ന്യൂയോര്‍ക്ക് വേള്‍ഡ് ന്യൂസ്പേപ്പറിന് വേണ്ടിയാണ് നെല്ലി ആ അസൈന്‍മെന്‍റ് ചെയ്യാന്‍ തയ്യാറാവുന്നത്. ന്യൂയോര്‍ക്കിലെ വിമന്‍ ലൂണാറ്റിക് അസൈലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തുക എന്നതായിരുന്നു അത്. അവിടെനിന്നും കണ്ടെത്തിയ വിവരങ്ങള്‍ വെച്ച് പിന്നീട് നെല്ലിയുടെ ടെന്‍ ഡേയ്‍സ് ഇന്‍ എ മാഡ് ഹൗസ് എന്ന പുസ്‍തകവും പുറത്തിറങ്ങിയിരുന്നു. എഡിറ്റര്‍ തന്നോട് ആ ഇന്‍വെസ്റ്റിഗേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട നിമിഷത്തെ കുറിച്ച് അവര്‍ തന്‍റെ പുസ്‍തകത്തിലെഴുതുന്നുണ്ട്. അതിനകത്തെത്തിപ്പെട്ടാല്‍ നിങ്ങളെങ്ങനെ എന്നെ പുറത്തിറക്കും എന്നാണ് നെല്ലി എഡിറ്ററോട് ചോദിച്ചത്. അത് ഞങ്ങള്‍ക്കറിയില്ല, പക്ഷേ നിങ്ങളാരാണെന്നും എന്തിനാണ് അതിനകത്ത് കയറിയതെന്നും പറഞ്ഞിട്ടായാലും അത് ചെയ്യുമെന്നാണ് എഡിറ്റര്‍ പറഞ്ഞത്. എന്നാല്‍, നെല്ലിക്ക് തന്നില്‍ത്തന്നെ നല്ല വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണവര്‍ അതേറ്റെടുക്കുന്നത്. എന്നാല്‍, അത് അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു.
undefined
ആ മാനസികാരോഗ്യകേന്ദ്രത്തിനകത്തെത്താനായി മാനസികപ്രശ്‍നമുള്ളതായി അഭിനയിക്കാന്‍ തന്നെ നെല്ലി തീരുമാനിച്ചു. എന്നാല്‍, അതത്ര എളുപ്പമായിരുന്നില്ല. കണ്ണാടിയുടെ മുന്നില്‍ നിന്ന് പകല്‍നേരം മുഴുവന്‍ അവള്‍ അഭിനയിച്ചു പഠിച്ചു തുടങ്ങി. കുളിക്കുന്നതുപോലും ഇതിനായി അവള്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ആവശ്യത്തിന് ആത്മവിശ്വാസമായപ്പോള്‍ അവള്‍ നെല്ലി ബ്രൗണ്‍ എന്ന പേരില്‍ സ്ത്രീകള്‍ക്കായുള്ള ഒരു താല്‍ക്കാലിക അഭയകേന്ദ്രത്തിലെത്തി. ''അതൊരു ബുദ്ധിമുട്ട് നിറഞ്ഞ ടാസ്‍ക് തന്നെയായിരുന്നു. എനിക്ക് മാനസികാരോഗ്യത്തകരാറുണ്ട് എന്ന് അവരെയെല്ലാം വിശ്വസിപ്പിക്കണം. എന്‍റെ ജീവിതത്തില്‍ അതിന് മുമ്പ് അങ്ങനെയാരെയും ഞാന്‍ കണ്ടിട്ടുപോലുമില്ല. അവരെങ്ങനെയായിരിക്കും പെരുമാറുക എന്നത് ഭാവനയില്‍ കാണുക മാത്രമാണ് ഞാന്‍ ചെയ്‍തിട്ടുള്ളത്. മാത്രവുമല്ല, മാനസികാരോഗ്യത്തെ കുറിച്ച് പഠിച്ച, അറിവുള്ള, പ്രവര്‍ത്തനപരിചയമുള്ള ആളുകളാണ് അവിടെയുള്ളത്. എങ്ങനെയാണ് അവരെ വിശ്വസിപ്പിക്കുക. അവര്‍ വിശ്വസിക്കുമോ എന്നെല്ലാം എനിക്ക് സംശയമുണ്ടായിരുന്നു...'' എന്നാണ് നെല്ലി പറഞ്ഞത്.
undefined
എന്നാല്‍, നെല്ലിക്ക് മാനസികാരോഗ്യത്തിന് പ്രശ്‍നമുണ്ടെന്ന് തന്നെ അവരെല്ലാം വിശ്വസിച്ചു. പെട്ടെന്ന് തന്നെ അവളെ വിമന്‍സ് ലൂണാറ്റിക് അസൈലത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്‍തു. അതോടെ അവള്‍ തന്‍റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു. താന്‍ ആ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കാലെടുത്തുവച്ച നിമിഷത്തെ കുറിച്ച് നെല്ലി തന്‍റെ പുസ്‍തകത്തിലെഴുതുന്നുണ്ട്. 'ഭ്രാന്തോ, നിന്‍റെ മുഖത്ത് അത് കാണുന്നില്ല...' എന്ന് പറഞ്ഞുകൊണ്ട് നെല്ലിയെ കണ്ടപ്പോള്‍ത്തന്നെ ഒരു സ്ത്രീ ഒച്ചവെച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നുവത്രെ.
undefined
10 ദിവസമാണ് നെല്ലി ആ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞത്. അവിടെ കണ്ട കാഴ്‍ചകള്‍ അവളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. തികഞ്ഞ മാനസികാരോഗ്യത്തോടെയാണ് അവളതിനകത്തേക്ക് പ്രവേശിച്ചതെങ്കിലും അവിടെ കണ്ട കാഴ്‍ചകളും അനുഭവവും അവളെ ഭയപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്‍തു. ആ പ്രയാസവും മനസില്‍ പേറിയാണ് അവളതിനകത്ത് നിന്നും തിരികെയെത്തിയത്. അവിടെ നടക്കുന്ന പീഡനങ്ങള്‍ തന്നെയായിരുന്നു അതിന് കാരണം.
undefined
നെല്ലി കണ്ട കാഴ്‍ചകളില്‍ ചിലത് ഇവയെല്ലാമാണ്. രോഗികള്‍ തണുത്ത് വിറക്കുകയും മരവിക്കുകയും ചെയ്‍തിരുന്നു. തണുപ്പ് സഹിക്കാന്‍ വയ്യാതെ 'എന്തെങ്കിലും കുറച്ച് കൂടി തുണി തരൂ'വെന്ന് കെഞ്ചിയാല്‍പ്പോലും അവര്‍ക്ക് ഒന്നും നല്‍കിയിരുന്നില്ല.അവിടെയുള്ളവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലായിരുന്നുവെങ്കില്‍ അന്തേവാസികളെ തുടര്‍ച്ചയായി തല്ലിയിരുന്നു.സ്ത്രീകളെ സംരക്ഷിക്കാനുള്ള ഒരു സംവിധാനവും അതിനകത്തുണ്ടായിരുന്നില്ല. തീപ്പിടിത്തമോ മറ്റോ ഉണ്ടായാല്‍ അവിടെനിന്നും പുറത്തിറങ്ങാനുള്ള യാതൊരു മാര്‍ഗവും സ്ത്രീകള്‍ക്കില്ലായിരുന്നു. രക്ഷിക്കാനായി ആരുമെത്തിയില്ലെങ്കില്‍ അവര്‍ അതിനകത്ത് തന്നെ മരിച്ചുവീഴേണ്ടിവരും.ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനുപകരം അവരെ കയറുകള്‍കൊണ്ട് കെട്ടിയിടുകയാണ് പതിവ്.
undefined
അതുപോലെ തന്നെ അവിടുത്തെ ഭക്ഷണത്തിന്‍റെ അവസ്ഥയും വളരെ മോശമാണെന്ന് നെല്ലി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് നല്‍കിയിരുന്നത് തണുത്ത ചായയും ബ്രെഡ്ഡും ബട്ടറുമായിരുന്നു. അതിന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. ഭക്ഷണത്തില്‍ ഒരിക്കല്‍ ചിലന്തിയെ കിട്ടിയതിനെക്കുറിച്ചും നെല്ലി എഴുതിയിരുന്നു. എന്നാല്‍, എത്ര മോശം ഭക്ഷണമാണെങ്കിലും അത് നിരസിക്കാതെ കഴിക്കണമായിരുന്നു. അഥവാ കഴിക്കാന്‍ വിസമ്മതിച്ചാല്‍ അവരെ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും കഴിക്കുന്നതുവരെ തല്ലുകയും ചെയ്‍തിരുന്നു.
undefined
കുളിക്കുന്നത് അതിലും വലിയ പ്രയാസമായിരുന്നു. തണുത്ത് മരവിക്കുന്ന വെളത്തില്‍ മറ്റ് സ്ത്രീകളുടെയെല്ലാം മുന്നില്‍ നഗ്നയായിട്ടായിരുന്നു കുളിക്കേണ്ടിയിരുന്നത്. തണുത്ത് പല്ലുകള്‍ കൂട്ടിയിടിക്കുകയും ദേഹമാകെ മരവിക്കുകയും നീലനിറമാവുകയും ചെയ്യുമായിരുന്നുവെന്ന് നെല്ലി എഴുതുന്നു. ഒന്നിനു പിറകെ ഒന്നായി വളരെ പെട്ടെന്ന് തന്നെ മൂന്ന് ബക്കറ്റ് വെള്ളം തലയിലും ദേഹത്തും ഒഴിക്കേണ്ടി വന്നു. കണ്ണുകളിലും ചെവിയിലും മൂക്കിലുമെല്ലാം ആ തണുത്ത വെള്ളം വീഴും. വലിച്ചിഴക്കുകയും ശ്വാസം മുട്ടുകയും വിറക്കുകയുമെല്ലാം ചെയ്‍തപ്പോള്‍ മരിച്ചുപോകുന്നപോലെ തോന്നിയെന്നും തനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നിയെന്നും നെല്ലി എഴുതി.
undefined
അതുപോലെ തന്നെ അന്തേവാസികള്‍ രാവിലെ ആറ് മണി മുതല്‍ എട്ട് മണി വരെ സംസാരിക്കുകയോ അനങ്ങുകയോ ചെയ്യാതെ ബഞ്ചുകളിലിരിക്കണം. എഴുതാനോ വായിക്കാനോ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. മാനസികാരോഗ്യത്തോടെയിരിക്കുന്ന ഒരാള്‍ക്ക് പോലും അതിനകത്ത് പെട്ടാല്‍ ഭ്രാന്തായിപ്പോകുമെന്നാണ് നെല്ലി പറഞ്ഞത്.
undefined
പുറത്തിറങ്ങി വളരെപ്പെട്ടെന്ന് തന്നെ നെല്ലി ആ മാനസികാരോഗ്യകേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങളുള്‍ക്കൊള്ളുന്ന ഒരു പുസ്‍തകമെഴുതി. ആ പുസ്‍തകം പെട്ടെന്ന് തന്നെ ശ്രദ്ധേയമാവുകയും കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുത്തരവുണ്ടാവുകയും ചെയ്‍തു. മാനസികാരോഗ്യകകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് സൂക്ഷ്‍മമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായകമായി. തന്‍റെ പ്രവൃത്തി പാവപ്പെട്ട ആ മനുഷ്യര്‍ക്ക് കൂടുതല്‍ പരിചരണം ഉറപ്പുവരുത്താന്‍ സഹായിക്കുന്നതായിരുന്നു എന്നതില്‍ തനിക്ക് ആത്മസംതൃപ്‍തിയുണ്ട് എന്നായിരുന്നു നെല്ലിയുടെ പ്രതികരണം.
undefined