മുംബൈ പൊലീസിന്‍റെ ഹിന്ദി റീമേക്ക്
ഷാഹിദ് കപൂറിനെ നായകനാക്കി മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവ ഒടിടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍ വിജയം നേടിയ തന്‍റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ചിത്രം നാളെ (28) സ്ട്രീമിംഗ് ആരംഭിക്കും.
ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക.
2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്തു.