തായ്‌വാനില്‍ ഗുണ്ടായിസം കാണിച്ചാല്‍ വെറുതെവിടില്ല, ചൈനയോട് മസിലുപെരുപ്പിച്ച് ബൈഡന്‍

First Published | Oct 22, 2021, 4:40 PM IST

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക നയം മാറ്റുകയാണോ? സിഎന്‍എന്‍ ടൗണ്‍ ഹാള്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയാണ് അമേരിക്കയുടെ നയംമാറ്റത്തെക്കുറിച്ച് സൂചന നല്‍കിയത്. ചൈന തായ്‌വാനെ ആക്രമിച്ചാല്‍ തങ്ങള്‍ തായ്‌വാനെ പ്രതിരോധിക്കുമെന്നാണ് ബൈഡന്‍ പറഞ്ഞത്.  തായ്‌വാനെ യുദ്ധം ചെയ്ത് കൈപ്പിടിയിലാക്കുമെന്ന് ചൈനയും തങ്ങള്‍ തിരിച്ചടിക്കുമെന്ന് തായ്‌വാനും ആവര്‍ത്തിക്കുന്നതിനിടെയാണ് അമേരിക്ക തായ്‌വാന്റെ സംരക്ഷണം തങ്ങളുടെ ബാധ്യതയാണെന്ന് വ്യക്തമാക്കി രംഗത്തുവരുന്നത്. ഇതോടെ, തായ്‌വാനും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മറ്റൊരു തലം കൈവന്നിരിക്കുകയാണ്.

എന്താണ് തായ്‌വാനില്‍ നടക്കുന്നത്? ചൈനയ്ക്ക് തായ്‌വാനില്‍ എന്താണ് കാര്യം? ചൈന ആക്രമിച്ചാല്‍ തായ്‌വാന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ? അമേരിക്ക ചൈനക്കെതിരെ തായ്‌വാനെ സഹായിക്കുമോ? 

തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക ഇത്രകാലവും 'തന്ത്രപരമായ അവ്യക്തത' പാലിക്കുകയായിരുന്നു. തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക ഇടപെടുമോ എന്ന് ചോദിക്കുമ്പോഴൊക്കെ തന്ത്രപരമായി ഒഴിഞ്ഞുമാറിയിരുന്ന അമേരിക്ക എന്നാലിപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. 

യുദ്ധം വന്നാല്‍ തങ്ങള്‍ തായ്‌വാനെ പ്രതിരോധിക്കുമെന്നാണ് ബൈഡന്‍ തുറന്നുപറഞ്ഞത്. തായ്വാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ പ്രതിബദ്ധതയുണ്ട് എന്നും ബൈഡന്‍ പറഞ്ഞു. 


ചൈനീസ് സൈന്യത്തെ തടയാന്‍ യുഎസിനാകുമോ എന്ന ചോദ്യത്തിന് 'ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളാണെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് ലോകത്തിനും അറിയാം' എന്നായിരുന്നു ബൈഡന്റെ മറുപടി. ചൈനയുമായുള്ള ശീതയുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, തങ്ങള്‍ പിന്മാറാന്‍ പോകുന്നില്ലെന്ന് ചൈന മനസ്സിലാക്കണമെന്നും ബൈഡന്‍ പറഞ്ഞു. 


എന്നാല്‍, ബൈഡന്റെ പരാമര്‍ശത്തിനു പിന്നാലെ രംഗം തണുപ്പിച്ച് വൈറ്റ് ഹൗസ് വക്താവ് രംഗത്തുവന്നു. അമേരിക്ക നയം മാറ്റിയിട്ടില്ലെന്നാണ് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞത്. എങ്കിലും, ബൈഡന്റെ പ്രസ്താവന ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതായാണ് വിലയിരുത്തുന്നത്. ചൈന യുദ്ധത്തിന് നിന്നാല്‍ അമേരിക്ക ഇടപെടുമെന്ന് തന്നെയാണ് ബൈഡന്‍ പറഞ്ഞതിന് അര്‍ത്ഥം. 


ചൈനയില്‍നിന്നും 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദ്വീപസമൂഹമാണ് തായ്‌വാന്‍. 36,197 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ദ്വീപും ചെറു ദ്വീപുകളും അടങ്ങിയതാണ് ഈ പ്രദേശം. ചൈനയ്ക്കും തായ്‌വാനുമിടയ്ക്കുള്ള കടലിലിടുക്കില്‍ പതിറ്റാണ്ടുകളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. 

തായ്‌വാനുമായുള്ള ചൈനയുടെ പ്രശ്‌നം തുടങ്ങുന്നത് 1949-ലാണ്. അന്നാണ് മാവോയുടെ നേതൃത്വത്തില്‍  കമ്യൂണിസ്റ്റ് വിപ്‌ളവകാരികള്‍ അധികാരം പിടിക്കുന്നത്. തുടര്‍ന്ന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി. 


കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചതോടെ അതുവരെ ചൈന ഭരിച്ചിരുന്ന ജനറല്‍ ച്യാങ് കെയ്‌ഷെക്ക് അനുയായികളുമായി തായ്‌വാനിലേക്കാണ് രക്ഷപ്പെട്ടത്.  

ജനറല്‍ കെയ്‌ഷെക്ക് തായ്‌വാനില്‍ റിപ്പബ്‌ളിക് ഓഫ് ചൈന എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിക്കുകയും യഥാര്‍ഥ ചൈന ഇതാണെന്ന് അവകാശപ്പെടുകയും ചെയ്തു. 

തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെ അനവധി രാജ്യങ്ങള്‍ ജനറല്‍ കെയ്‌ഷെക്ക് ഭരിക്കുന്ന തായ്‌വാനെയാണ് ചൈനയായി അംഗീകരിച്ചത്. ഐക്യരാഷ്ട്ര സംഘടനയില്‍ വന്‍ശക്തികളിലൊന്നായി അവര്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 


പിന്നീടാണ് അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ നിലപാടു മാറ്റിയത്. അങ്ങനെ യുഎന്നിലെ വന്‍ശക്തി സ്ഥാനം തായ്വാന് നഷ്ടമായി. കമ്യൂണിസ്റ്റ് ചൈനയ്ക്ക് ലോക അംഗീകാരം ലഭിച്ചു. 


തങ്ങള്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന് അവകാശപ്പെടുന്ന തായ്വാന്‍ പക്ഷേ, ഇതുവരെ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ തായ്‌വാന്‍ ഭരിക്കുന്ന സായ് ഇങ് വെന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളിലാണ്. അതാണ് ചൈനയെ ഇപ്പോള്‍ പ്രകോപിപ്പിക്കുന്നത്. തായ്‌വാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കില്ലെന്നാണ് ചൈന പറയുന്നത്. 


തായ്വാന് സ്വന്തം ഭരണഘടന, ഭരണകൂടം, മൂന്നു ലക്ഷം പേരുടെ സൈന്യം എന്നിവയുണ്ട്. എന്നാല്‍, തങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രമാണെന്ന് അവകാശപ്പെടുന്നതല്ലാതെ തയ്വാന്‍ ഇതുവരെ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ല. 


ഹോങ്കോങ്ങിലേതു പോലെ 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന രീതി തായ്‌വാനിലും കൊണ്ടുവരാനാണ് ചൈനയുടെ പദ്ധതി. ഇതാണ് ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഈയടുത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷി ആവര്‍ത്തിച്ചത്. 


തായ്വാന്‍ ചൈനയുടെ ഭാഗമാണ്. അതിന് സ്വാതന്ത്ര്യം നല്‍കില്ല. യുദ്ധം ചെയ്തിട്ടായാലും തായ്വാനെ ചൈനയുടെ ഭാഗമാക്കും. ഇതാണ് പതിറ്റാണ്ടുകളായി ഷി ചിന്‍ പിങ് പറഞ്ഞത്.  തായ്വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപരമായ ലക്ഷ്യമെന്നും ഷി പറഞ്ഞു. 


വെറുതെ പറയുകയായിരുന്നില്ല അദ്ദേഹം. ഇതോടൊപ്പം ആണവ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്നവ ഉള്‍പ്പെടെയുള്ള ചൈനീസ് പോര്‍ വിമാനങ്ങളെ തായ്‌വാന്റെ വ്യോമാതിര്‍ത്തിയിലേക്ക് അയക്കുകയും ചെയ്തു. 

ആ രണ്ടു ദിവസത്തിനിടെ ചൈനയില്‍ നിന്ന് തായ്‌വാനിലേക്ക് പറന്നത് 77 യുദ്ധവിമാനങ്ങളാണ്. ജെ -16 യുദ്ധവിമാനങ്ങള്‍, സു -30 യുദ്ധവിമാനങ്ങള്‍, വൈ -8 ആന്റി-സബ്മറൈന്‍ മുന്നറിയിപ്പ് വിമാനങ്ങള്‍, കെജെ -500 മുന്നറിയിപ്പ് വിമാനം എന്നിവയെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു.  


ബാഷി ചാനലിനും പ്രാറ്റാസ് ദ്വീപുകള്‍ക്കും മുകളിലായിരുന്നു ചൈനീസ് വിമാനങ്ങളുടെ അഭ്യാസപ്രകടനം. ചൈനയുടെ ദേശീയ ദിനത്തിന്റെ ഭാഗമായ അഭ്യാസപ്രകടനം ആണെന്നാണ് ചൈന പറഞ്ഞതെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ തായ്‌വാനോടുള്ള ഭീഷണിയായിരുന്നു അത്. 


തുടര്‍ന്ന്, ചൈനീസ് യുദ്ധവിമാനങ്ങള്‍ രണ്ടു ദിവസവും തങ്ങളുടെ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക് കടന്നതായി തായ്വാന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിന് തങ്ങള്‍ പോര്‍വിമാനങ്ങള്‍ അയച്ചതായി തായ്വാന്‍ വ്യോമസേനയും പറഞ്ഞു


അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ചതായും തായ്‌വാന്‍ അറിയിച്ചു. അതിര്‍ത്തി ലംഘിച്ച വിമാനങ്ങള്‍ക്ക് തായ്‌വാന്‍ ഭരണകൂടം മുന്നറിയിപ്പും നല്‍കി. വിമാനവേധ മിസൈല്‍ സംവിധാനങ്ങളുപയോഗിച്ച് ചൈനീസ് വിമാനങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്നും തായ്വാന്‍ വ്യോമസേന അറിയിച്ചു.


മുമ്പും പല തവണ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 1996-ല്‍ തായ്‌വാനില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ തായ്വാനു ചുറ്റുമുള്ള കടലിലേക്ക് ചൈന മിസൈല്‍ വിക്ഷേപിച്ചിരുന്നു. സ്വാതന്ത്ര്യവാദിയായ ലീ ടെങ് ഹ്യൂ തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രശ്‌നമാണെനന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 


എന്നാല്‍, തൊട്ടുപിന്നാലെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ തായ്വാന്‍ കടലിടുക്കില്‍ എത്തിയതോടെ മിസൈല്‍ ആക്രമണം ചൈന അവസാനിപ്പിച്ചു. അന്ന് ലീ ടെങ് ഹ്യൂ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 


ചൈനയെ ചെറുക്കാന്‍ തായ്‌വാന് കഴിയുമോ?  ഇല്ല എന്നതാണ് വാസ്തവം. അതിനുള്ള സൈനിക ശക്തിയോ ആയുധ ബലമോ തയ്വാന് ഇല്ല. സാമ്പത്തികമായും പിന്നിലാണ് തായ്‌വാന്‍. 


11,000 കിലോമീറ്റര്‍ അകലെ കിടക്കുന്ന അമേരിക്കയുടെ സഹായമാണ് അവര്‍ക്കാകയുള്ള പ്രതീക്ഷ. എന്നാല്‍, അമേരിക്ക ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. 


തായ്‌വാനെ രക്ഷിക്കാന്‍ അമേരിക്ക തയാറാകുമോ എന്ന ചോദ്യത്തിന് ഈ മാസം ഏഴിന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സലിവന്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. 'അത്തരമൊരു ദിവസം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടിയെടുക്കും' എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാലിപ്പോള്‍ അമേരിക്ക ഈ നിലപാട് തിരുത്തിയിരിക്കുകയാണ്. 


ചൈന-തായ്‌വാന്‍ പ്രശ്‌നത്തില്‍ ഈ അഴകൊഴമ്പന്‍ നയമാണ് പിന്തുടര്‍ന്നിരുന്നതെങ്കിലും അമേരിക്ക  തായ്‌വാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതടക്കമുള്ള സഹായങ്ങള്‍ പതിറ്റാണ്ടുകളായി ചെയ്തുകൊടുക്കാറുണ്ട്. ഇതിനായി അമേരിക്കയും തായ്വാനും തമ്മില്‍ പ്രത്യേക കരാറും നിലവിലുണ്ട്. 


തയ്‌വാന്റെ ഭാവി ഇവിടത്തെ ജനം തീരുമാനിക്കുമെന്നാണ് കടുത്ത സ്വാതന്ത്ര്യവാദിയായ തയ്‌വാന്‍ പ്രസിഡന്റ് സായ് പറയുന്നത്. ചൈന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും തയ്‌വാന്‍ ആവശ്യപ്പെട്ടു. 


ചൈനയില്‍നിന്ന് ആക്രമണം ഉണ്ടായാല്‍ അവസാന ദിവസം വരെ പോരാടുമെന്ന് കഴിഞ്ഞ മാസം തായ്‌വാന്‍ പ്രതിരോധ മന്ത്രി വു പറഞ്ഞിരുന്നു. യുദ്ധത്തിനായി ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 


തായ്വാന്‍ ചൈനയില്‍ ലയിക്കണമെന്ന ആവശ്യം പൂര്‍ണമായും തള്ളിക്കളയുന്ന ആളാണ് പുതിയ പ്രസിഡന്റായ ഡമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍. വന്‍ ഭൂരിപക്ഷത്തോടെ ഈയടുത്താണ് അവര്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. 

തായ്വാന്‍ സ്വതന്ത്ര രാജ്യമാണെന്നും അതിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുമെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രി ഈ മാസം പറഞ്ഞിരുന്നു. ഈ മേഖലയില്‍ 2025-ഓടെ ചൈന യുദ്ധം ചെയ്‌തേക്കുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


തയ്വാന്‍ സംഘര്‍ഷം ടെക്നോളജി മേഖലയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ആപ്പിള്‍ അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്ക് പ്രോസസറുകള്‍ നല്‍കുന്നത് തയ്വാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. പുതിയ പ്രതിസന്ധി അവരെ ബാധിച്ചിട്ടുണ്ട്. വേണ്ടത്ര പ്രോസസറുകള്‍ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. 


ടിഎസ്എംസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തയ്വാന്‍ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് ആണ് കരാറടിസ്ഥാനത്തില്‍ ചിപ്പുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനി. തയ്വാനിലുള്ള അവരുടെ ഫാക്ടറി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ അമേരിക്ക അവരെ വമ്പന്‍ ചിപ്പ് നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ ക്ഷണിച്ചിട്ടുണ്ട്. 

Latest Videos

click me!