ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്‍റെ പരാതി. സംഭവം പരിശോധിച്ചുവരുകയാണെന്ന് പൊലീസ്
കോഴിക്കോട്: ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്‍റെ പരാതി. സംഭവത്തിൽ ഡി വൈ എഫ് ഐ കോഴിക്കോട് നാദാപുരം ബ്ലോക്ക് സെക്രട്ടറി രാഹുൽ രാജനെതിരെ പൊലീസിൽ പരാതി നൽകി. നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗം ടി. ജയലേഷ് രാഹുൽ രാജനെതിരെ പരാതി നൽകിയത്.
രാഹുൽ രാജിനെതിരായ ഒരു വാട്സ് ആപ്പ് സന്ദേശം ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ജയലേഷ് അയച്ചുകൊടുത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് രാഹുൽ രാജ് ഭീഷണി മുഴക്കിയതെന്നാണ് ജയലേഷ് പരാതിയിൽ പറയുന്നത്. യഥാര്‍ത്ഥ വസ്തുത ബന്ധപ്പെട്ട പാർട്ടി നേതൃത്വത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ജയലേഷ് പരാതിയിൽ പറഞ്ഞു. നാദാപുരം ഡിവൈഎസ്പിക്കാണ് ഇന്ന് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി പരിശോധിച്ച് വരികയാണെന്നും അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.