കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ; എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് മുൻ ഓഫീസ് സെക്രട്ടറി

By Web TeamFirst Published Oct 31, 2024, 3:56 PM IST
Highlights

കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. പണം ചാക്കിൽ കെട്ടിയാണ് കൊണ്ട് വന്നത്. ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്.

ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താൻ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉടനെ ഉണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.

Latest Videos

മെറ്റിരീയൽസ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ചാക്കുകള്‍ കയറ്റാനും മറ്റും താനാണ് സഹായിച്ചത്. പിന്നീടാണ് പണമാണെന്ന് അറിഞ്ഞത്. ഓഫീസിൽ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണ് പണം വെച്ചിരുന്നത്. അതിന് കാവലിരിക്കലായിരുന്നു എന്‍റെ പ്രധാന പണി. പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടി തോന്നി. പിന്നീട് മുറി പൂട്ടിയാണ് പണം സൂക്ഷിച്ചത്. ലോഡ്ജിൽ മുറിയെടുത്ത് കൊടുത്തശേഷം ധര്‍മരാജും മറ്റുള്ളവരും അങ്ങോട്ട് പോവുകയായിരുന്നു.

ഇതിനുശേഷം പിറ്റേ ദിവസമാണ് പണം  കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിയുന്നതും കൊടകര കുഴല്‍പ്പണ കേസായതുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. അന്ന് ജില്ല ഓഫീസ് സെക്രട്ടറിയായിരുന്നതിനാൽ പൊലീസിന് ഇത്തരത്തിൽ മൊഴി നല്‍കിയിട്ടില്ല. ഇനി കേസ് വിചാരണക്ക് വരുമ്പോള്‍ യഥാര്‍ത്ഥ സംഭവം പറയണമെന്നുണ്ടായിരുന്നു. അതിന് മുമ്പ് മാധ്യമങ്ങളോട് ഇക്കാര്യം പറയാൻ തീരുമാനിക്കുകയായിരുന്നു. 

വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും കോടതിയിൽ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും തിരൂര്‍ സതീഷ് പറഞ്ഞു.കൊടകര കുഴല്‍പ്പണ കേസ് നടക്കുമ്പോള്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്. നിലവില്‍ പാര്‍ട്ടിയിൽ നിന്ന് പുറത്താണ് തിരൂര്‍ സതീഷ്. 
 

കൊടകര കുഴൽപ്പണ കേസ്; 'പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു' ഇന്‍കം ടാക്സിനെതിരെ പൊലീസ്

click me!