റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയെന്ന അഭ്യൂഹവമുണ്ട്.
ബ്രസീലിയ: അര്‍ജന്റീനയ്‌ക്കെതിരായ കൂറ്റന്‍ തോല്‍വിക്ക് പിന്നാലെ ബ്രസീലിന്റെ കോച്ച് ഡൊറിവല്‍ ജൂനിയറിനെ ഉടന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024ല്‍ ബ്രസീലിന്റെ മാനേജറായി ചുമതലയേറ്റ ഡൊറിവല്‍ ജൂനിയറിന് ഒപ്പം നിറം മങ്ങിയ പ്രകടനമാണ് ബ്രസീല്‍ താരങ്ങള്‍ പുറത്തെടുത്തത്. കളിച്ച 16 മത്സരങ്ങളില്‍ ഒന്‍പതിലും ബ്രസീലിന് ജയിക്കാനായില്ല. ലോകകപ്പ് യോഗ്യത റൗണ്ടില്‍ 14 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്രസീല്‍ നിലവില്‍ നാലാം സ്ഥാനത്താണ്. 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് ബ്രസീല്‍ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെന്നാണ് വിവരം. ഇതിനിടെ റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടിയുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയെന്ന അഭ്യൂഹവമുണ്ട്. ഇതിനിടെ കാര്‍ലോ ആഞ്ചലോട്ടിയുമായി രണ്ട് വര്‍ഷം മുന്‍പ് ബ്രസീല്‍ ചര്‍ച്ച നടത്തിയുരുവെന്ന് സ്ഥിരീകരിച്ച് ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോ രംഗത്തെത്തി. കാര്‍ലോയുമായുള്ള ചര്‍ച്ചകള്‍ക്ക് ഞാനും സഹായിച്ചിരുന്നു.
പക്ഷേ റയല്‍ മാഡ്രിഡ് അദ്ദേഹത്തെ റിലീസ് ചെയ്തില്ല. റയലിനൊപ്പം ആഞ്ചലോട്ടി വലിയ വിജയങ്ങള്‍ നേടിയില്ലായിരുന്നുവെങ്കില്‍ ബ്രസീലിലേക്ക് ആഞ്ചലോട്ടി എത്തിയേനെ എന്ന് റൊണാള്‍ഡോ നസാരിയോ സ്പാനിഷ് മാധ്യമത്തോട് പറഞ്ഞു. ജൂണ്‍ നാലിന് ഇക്വഡോറിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.