കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഓസിക്ക് വിശപ്പ് കുറഞ്ഞ് തുടങ്ങിയിരുന്നു. ഓസി ഭക്ഷണം കഴിക്കുന്നത് കുറച്ചിരുന്നെന്നും മൃഗശാല അറ്റ്ലാന്‍റ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അവസാനത്തെ 24 മണിക്കൂറില്‍ മുഖത്തെ വീക്കം, പൊതുവായ ബലഹീനത, ഭക്ഷണം കഴിക്കാനോ കുടിക്കാനോ ഉള്ള കഴിവില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഓസി പ്രകടിപ്പിച്ചിരുന്നതായി മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
'ഒരു ഇതിഹാസത്തിന്‍റെ കടന്നുപോകലിൽ ഞങ്ങളുടെ ഹൃദയം തകർന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ലയായ ഓസി 61 ആം വയസ്സിൽ മരിച്ചുവെന്ന വാര്‍ത്ത പങ്കിടുന്നതിൽ അങ്ങേയറ്റം ദുഖമുണ്ടെന്ന് മൃഗശാല അറ്റ്ലാന്‍റ അറിയിച്ചു. 1988-ൽ ഫോർഡ് ആഫ്രിക്കൻ റെയിൻ ഫോറസ്റ്റ് തുറന്നപ്പോള്‍ അറ്റ്‌ലാന്‍റ മൃഗശാലയിൽ എത്തിയ പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ലകളുടെ യഥാർത്ഥ ഗ്രൂപ്പിലെ അവശേഷിക്കുന്ന ഏക അംഗമായിരുന്നു ഓസി.
സ്വമേധയാ രക്തസമ്മർദ്ദം പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗൊറില്ലയായിരുന്നു ഓസി. 2009-ലാണ് ഓസി തന്‍റെ രക്തസമ്മർദ്ദം പരിശോധിച്ച് സുവോളജിക്കൽ ചരിത്രം സൃഷ്ടിച്ചത്. ജർമ്മനിയിലെ ബെർലിൻ മൃഗശാലയിലെ ഫാറ്റൂ (64) വാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല. കെന്‍റക്കിയിലെ ലൂയിസ്‌വില്ലെ മൃഗശാലയിലെ 63-കാരിയായ ഹെലൻ ആണ് രണ്ടാമത്തെ ഏറ്റവും പ്രായം കൂടി ഗൊറില്ല. ഈ ഇനത്തിലെ മൂന്നാമനായിരുന്നു ഓസി.
"അറ്റ്ലാന്‍റ മൃഗശാലയ്ക്ക് ഇത് ഒരു വലിയ നഷ്ടമാണ്. ഈ സമയം എന്നെങ്കിലും വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നെങ്കിലും, ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് അനുഭവപ്പെടുന്ന അഗാധമായ സങ്കടത്തെ തടയാൻ ആ അനിവാര്യത ഒന്നും ചെയ്യുന്നില്ല,” അറ്റ്‌ലാന്‍റ മൃഗശാല പ്രസിഡന്‍റും സിഇഒയുമായ റെയ്മണ്ട് ബി. കിംഗ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ സെപ്തംബറിൽ കൊവിഡ്-19 രോഗം കണ്ടെത്തിയ അറ്റ്ലാന്‍റ മൃഗശാലയിലെ 13 ഗൊറില്ലകളിൽ ഒരാളാണ് ഓസി. ഗൊറില്ലകൾക്ക് ചുമയും മൂക്കൊലിപ്പും വിശപ്പിൽ വ്യതിയാനവും ഉള്ളതായി ജീവനക്കാർ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോർജിയ യൂണിവേഴ്‌സിറ്റിയിലെ ഒരു വെറ്ററിനറി ലാബ് ശ്വാസകോശ സംബന്ധമായ അസുഖത്തിന് പരിശോധനകൾ നടത്തിയിരുന്നു.
സാൻ ഡിയാഗോ മൃഗശാല സഫാരി പാർക്കിലെ എട്ട് ഗൊറില്ലകൾക്ക് ചികിത്സ നൽകിയതിന് ശേഷം, COVID-19 ബാധിച്ച വലിയ കുരങ്ങുകളുടെ രണ്ടാമത്തെ ഗ്രൂപ്പാണ് അറ്റ്ലാന്റയിലെ ഗൊറില്ലകൾ എന്ന് മൃഗശാലയിലെ മൃഗസംരക്ഷണ സീനിയർ ഡയറക്ടർ ഡോ. സാം റിവേര പറഞ്ഞു.
ഗൊറില്ലകൾ ഒരുമിച്ച് താമസിക്കുന്നതിനാൽ, രോഗബാധിതരായ മൃഗങ്ങളെ ഒറ്റപ്പെടുത്തുന്നത് അസാധ്യമാണെന്ന് റിവേര പറഞ്ഞു. അറ്റ്ലാന്റ മൃഗശാല ഗൊറില്ലകൾക്ക് വെറ്ററിനറി വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓസിക്ക് നാല് മക്കളാണ് ഉള്ളത് കെക്ല, സ്റ്റാഡി, ചാർലി, കുച്ചി. അന്‍റ്ലാന്‍റയിലടക്കം നിരവധി മൃഗശാലകളില്‍ ഓസിയുടെ മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി നിരവധി ഗൊറില്ലകള്‍ ജീവിക്കുന്നുണ്ട്.
അറ്റ്‌ലാന്‍റ മൃഗശാലയിലെ മറ്റൊരു ഗൊറില്ലയും ലോകത്തിലെ നാലാമത്തെ പ്രായമുള്ള ഗൊറില്ലയുമായ ചൂംബയെ 59-ാം വയസ്സിൽ ദയാവധം ചെയ്‌ത് ആഴ്ചകൾക്ക് ശേഷമാണ് ഓസിയുടെ മരണം സംഭവിക്കുന്നത്. ശാരീരിക അവശതകളെ തുടര്‍ന്നായിരുന്നു ചൂംബയ്ക്ക് ദയാവധം വിധിച്ചത്.