സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ സ്വാധീനമേഖലയായ മൂത്താൻതറയിലാണ് വീട്. രണ്ടാം അപരൻ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമനാണ്.
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരൻമാരെ ചൊല്ലിയാണ് മുന്നണികള്‍ തമ്മിലുളള ഇപ്പോഴത്തെ പ്രധാന തര്‍ക്കം. സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരൻ മാരെ നിർത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിൻറ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരൻമാരായ രാഹുലുമാർ ഇപ്പോഴും കാണാമറയത്താണ്.
സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ സ്വാധീനമേഖലയായ മൂത്താൻതറയിലാണ് വീട്. ചിഹ്നം എയര്‍കണ്ടീഷണർ. രണ്ടാം അപരൻ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമൻ. സിപിഎമ്മിൻറെ ശക്തികേന്ദ്രമായ കണ്ണാടിയിലാണ് വീട്. ചിഹ്നം തെങ്ങിൻതോട്ടം. പത്രിക സമര്‍പ്പിച്ചത് മുതൽ രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലും മുൻനിര്‍ത്തി സിപിഎം ബിജെപി ഡീൽ ഉയര്‍ത്തി പ്രചാരണം നടത്തുന്ന യുഡിഎഫ് അപരൻമാരുടെ കാര്യത്തിലും ഇതേ ആരോപണം ആവർത്തിക്കുന്നു. പ്രചാരണത്തിലും ഈ കൂട്ടുകെട്ട് വ്യക്തമെന്നാണ് രാഹുലിന്‍റെ ആരോപണം
എന്നാല്‍ അപര സ്ഥാനാർഥിയെ നിർത്തിയിട്ടില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന രാഹുൽ എന്തിന് മറ്റ് സ്ഥാനാർഥികളെ നോക്കണമെന്നാണ് സരിൻറെ ചോദ്യം. രഹസ്യ ചർച്ചകൾ നടത്തിയത് ആര് എന്നൊക്കെ വോട്ടെടുപ്പിന് മുന്നേ തന്നെ പുറത്തുവരുമെന്നും സരിൻ ആരോപിച്ചു. രാഹുൽ എന്തിന് മറ്റ് സ്ഥാനാർഥികളെ നോക്കണം, അത്രയ്ക്ക് അഭിമാന ബോധമേ ഉള്ളൂ. ഇത് തോൽവി ഉറപ്പിച്ചതുകൊണ്ടുള്ള അങ്കലാപ്പാണ്. താൻ സ്വതന്ത്ര സ്ഥാനാർഥിയാണ്. ഇങ്ങനെ ഭയപ്പെട്ടു തുടങ്ങിയാൽ ബോറാണ്. ക്രമ നമ്പർ പ്രകാരം രണ്ടാം സ്ഥാനത്തുള്ള രാഹുൽ എന്തിന് ഒൻപതാം സ്ഥാനത്തുള്ള തന്നെ ഭയക്കുന്നുവെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഹുലിന്‍റെ അപരനില്‍ ബിജെപിക്ക് പങ്കില്ലെന്ന് സി കൃഷ്ണകുമാരും വ്യക്തമാക്കി. ബി ജെ പിക്ക് അപരൻമാരെ നിർത്തി വോട്ട് തേടേണ്ട ആവശ്യമില്ലെന്നാണ് കൃഷ്ണകുമാർ പറയുന്നത്. രണ്ടു രാഹുലുമാരും പിടിക്കുന്ന വോട്ടുകള്‍ പണിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം വോട്ടര്‍മാരുടെ മനസ്സില്‍ പതിയുന്ന തരത്തില്‍ പ്രചാരണം നടത്താനാണ് നേതൃത്വം പ്രവർത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വീഡിയോ സ്റ്റോറി കാണാം
Read More : പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ; 'സതീശൻ ശൈലി മാറ്റേണ്ട'