മുത്തച്ഛന്‍റെ മടിയിലിരുന്ന ഒന്നര വയസ്സുകാരിയെ പിറ്റ്ബുൾ കടിച്ചു; 18 സ്റ്റിച്ചുകൾ, കേസെടുത്തില്ലെന്ന് പരാതി

By Web Team  |  First Published Jan 20, 2024, 11:04 AM IST

നായയുടെ ഉടമയും ആറോ ഏഴോ പേരും ചേർന്ന് ശ്രമിച്ചപ്പോള്‍ മാത്രമാണ് നായ പിടി വിട്ടത്.


ദില്ലി: മുത്തച്ഛന്‍റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിന്‍റെ കാലില്‍ കടിച്ച് നായ. ഒന്നര വയസ്സുകാരിക്കാണ് പിറ്റ്ബുളിന്‍റെ കടിയേറ്റത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കാലില്‍ മൂന്നിടത്ത് പരിക്കുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.  

ദില്ലിയിലെ ബുരാരിയില്‍ ജനുവരി 2നാണ് സംഭവം. കുഞ്ഞ് 17 ദിവസമായി ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു, കാലില്‍ 18 സ്റ്റിച്ചുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. 

Latest Videos

അയല്‍വാസിയുടെ നായയാണ് കുഞ്ഞിനെ കടിച്ചത്. നായയുടെ ഉടമയും ആറോ ഏഴോ പേരും ചേർന്ന് ശ്രമിച്ചപ്പോള്‍ മാത്രമാണ് നായ പിടി വിട്ടത്. ഈ ദൃശ്യം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. നായയെ അഴിച്ചുവിടുന്നതിനെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുഞ്ഞിന്‍റെ അച്ഛന്‍ ആരോപിച്ചു. കുഞ്ഞിന്‍റെ കാൽ പൂർണമായും പ്ലാസ്റ്ററും ബാൻഡേജും കൊണ്ട്  പൊതിഞ്ഞിരിക്കുകയാണ്. 

പിറ്റ് ബുൾ നായകളെ വളർത്താന്‍ ഇന്ത്യയില്‍ അനുമതിയില്ല. ഇവ അപകടകാരികളാണ് എന്നതാണ് കാരണം. എന്നിട്ടും പലരും നിയമ വിരുദ്ധമായി പിറ്റ്ബുളിനെ വളർത്തുന്നുണ്ട്. പരാതി നല്‍കിയിട്ടും നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. നായയുടെ ഉടമ ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണ്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബുരാരി പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാർ നിർബന്ധിച്ചതായും കുടുംബാംഗങ്ങൾ ആരോപിച്ചു. 

undefined

ജനുവരി 9 ന് രോഹിണി സെക്ടർ 25 പ്രദേശത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഏഴു വയസ്സുകാരിയെ അയൽവാസിയുടെ അമേരിക്കൻ ബുള്ളി നായയാണ് ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ 15 മുറിവുകൾ ഉണ്ടായിരുന്നു. പ്രദേശത്തെ നായകളുടെ ശല്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.അപകടകരവും അക്രമാസക്തവുമായ സ്വഭാവം കാരണമാണ് പിറ്റ് ബുള്‍ ഉള്‍പ്പെടെയുള്ള നായകളെ വളർത്താന്‍ അനുമതി നല്‍കാത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!