'അധിക്ഷേപത്തിനിടെ കുറച്ച് പുകഴ്ത്തലാകാം, വ്യക്തിപൂജക്ക് നിന്ന് കൊടുക്കില്ല'; സ്തുതി ഗാനത്തിൽ പിണറായി വിജയൻ

By Web Desk  |  First Published Jan 16, 2025, 12:11 AM IST

'ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍' എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമർശനമുയർന്നത്.

chief minister pinarayi vijayan comment on secretariat employees association group praise song

തിരുവനന്തപുരം: വ്യക്തിപൂജക്ക് നിന്ന് കൊടുക്കുന്ന ആളല്ല താനെന്നും അധിക്ഷേപങ്ങൾക്കിടയിൽ കുറച്ച് പുകഴ്ത്തലാകാമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റിലെ ഇടത് സംഘടന ഒരുക്കിയ സ്തുതി ഗാനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരുപാട് അധിക്ഷേപത്തിന് ഇടയ്ക്ക് പുകഴ്ത്തൽ വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകും. എന്നാൽ വ്യക്തി പൂജയ്ക്ക് താൻ നിന്നു കൊടുക്കില്ല. സെക്രട്ടേറിയേറ്റ് പരിസരത്ത് തന്‍റെ ഫ്ലക്സ് വച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാരണഭൂതന്‍ വാഴ്ത്തുപാട്ടിന് ശേഷം മുഖ്യമന്ത്രിയെ സ്തുതിക്കുന്ന കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ 'കാവലാൾ' പാട്ടും വലിയ ചർച്ചയായിരുന്നു.  'പണ്ട് രാജക്കൻമാർ വിദൂഷക സംഘത്തിന്‍റെ സ്തുതികേട്ട് രസിച്ചത് പോലെ മുഖ്യമന്ത്രിയും ആസ്വദിക്കുകയാണ്. എന്നെ പറ്റി ഇങ്ങനെ എഴുതിയാൽ താൻ കേൾക്കാൻ നിൽക്കാതെ ഇറങ്ങി ഓടിയേനെയെന്നും, പാട്ട് എഴുതിയവർക്ക് നല്ല നമസ്ക്കാരമെന്നുമായിരുന്നു' പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ പുതിയ പിണറായി സ്തുതി ഗാനത്തെ പരിഹസിച്ചത്.
 
'ചെമ്പടയ്ക്ക് കാവലാള്‍, ചെങ്കനല്‍ കണക്കൊരാള്‍ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായ് സമരധീര സമരധീര സമരധീര സാരഥി പിണറായി വിജയന്‍' എന്നു തുടങ്ങുന്ന ഗാനം പുറത്തായതോടെയാണ് വലിയ വിമർശനമുയർന്നത്. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ നാളത്തെ ഉദ്ഘാടന ചടങ്ങിലാണ് കാവലാൾ എന്ന പേരിലുള്ള സംഘഗാനം ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 100 വനിതകളാണ് ഗാനം അവതരിപ്പിക്കുക. വരികളിൾ ഫുൾ പിണറായി സ്തുതി മാത്രം. ജ്വലിച്ച സൂര്യൻ, പടക്ക് മുന്നിലെ പടനായകൻ, ഫീനിക്സ് പക്ഷി നാടിൻ കൈവിളക്ക് അങ്ങിനെ വാഴ്ത്താനുള്ള സകല വിശേഷണ പദങ്ങളും പാട്ടിൽ ആവോളമുണ്ട്.

Latest Videos

പൂവരണി നമ്പൂതിരിയുടെ കാരണഭൂതൻ തിരുവാതിരയോട് കട്ടക്ക് നിൽക്കും വിധത്തിലാണ് പൂവത്തൂർ ചിത്രസേനൻറെ വരികൾ. ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണ് ചിത്രസേനൻ. ഈണമിട്ടത് നിയമവകുപ്പിലെ ജീവനക്കാരൻ വിമലാണ്.   ഫ്ളെക്സ് നിരോധിച്ച ഹൈക്കോടതി വിധി വെല്ലുവിളിച്ചായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിണറായിയുടെ കൂറ്റൻ കട്ടൗട്ടും ഫ്ലെക്സും വെച്ചത്. വിവാദമായപ്പോൾ നഗരസഭാ ജീവനക്കാർ അതെല്ലാം കൊണ്ട് പോയി. അതിന് പിന്നാലെയാണ് സംഘഗാനം പുറത്തുവരുന്നത്.  

Read More : താലിചാർത്തി, വിവാഹം കഴിച്ചെന്ന് പറഞ്ഞ് 15കാരിയെ മൂന്നാറിലെത്തിച്ച് പീഡനം, ഒത്താശ ചെയ്ത് അമ്മയും; അറസ്റ്റിൽ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image