വാങ്ങിയ ചെക്ക് പണമാക്കി മാറ്റിയ ഉടനെ സിബിഐ ഉദ്യോഗസ്ഥർ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ലക്നൗ: ലോൺ എടുക്കാൻ വന്നയാളിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ബാങ്ക് മാനേജറെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ബറോഡയുടെ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലുള്ള ശിഖർപൂർ ബ്രാഞ്ചിലെ മാനേജർ അങ്കിത് മാലിക് ആണ് പിടിയിലായത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാൾ പണം സ്വീകരിച്ചതിന് പിന്നാലെയാണ് പിടിയിലായത്.
ഭാര്യയുടെ പേരിൽ 80 ലക്ഷം രൂപയുടെ ലോൺ എടുക്കാൻ വേണ്ടി ബാങ്കിനെ സമീപിച്ചയാളിൽ നിന്ന് ബ്രാഞ്ച് മാനേജർ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബുധനാഴ്ച ഇയാൾ ഇക്കാര്യം സിബിഐയെ അറിയിച്ചു. കൈക്കൂലി പണം ചെക്കായി നൽകാനാത്രെ മാനേജർ ആവശ്യപ്പെട്ടത്. ഈ വിവരവും പരാതിക്കാരൻ സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി.
ആവശ്യപ്പെട്ടത് പ്രകാരം ഒപ്പിട്ട ചെക്ക് നൽകാൻ സിബിഐ ഉദ്യോഗസ്ഥർ പരാതിക്കാരനോട് നിർദേശിച്ചു. ശേഷം മാനേജറെ കുടുക്കാനായി കാത്തിരുന്നു. ബാങ്ക് മാനേജർ ഈ ചെക്ക് മാറിയെടുത്ത ഉടൻ സിബിഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പണവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിന്നാലെ ബുലന്ദ്ശഹറിലും ഡൽഹിയിലുമുള്ള ഇയാളുടെ വീടുകളിൽ സിബിഐ തെരച്ചിൽ നടത്തി. ബുലന്ദ്ശഹറിലെ വീട്ടിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തു. ഇത് പൊലീസിന് കൈമാറി. മാനേജറെ ഗാസിയാബാദിലെ സിബിഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം