് വി എഴുതിയ കവിതകള്‍

chilla malayalam poems by Rajanees  V

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poems by Rajanees  V

Latest Videos


പ്രവാസം 

ചൂടേറ്റു തളരും 
മരുഭൂവില്‍ 
ഉഷ്ണക്കാറ്റേറ്റു മരുവും
മരുപ്പച്ചയില്‍, 
മണിനാദ മന്ത്രത്തിലുണര്‍ന്നു 
വലിയുമീ ചെറുലോകത്തില്‍, 
എനിക്ക് കൂട്ടായി 
കടമുണ്ട് കനവുണ്ട്, കടപ്പാടുമുണ്ട്. 
പിന്നെ ഷുഗറുണ്ട്, പ്രഷറുണ്ട് 
കൊളസ്‌ട്രോളുമുണ്ട്. 
നെഞ്ചില്‍ തീയുണ്ട്, തിരയുണ്ട് 
നാടിന്‍ തീരമുണ്ട്. 
കൈയില്‍ നേരുണ്ട്
നോവുണ്ട് നെറിയുണ്ട്. 
കണ്ണില്‍ നീയും 
നിറവും നിനവുമുണ്ട്. 
വിണ്ണില്‍ മഴയുണ്ട്, പുഴയുണ്ട് 
മാമ്പഴക്കാലമുണ്ട്.
ഉള്ളില്‍ നാടുണ്ട്, വീടുണ്ട് 
ഓര്‍മ്മതന്‍ തേങ്ങലുണ്ട്.


മരപ്പെയ്ത്ത്  

മനമുരുകുമ്പോള്‍
മനസ്സില്‍ മഴപെയ്യാറുണ്ട്,
ഇടനെഞ്ചിലെ
കാര്‍മേഘങ്ങള്‍ക്കിടയില്‍
മഴപ്പക്ഷികള്‍
കണ്ണുനീര്‍തുള്ളികള്‍ക്കായ്
കാത്തിരിക്കാറുണ്ട്. 

മനസ്സില്‍ ചിതലരിച്ച
ഓര്‍മ്മകള്‍ക്കിടയില്‍ നിന്നും 
മഴപ്പാറ്റകള്‍ മഴക്ക് പിന്നാലെ
പായാറുണ്ട്  
മറവികളുടെ തീനാളങ്ങളില്‍
ആത്മഹുതി ചെയ്യാറുണ്ട്,
പൊട്ടി വീഴുന്ന 
മഴനൂലുകള്‍ക്കിടയയില്‍
അലിഞ്ഞാര്‍ദ്രമായ്
മനസ്സും
ഓര്‍മ്മതന്‍ മരപ്പെയ്ത്തില്‍ ഞാനും
കണ്ണീര്‍മഴകള്‍
പെയ്യുന്നു
വര്‍ഷകാലങ്ങളെ കാക്കാതെ


യാത്രക്കവസാനം

നിനക്കെതിരെ നടന്ന് മടുക്കുമ്പോള്‍ 
ഓര്‍മ്മകളുടെ പുറംമ്പോക്കുകളില്‍ 
വെയില്‍ കായണം. 
വെയിലേറ്റു വാടിക്കരിഞ്ഞ 
അധരങ്ങളില്‍ നിന്നും 
നിന്റെ ചുംബനത്തിന്റെ ചൂട് 
പുകയുന്നത് കാണണം.
    
വിണ്ട് കീറിയ 
ഹൃദയത്തില്‍ നിന്നും 
വിരഹത്തിന്റെ മഞ്ഞ് ഉതിര്‍ത്ത് 
തലയ്ക്ക് മുകളിലുള്ള
മോഹത്തിന്റെ ഭാരങ്ങളെല്ലാം 
ചുമട് താങ്ങിയില്‍ താങ്ങി 
തണ്ണീര്‍ പന്തലില്‍ നിന്നും 
തൊണ്ട നനച്ചു 
നടന്ന് നീങ്ങണം. 

ഈ യാത്രക്ക് അവസാനം 
പൊട്ടിയൊലിച്ച പാദങ്ങളില്‍ നിന്നും 
ഭൂമി ദേവിക്ക് 
ഗുരുസി പൂജ ചെയ്യണം 

 

എനിക്കും നിനക്കുമിടയില്‍ 

എനിക്കും നിനക്കുമിടയില്‍ 
വിണ്ണോളം ഓര്‍മ്മകളായിരുന്നു
നീയില്ലാത്ത ഓര്‍മ്മകളെന്നെ 
ശ്വാസം മുട്ടിക്കുന്നു.

എനിക്കും നിനക്കുമിടയില്‍ 
തീയോളം ചൂടുനിശ്വാസമായിരുന്നു  
ഇന്നവയെന്നെ ചുട്ടുപൊള്ളിക്കുന്നു.

എനിക്കും നിനക്കുമിടയില്‍ 
മരുഭൂമിയോളം പ്രതീക്ഷകളായിരുന്നു
ഇന്നവയെല്ലാം മരുപ്പച്ചകളായി.

എനിയ്ക്ക് നിനക്കുമിടയില്‍ 
മണ്ണൊളം മോഹങ്ങളായിരുന്നു 
ഇന്നവയെല്ലാം മണ്ണിട്ട് മൂടിപ്പോയി.

എനിക്കും നിനക്കുമിടയില്‍ 
കടലോളം കനവുകളായിരുന്നു
'ആ' 
പ്രക്ഷുബ്ദക്കുശേഷം 
ശാന്തമായ് ഒഴുകുന്നു.

എന്നിട്ടും 
എനിക്കും നിനക്കുമിടയില്‍ 
ഞാന്‍ മാത്രം ഒതുങ്ങിപ്പോയ്

നീ 

നീയൊഴുകും  
എന്‍ ധമനികളില്‍ 
നിനവൊഴുകും
നിന്നോര്‍മ്മകളില്‍ 
നോവറിയും 
എന്നോര്‍മ്മകളില്‍ 
നിണമൊഴുകും 
എന്‍ തിരുമുറിവില്‍
ഇതള്‍ വിരിയും ഈ രാവില്‍  
ഇരുള്‍ പടരും ചിന്തകളില്‍ 
കനലെരിയും കണ്ണിമയില്‍ 
കണ്‍തിരിയെരിയും
ഈ ഇടനെഞ്ചില്‍.  

 

ബയോപ്‌സി 

ഇന്നലെയെന്‍ 
പ്രണയത്തിന്‍ 
ബയോപ്‌സി റിപ്പോര്‍ട്ട് കിട്ടി .
അനിയന്ത്രിതമാം വളരുന്ന
ഓര്‍മ്മകളെ അവള്‍ കാര്‍ന്നുതിന്നുന്നു.
 
കിമോ നല്‍കണം 
നഷ്ട സ്വപ്‌നങ്ങള്‍
റേഡിയേഷനാല്‍ വാടിക്കരിക്കണം 
ഓര്‍മ്മകള്‍ പൊഴിക്കണം 
മെലിയുന്ന സങ്കല്‍പ്പ ചിത്രങ്ങള്‍ക്കുള്ളില്‍ 
എനിക്കിനി വേണ്ടാ വേദന സംഹാരികള്‍. 
ഉണരണം ഓര്‍മ്മതന്‍ 
വേദന വലയില്‍ നിന്നും 
വിടരണം മറവിതന്‍ സ്മൃതികള്‍. 
എനിക്കായി ജയിച്ചുണരുന്ന 
കിമോ ഭടന്‍മാര്‍ക്കൊപ്പം 
തളിര്‍ക്കണം സ്വപ്നവും പ്രതീക്ഷയും.  
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

vuukle one pixel image
click me!
vuukle one pixel image vuukle one pixel image