കുട്ടിക്കാലത്തെ കുസൃതിക്കിടെയില്‍ അറിയാതെ തട്ടിമറിച്ച ഒരു മണ്ണെണ്ണ വിളക്കില്‍ നിന്ന് പടര്‍ന്ന് കയറിയ തീയാണ് ഷാഹിന കുഞ്ഞുമുഹമ്മദിന്‍റെ ജീവിതം മാറ്റിമറിച്ചത്. പിന്നീട് നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും മുഖത്തെ പാടുകള്‍ മാറിയില്ല.
പിന്നീടുള്ള അനുഭവത്തെ കുറിച്ച് ഷാഹിന തന്നെ പറയുന്നത് ഇങ്ങനെ: " ആ കനല്‍വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക്കായിരുന്നു. അതും എന്‍റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ".
മുഖത്തും കഴുത്തിലുമായി കുഞ്ഞ് ഷാഹിനയ്ക്ക് അന്ന് 80 ശതമാനത്തോളം പൊള്ളലേറ്റു. കുഞ്ഞു പ്രായത്തില്‍ മുഖത്തേറ്റ പാടുകള്‍ പിന്നീട് പതുക്കെ പതുക്കെ തന്‍റെ ജീവിതം തകിടം മറിക്കുന്നത് ഷാഹിന അറിഞ്ഞു.
തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സകളും മരുന്നുകളും ശസ്ത്രക്രിയകളും. പക്ഷേ, അന്ന് ഉരുകിയ ഭാഗങ്ങള്‍ പിന്നെ ഒരിക്കലും പഴയത് പോലെയായില്ല. കാണുന്നവരില്‍ പലരും മുഖം തിരിച്ചു. പലരും പരിഹസിച്ചു.
കുട്ടിക്കാലത്തനുഭവിച്ച അകറ്റിനിര്‍ത്തലുകള്‍ ഷാഹിനയെ ഏറെ വേദനിപ്പിച്ചു. എഞ്ചിനീയറാകണമെന്ന് ആഗ്രഹിച്ചെങ്കിലും അവള്‍ ഒടുവില്‍ ഹോമിയോ ഡോക്ടറായി. പതുക്കെ തന്‍റെ അപകര്‍ഷതാ ബോധത്തെ മായ്ച്ചു കളയാനും തലയുയര്‍ത്തി തന്നെ നടക്കാനും അവള്‍ ശീലിച്ചു.
"കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു... മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം... പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിരുന്നിട്ടുണ്ട്.. "
"എന്‍റെ ഐഡന്‍റിറ്റി എന്ന് പറയുന്നത് ഈ പൊള്ളലേറ്റ മുഖമാണ്. ആ ഐഡന്‍റിറ്റി മറച്ചുവെക്കാതെ ധൈര്യമായി സന്തോഷത്തോടെ സമൂഹത്തില്‍ അഭിമാനത്തോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരെ പറന്ന് നടക്കുകയാണ് ഞാന്‍ ഇപ്പോള്‍" ഡോ ഷാഹിന സി കെ പറയുന്നു.
ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്.. കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല, വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും... "പൊള്ളിയാൽ ഭാഗ്യം പോയി " എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ് എന്‍റേതായ ഐഡന്‍റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്. ഞാൻ എന്നെ സ്നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു.. ഡോ ഷാഹിന പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona