കേരളത്തിലെ പ്രധാന ഭവന പദ്ധതികള്‍, ലൈഫ് പദ്ധതിയുടെ ലക്ഷ്യം എന്ത്, ഗുണഭോക്താക്കളുടെ മുന്‍ഗണനാ മാനദണ്ഡം എന്താണ്? ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം എന്താണ്? പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)
പാവപ്പെട്ടവര്‍ക്ക് ഉപകാരപ്രദമാകുന്ന വിവിധ ഭവന പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. സ്വന്തം വീട് വെക്കണം എന്ന സ്വപ്‌നവുമായി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് ഈ പദ്ധതികള്‍ പ്രയോജനകരമാകും. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതികള്‍ വഴിയൊരുക്കുന്നു. ഈ സര്‍ക്കാര്‍ പദ്ധതികളില്‍ എങ്ങനെ വീട് വെക്കാന്‍ സബ്‌സിഡി കിട്ടും? എങ്ങനെ അപേക്ഷിക്കാം, ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്, എത്ര രൂപ വരെ സബ്‌സിഡി ലഭിക്കും?
പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍
നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കും, ഇടത്തരക്കാര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും താങ്ങാനാവുന്ന ഭവന സൗകര്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന്‍ 2.0 (PMAY-U 2.0). പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാം ഘട്ടത്തില്‍ ഒരു കോടി ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു.
2024 ഓഗസ്റ്റ് 9-ന് യൂണിയന്‍ കാബിനറ്റ് അംഗീകരിച്ച ഈ പദ്ധതി 2024 സെപ്റ്റംബര്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. ഈ പദ്ധതി പ്രകാരം ഒരു വീടിന് 2.50 ലക്ഷം രൂപ സബ്സിഡി തുകയായി നല്‍കും.
PMAY-U 2.0 പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് നഗരപ്രദേശങ്ങളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എല്ലാ കാലാവസ്ഥയിലും സംരക്ഷണം നല്‍കുന്ന വീടുകള്‍ നല്‍കുക എന്നതാണ്. ഗുണഭോക്താക്കളുടെ യോഗ്യത അനുസരിച്ച് PMAY-G അല്ലെങ്കില്‍ PMAY-U 2.0 പ്രകാരം ആനുകൂല്യങ്ങള്‍ നേടാം.
ചേരി നിവാസികള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, വിധവകള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ എന്നിവരുടെ ഭവന ആവശ്യങ്ങളാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
PMAY-U 2.0 പദ്ധതിക്ക് നാല് വിഭാഗങ്ങളുണ്ട്.
ഗുണഭോക്താക്കള്‍ നയിക്കുന്ന നിര്‍മ്മാണം (BLC)
പങ്കാളിത്തത്തോടെയുള്ള നിര്‍മാണം (AHP)
താങ്ങാനാവുന്ന വാടക ഭവന സമുച്ചയങ്ങള്‍ (ARH)
പലിശ സബ്സിഡി പദ്ധതി (ISS)
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
നഗരങ്ങളില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നര്‍ക്കും (EWS), കുറഞ്ഞ വരുമാനമുള്ളവര്‍ക്കും (LIG) അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ളവര്‍ക്കും (MIG) സ്വന്തമായി വീടില്ലാത്ത കുടുംബാംഗങ്ങളുടെ പേരില്‍ വീടില്ലാത്തവര്‍ക്കും സബ്സിഡിക്ക് അപേക്ഷിക്കാം.
3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളായി കണക്കാക്കുന്നു. അതേസമയം, കുറഞ്ഞ, ഇടത്തരം വരുമാന വിഭാഗങ്ങള്‍ക്കുള്ള വരുമാന പരിധി യഥാക്രമം 6 ലക്ഷം രൂപയും 9 ലക്ഷം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഭവന പദ്ധതിയില്‍ നിന്ന് ആനുകൂല്യം ലഭിച്ച അപേക്ഷകര്‍ക്ക് ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കില്ല.
ആവശ്യമായ രേഖകള്‍ എന്തൊക്കെ?
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് PMAY-U-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (pmay-urban.gov.in) വഴിയോ, കോമണ്‍ സര്‍വീസ് സെന്ററുകള്‍ (CSC) വഴിയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/മുനിസിപ്പാലിറ്റികള്‍ വഴിയോ അപേക്ഷിക്കാം.
അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെയും കുടുംബത്തിന്റെയും ആധാര്‍ വിവരങ്ങള്‍, ആക്ടീവ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ്, ഭൂമി രേഖകള്‍ എന്നിവ ആവശ്യമാണ്.
യോഗ്യത പരിശോധിക്കുന്നതിന്, അപേക്ഷകര്‍ അവരുടെ ആധാര്‍ വിവരങ്ങള്‍, വരുമാനം, മറ്റ് വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. യോഗ്യത സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിച്ച് ഫോം സമര്‍പ്പിക്കാവുന്നതാണ്.
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - PMAY(G) PMAY Gramin
2016-17 മുതല്‍ 2018-19 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) അഥവാ PMAY(G). 2011ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേരളത്തില്‍ 2016-17 വര്‍ഷം 24341 വീടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/ രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/ രൂപയുമാണ് നല്‍കുന്നത്. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് തുക നല്‍കുന്നത് പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പ്രധാനമന്തി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം വീടിനോടൊപ്പം ശുചിമുറി ഉള്‍പ്പെടെ നിശ്ചിത സമയത്തിനകം ഗുണമേന്മയുളള ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുളളവര്‍ക്ക് 70000/ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികള്‍ക്കുളള പരിഹാരം കാണുവാന്‍ ജില്ലാ തലത്തില്‍ അപ്പലേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി മിഷന്‍ മോഡലിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാ ഗ്രാമതലങ്ങളില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
ഓണ്‍ലൈന്‍ അപേക്ഷ
ഗുണഭോക്തൃ രജിസ്‌ട്രേഷന്‍ മാനുവല്‍ - https://pmayg.nic.in/netiayHome/Document/Document-PMAYG-Registratio-Manual.pdf
ഗുണഭോക്തൃ രജിസ്‌ട്രേഷന് ചെയ്യുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, കണ്‍വെര്‍ജന്‍സ് വിവരങ്ങള്‍, ബന്ധപ്പെട്ട ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ എന്നി ഉണ്ടായിരിക്കണം. വിജയകരമായി ഗുണഭോക്താവിനെ രജിസ്റ്റര്‍ ചെയ്യുന്നതിനോ ചേര്‍ക്കുന്നതിനോ, താഴെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക:PMAY-G ലോഗിന്‍ ചെയ്യുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://pmayg.nic.in/netiayHome/home.aspx. ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിനുള്ള സമ്മത പത്രം അപ്ലോഡ് ചെയ്യുക. ഗുണഭോക്താവിന്റെ പേര്, PMAY ഐഡി, മുന്‍ഗണന എന്നിവ കണ്ടെത്താന്‍ സെര്‍ച്ച് ബട്ടണില്‍ ക്ലിക്കുചെയ്യുക. പിന്നീട് 'Select to Register' എന്നതില്‍ ക്ലിക്കുചെയ്യുക. ഗുണഭോക്തൃ വിശദാംശങ്ങള്‍ അവിടെ കാണാം. തുടര്‍ന്ന് ഉടമസ്ഥത, ആധാര്‍ നമ്പര്‍ തുടങ്ങിയ ശേഷിക്കുന്ന ഗുണഭോക്തൃ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സമ്മത പത്രം അപ്ലോഡ് ചെയ്യുക. അടുത്ത കാറ്റഗറിയില്‍, ഗുണഭോക്താവിന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ചേര്‍ക്കുക.
ഗുണഭോക്താവ് വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതെ എന്ന് സെലക്ട് ചെയ്ത് ആവശ്യമായ വായ്പ തുക നല്‍കുക. അടുത്ത വിഭാഗത്തില്‍, ഗുണഭോക്താവിന്റെ MGNREGA ജോബ് കാര്‍ഡ് നമ്പറും സ്വച്ഛ് ഭാരത് മിഷന്‍ (SBM) നമ്പറും നല്‍കുക. ഇനിയുള്ളത് ബന്ധപ്പെട്ട ഓഫീസ് പൂരിപ്പിക്കേണ്ടതാണ്.
ആവശ്യമായ രേഖകള്‍
ആധാര്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (അപേക്ഷകന്‍ നിരക്ഷരനാണെങ്കില്‍, വിരലടയാളത്തോടൊപ്പം സമ്മതപത്രവും നേടേണ്ടതുണ്ട്)
ജോബ് കാര്‍ഡ് (MGNREGAയില്‍ രജിസ്റ്റര്‍ ചെയ്തത്)
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ - ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും.
സ്വച്ഛ് ഭാരത് മിഷന്‍ (എസ്ബിഎം) നമ്പര്‍.
ഗുണഭോക്താക്കള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ സ്വന്തമായി വീട് ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം.
കേരളത്തിലെ പ്രധാന ഭവന പദ്ധതികള്‍
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - ലൈഫ്
ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി
ഇന്ദിരാ ആവാസ് യോജന (IAY)
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) - PMAY(U)
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) - PMAY(G)
രാജീവ് ആവാസ് യോജന (RAY)
പ്രധാനമന്ത്രി ആവാസ് യോജന (PMAY)
ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍ (BSUP)
സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി (IHSDP)
ലൈഫ് പദ്ധതിയുടെ ലക്ഷ്യം എന്ത്?
കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.
ആരൊക്കെയാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍?
ഭൂമിയുള്ള ഭവനരഹിതര്‍
ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനം ഉള്ളവര്‍
ഗുണഭോക്താക്കളുടെ മുന്‍ഗണനാ മാനദണ്ഡം എന്താണ്?
മാനസിക വെല്ലുവിളി നേരിടുന്നവര്‍ / അന്ധര്‍ / ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍
അഗതികള്‍
അംഗവൈകല്യമുള്ളവര്‍
ഭിന്നലിംഗക്കാര്‍
ഗുരുതര / മാരക രോഗമുള്ളവര്‍
അവിവാഹിതരായ അമ്മമാര്‍
രോഗം / അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍
വിധവകള്‍
ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്?
കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നു.
സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വിവരം എവിടെ ലഭിക്കും?
സര്‍വ്വേ വിവരങ്ങള്‍ സര്‍ക്കാര്‍/ലൈഫ് മിഷന്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും പകര്‍പ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ മിഷന്‍ ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ്, കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും.
ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി എവിടെ നല്‍കണം?
പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഉണ്ടായിരിക്കും.
സര്‍വ്വേ ലിസ്റ്റില്‍ ഉള്‍ പ്പെടാത്ത ഭൂരഹിത-ഭവനരഹിതരെ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരം ആര്‍ക്കാണ്?
തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍
ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ മാത്രമാണോ ലൈഫ് മിഷന്റെ ഗുണഭോക്താക്കള്‍?
അല്ല. ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ എന്നിവരും ലൈഫ് മിഷന്റെ ഗുണഭോക്താക്കളാണ്
റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ ഒഴിവാക്കിയവരും എന്നാല്‍ വളരെ അര്‍ഹതയുള്ളവരെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ?
അഗതികളെ ഉള്‍പ്പെടുത്താം, ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതാണ്.
ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം
2011-ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേ അടിസ്ഥാനമാക്കും
ഈ സര്‍വ്വേയില്‍ ഭവനരഹിതര്‍ എന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ നേരിട്ടു സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കും. സര്‍വേയ്ക്കുള്ള ചുമതല കുടുംബശ്രീക്ക് ആയിരിക്കും. ജെ.എച്ച്.ഐ തുടങ്ങിയവര്‍). ലഭ്യമാകുന്ന സര്‍വേ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിസ്ഥിത വിവരശേഖരത്തിലേക്ക് വിന്യസിപ്പിക്കേണ്ടതാണ്. സര്‍വേ വിവരങ്ങള്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി വെബ്‌സൈറ്റിലും പകര്‍പ്പുകള്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസ് തലത്തിലും പ്രസിദ്ധീകരിക്കും. ആക്ഷേപം സ്വീകരിക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ സംവിധാനം ഉണ്ടായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടിക ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല ജില്ലാ മിഷന് ആയിരിക്കും.ആക്ഷേപങ്ങള്‍ കേട്ടശേഷം തയ്യാറാക്കുന്ന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്/ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും.
ഇതില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജില്ലാതല സമിതിക്ക് ആക്ഷേപം നല്‍കാവുന്നതാണ്. ആര്‍.ഡി.ഒ/സബ് കളക്ടര്‍, അസി.കളക്ടര്‍ എന്നിവര്‍ ഇത് പരിശോധിച്ച് പട്ടിക അന്തിമമാക്കും.