കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ കെട്ടിച്ചമച്ചതെന്നും പിന്നിൽ സിപിഎമ്മെന്നും ബിജെപി
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ. സാമ്പത്തിക ക്രമക്കേടടക്കം പരാതികളെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിൻ്റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും ആരോപണം ഉന്നയിക്കാൻ ഇത്രയും വൈകിയതിൻ്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോൾ സംശയമെന്നും കെ.കെ.അനീഷ് കുമാർ പറഞ്ഞു.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. പണം കിട്ടിയാൽ എന്തും പറയുന്ന ആളാണ് സതീഷ്. അങ്ങനെ വിവരങ്ങൾ അറിയാമെങ്കിൽ എന്തുകൊണ്ട് രണ്ട് വർഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല? ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോൾ രജിസ്റ്റർ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു.
കേസിൽ സംസ്ഥാന സർക്കാർ എന്ത് അന്വേഷണവും നടത്തട്ടെയെന്ന് അനീഷ് കുമാർ പറഞ്ഞു. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. തെരഞ്ഞെടുപ്പ് സമയത്ത് ധർമരാജനെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങൾ എടുത്ത് നൽകാൻ വന്ന ആൾക്ക് താമാസ സൗകര്യം ഏർപ്പെടുത്താൻ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് സമഗ്രി എത്തിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് ധർമരാജൻ. നടപടിക്ക് ശേഷം ഇയാൾ ബിജെപി ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാർ പറഞ്ഞു.