ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാൻ ശുപാര്‍ശ; മൊബൈൽ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാൻ വിദഗ്ധ സഹായം തേടും

ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു.

delhi highcourt judge justice varma cash at home row supreme court recommends transfer to Allahabad high court

ദില്ലി:ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാനുള്ള ശുപാർശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ കൊളീജിയത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്. സംഭവത്തിൽ തൽക്കാലം പാർലമെൻറിൽ പ്രത്യേക ചർച്ച വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിളിച്ച യോഗം ധാരണയിലെത്തി. 

ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയെ കേസ് കേൾക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്താൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശം നല്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് യശ്വന്ത് വർമ്മയെ മടക്കി അയക്കാനുള്ള ശുപാർശ ഇന്നു ചേർന്ന കൊളീജിയം അംഗീകരിച്ചു. അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്‍റെ എതിർപ്പ് കോടതി തള്ളി.

തുടർന്ന് ജസ്റ്റിസ് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് അസോസിയേഷൻ വീണ്ടും ചീഫ് ജസ്റ്റിസിന് കത്ത് നൽകി. സാധാരണ ജഡ്ജിമാർക്കെതിരെയുള്ള അന്വേഷണ വിവരം രഹസ്യമായി വെയ്ക്കുകയാണ് പതിവ്. അതിനാൽ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതിൽ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ട് ഇന്ന് വന്നിരുന്നു. പാർലമെൻറിന്‍റെ ഇരുസഭകളിലും മറ്റു നടപടികൾ നിര്‍ത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് എംപിമാർ നോട്ടീസ് നല്കിയിരുന്നു.

Latest Videos

രാജ്യസഭ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ സഭ നേതാവ് ജെപി നദ്ദ, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്തു. കോടതി ദൃശ്യങ്ങൾ അടക്കം നല്കിയത് അസാധാരണ നടപടിയെന്നും ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉയർത്തുമെന്നും ഉപരാഷ്ട്രപതി പിന്നീട് പറഞ്ഞു. കോടതിയുടെ അന്വേഷണം പൂർത്തിയാകും വരെ കാത്തിരിക്കാനും ചർച്ചയിൽ ഉപരാഷ്ട്രപതി നിർദ്ദേശിച്ചു.

ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ദൃശ്യത്തിലുള്ളത് വർമ്മയുടെ വീട്ടിലെ സ്റ്റോർ റൂമാണോ എന്നും വിദഗ്ധർ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്‍റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. ഇന്നലെ സുപ്രീം കോടതിയിലെ ഉന്നത ഉദ്യോഗസ്ഥൻ ഗാർഗിന്‍റെ ഓഫീസിലെത്തി നോട്ട് കണ്ടെത്തിയില്ല എന്ന് ആദ്യം പറഞ്ഞതിന്‍റെ കാരണം അന്വേഷിച്ചു. മൂന്നംഗ സമിതി വിശദമായ പരിശോധനയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ വരാൻ സാധ്യതയില്ല.

ദില്ലി ഹൈക്കോടതി ജഡ്ജിയെ ജോലിയിൽ നിന്ന് മാറ്റിനിർത്തും; ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

 

tags
vuukle one pixel image
click me!