ചീറിപ്പാഞ്ഞ ബൈക്കിൽ നിന്നും താഴെ വീണ ബാ​ഗ്, ഉള്ളിൽ 2 ലക്ഷം രൂപ, യുവാവ് പൊലീസ് സ്റ്റേഷനിലേക്ക്

By Web Team  |  First Published Nov 20, 2024, 4:04 PM IST

സതീഷിന്റെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് നൽകുന്നത് ശക്തമായ സാമൂഹിക ബോധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സന്ദേശമാണെന്നും പോലീസ് പറഞ്ഞു.


വഴിയിൽ നിന്നും വീണുകിട്ടിയ ബാഗിൽ ലക്ഷങ്ങൾ ഉണ്ടായിരുന്നിട്ടും ബാഗ് സുരക്ഷിതമായി പൊലീസിനെ ഏൽപ്പിച്ച് മാതൃകയായി യുവാവ്. ഹൈദരാബാദിലെ ലാലാഗുഡ പ്രദേശത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സതീഷ് യാദവ് എന്ന യുവാവാണ് വഴിയിൽ നിന്ന് പണം നിറച്ച ബാഗ് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിൽ ഇദ്ദേഹം ആദ്യം ഒന്ന് അമ്പരന്നെങ്കിലും ബാഗ് സുരക്ഷിതമായി പോലീസിന് കൈമാറുകയായിരുന്നു.

ജോലി കഴിഞ്ഞ് സതീഷ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അമിതവേഗതിയിൽ വന്ന ഒരു ബൈക്കിൽ നിന്ന് ബാഗ് റോഡിലേക്ക് തെറിച്ചു വീണത്. ബാഗ് നിലത്തു വീണിട്ടും വാഹനം നിർത്താതെ ചീറിപ്പാഞ്ഞു പോയതിനാൽ അത് ഉടമസ്ഥനെ തിരികെ ഏൽപ്പിക്കാൻ സതീഷിന് സാധിച്ചില്ല. സമീപത്തുണ്ടായിരുന്നവരോട് സംസാരിച്ച് ബൈക്ക് യാത്രികനെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇതിനിടയിൽ ബാഗ് തുറന്നു നോക്കിയപ്പോഴാണ് അതിനുള്ളിൽ നോട്ടുകെട്ടുകൾ കണ്ടത്. ആദ്യം അമ്പരന്നു പോയെങ്കിലും സതീഷ് ഉടൻതന്നെ ബാഗ് ലാലാഗുഡ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

Latest Videos

undefined

സതീഷിന്റെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ഇത്തരം പ്രവൃത്തികൾ സമൂഹത്തിന് നൽകുന്നത് ശക്തമായ സാമൂഹിക ബോധത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സന്ദേശമാണെന്നും പോലീസ് പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾ മാത്രം ലക്ഷ്യം വയ്ക്കാതെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന സാമൂഹിക ബോധമുള്ള ആളുകളെയാണ് നാടിന് ആവശ്യമെന്നും സതീഷ് യാദവിനെ അഭിനന്ദിച്ചുകൊണ്ട് പോലീസ് കൂട്ടിച്ചേർത്തു. 

പോലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ആകെ രണ്ട് ലക്ഷം രൂപയാണ് ഉള്ളത് എന്ന് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.

'ജോലിക്ക് കയറിയ അന്നുതന്നെ ജോലി ഉപേക്ഷിച്ചു, ദൈവത്തോട് നന്ദി പറയുന്നു;' ചർച്ചയായി യുവാവിന്റെ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!