ഖോ ഖോ ലോകകപ്പില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി; നേപ്പാളിനെ തോല്‍പ്പിച്ചത് 42-37ന്

By Web Desk  |  First Published Jan 14, 2025, 10:03 AM IST

ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളില്‍ ഒന്നായ ഖോ ഖോ ലോകകപ്പില്‍ 39 ടീമുകള്‍ കളിക്കുന്നുണ്ട്

india beat nepal in kho kho world cup opener

ദില്ലി: ഖോ ഖോ ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ദില്ലി, ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ടീം നേപ്പാളിനെ 42-37ന് തോല്‍പ്പിച്ചു. പ്രതീക് വൈകാറിന്റെ നേതൃത്വത്തില്‍ ഇറങ്ങി ഇന്ത്യ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. തുടക്കത്തില്‍ തന്നെ തുടരെ പോയിന്റുകള്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആധികാരിക വിജയം ആയിരുന്നില്ലെങ്കില്‍ പോലും നേപ്പാളിന്റെ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളില്‍ ഒന്നായ ഖോ ഖോ ലോകകപ്പില്‍ 39 ടീമുകള്‍ കളിക്കുന്നുണ്ട്. പുരുഷ-വനിതാ വിഭാഗങ്ങളിലാണ് ഇത്രയും ടീമുകള്‍. വനിതകള്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും ദക്ഷിണ കൊറിയയാണ് എതിരാളി. ഇതിനിടെ ഇന്ത്യ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തുമെന്ന് പരിശീലകന്‍ അശ്വിനി കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹം പറയുന്നതിങ്ങനെ... ''കായികരംഗം ഒരുപാട് മുന്നോട്ട് പോയി. ഖോ ഖോ ഈ നിലയിലെത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിക്ക് നല്‍കിയതിന് ഫെഡറേഷനോട് ഞാന്‍ അവിശ്വസനീയമാംവിധം നന്ദിയുള്ളവനാണ്.'' അശ്വിനി പറഞ്ഞു. 

Latest Videos

അദ്ദേഹം തുടര്‍ന്നു... ''ഈ ടീമിനെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, ഞങ്ങള്‍ക്ക് ലോകകപ്പ് നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യന്‍ ടീം ലോക വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഞങ്ങള്‍ സമ്മര്‍ദ്ദത്തിലല്ല. സെലക്ടര്‍മാര്‍ സന്തുലിത ടീമിനെ തിരഞ്ഞെടുത്തു, അവര്‍ രാജ്യത്തെ അഭിമാനം കൊള്ളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 39 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. പുരുഷ വിഭാഗത്തില്‍ 20 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. നേപ്പാള്‍, പെറു, ബ്രസീല്‍, ഭൂട്ടാന്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ്  ഇന്ത്യ.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image