എർദോ​ഗാന്റെ പ്രധാന എതിരാളിയായ ഇസ്താംബുൾ മേയറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ബിരുദം റദ്ദാക്കി 'മുന്‍കരുതല്‍'

കസ്റ്റഡിക്ക് പിന്നാലെ, പ്രതിഷേധങ്ങൾ തടയുന്നതിനായി ഉദ്യോഗസ്ഥർ ഇസ്താംബൂളിലെ നിരവധി റോഡുകൾ അടച്ചു. നാല് ദിവസത്തേക്ക് പ്രകടനങ്ങൾ നിരോധിക്കുകയും ചെയ്തു.

Police detain Istanbul mayor krem Imamoglu, Erdogan's main rival

അങ്കാറ:  അഴിമതി, ഭീകര ബന്ധങ്ങൾ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ഇസ്താബുൾ മേയറും തുർക്കിയിലെ പ്രമുഖ പ്രതിപക്ഷ നേതാവും പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പ്രധാന വിമർശകനുമായ എക്രെം ഇമാമോലുവിനെ ബുധനാഴ്ച തുർക്കി പൊലീസ് കസ്റ്റഡിയിലെടുത്തു.  മേയറെയും ഏകദേശം 100 പേരെയും കസ്റ്റഡിയിലെടുക്കാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടതിനെ തുടർന്നായിരുന്നു നടപടി. ഇമാമോഗ്ലുവിന്റെ അടുത്ത അനുയായിയായ മുറാത്ത് ഒൻഗുണും കസ്റ്റഡിയിലായവരില്‍ ഉൾപ്പെടുന്നു. 

കസ്റ്റഡിക്ക് പിന്നാലെ, പ്രതിഷേധങ്ങൾ തടയുന്നതിനായി ഉദ്യോഗസ്ഥർ ഇസ്താംബൂളിലെ നിരവധി റോഡുകൾ അടച്ചു. നാല് ദിവസത്തേക്ക് പ്രകടനങ്ങൾ നിരോധിക്കുകയും ചെയ്തു. നിരവധി പൊലീസുകാർ വീട്ടിലെത്തി വളഞ്ഞതിന് ശേഷമായിരുന്നു നടപടിയെന്ന് ഇമാമോലു വെളിപ്പെടുത്തി. മാർച്ചിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ എർദോ​ഗാന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതേസമയം നടപടിയിൽ രാഷ്ട്രീയമില്ലെന്ന് ഭരണപക്ഷം വിശദീകരിച്ചു. തുർക്കിയിലെ സർവകലാശാല ഇമാമോലുവിന്റെ ഡിപ്ലോമ കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തടയാനാണ് ഇത്തരമൊരു നടപടിയെന്ന് വിമർശനമുയർന്നു. തുർക്കി നിയമം അനുസരിച്ച് സ്ഥാനാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം.

Latest Videos

Read More... ഗാസ ആക്രമണം; നെതന്യാഹുവിനെതിരെ ജറുസലേമിൽ പ്രതിഷേധം, വെടിനിർത്തൽ ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കൾ

2028ലാണ് തുർക്കിയിൽ അടുത്ത ജനറൽ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യം വലിയ സ്വേച്ഛാധിപത്യത്തെ നേരിടുകയാണെന്നും പോരാടുമെന്നും ഇമാമോലു ഒരു സോഷ്യൽ മീഡിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റികളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ വിദഗ്ധനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുയർന്നു. തുർക്കിയുടെ സുപ്രീം ഇലക്ടറൽ കൗൺസിൽ അംഗങ്ങളെ അപമാനിച്ചതിന് 2022 ലെ ശിക്ഷാവിധിക്കെതിരെ ഇമാമോലു നിയമപരമായി മുന്നോട്ടുപോകുകയാണ്. 
2019-ൽ മേയറായി  ഇമാമോലു തെരഞ്ഞെടുക്കപ്പെട്ടത് എർദോഗനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിക്കും കനത്ത തിരിച്ചടിയായിരുന്നു. 25 വർഷത്തെ ഇസ്താംബൂൾ ഭരണത്തിന് ശേഷമാണ് എർദോ​ഗാന്റെ പാർട്ടി തോറ്റത്. കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷവും അദ്ദേഹം തന്റെ സ്ഥാനം നിലനിർത്തി. 

vuukle one pixel image
click me!