'പാവാട ധരിച്ച ചെകുത്താന്മാർ'; നൂറ്റാണ്ടിന്‍റെ ഓര്‍മ്മകളില്‍ ഒന്നാം ലോകമഹായുദ്ധ ചിത്രങ്ങള്‍
First Published | Nov 15, 2021, 10:38 AM ISTഅമേരിക്കയും റഷ്യയും തമ്മില്‍ ഉക്രൈയിനില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളും ചൈനയ്ക്കും തായ്‍വാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും ലോകത്തെ അസ്വസ്ഥമാക്കുമ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള യുദ്ധ ഓര്‍മ്മകളുമായി ഒരു പുസ്തകം പുറത്തിറങ്ങി, ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 (The Great War Illustrated 1915: Archives and Colour Photographs of WW1). 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധ (first world war)കാലത്തെ ചിത്രങ്ങളടങ്ങിയ പുസ്തകം. ഇതുവരെ കണ്ട് പരിചയിച്ച ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴയ യുദ്ധകാല ചിത്രങ്ങളുടെ കളര്‍പ്രിന്‍റുകളാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ്. അതിന്‍റെ തുടര്‍ച്ചയിലാണ് പിന്നീട് ലോകക്രമം തന്നെ രൂപപ്പെട്ടത്. 60 ദശലക്ഷത്തിലധികം യൂറോപ്യന്മാർ ഉൾപ്പെടെ 70 ദശലക്ഷത്തിലധികം സൈനികരെ അണിനിരത്തിയ യുദ്ധത്തില്‍ 8.5 ദശലക്ഷം സൈനീകരും 13 ദശലക്ഷം സാധാരണക്കാരും കൊല്ലപ്പെട്ടതായി കണക്കുന്നു. ദ ഗ്രേറ്റ് വാർ ഇല്ലസ്‌ട്രേറ്റഡ് 1915 ലെ ഭൂരിഭാഗം ചിത്രങ്ങളും ഫ്രാൻസിലും ബെൽജിയത്തിലും പ്രവര്‍ത്തിച്ച പടിഞ്ഞാറന്‍ സഖ്യത്തിന്‍റെ പടങ്ങളാണ്. ചില ചിത്രങ്ങള്‍, തുർക്കി പ്രദേശമായ ഗാലിപ്പോളില്‍ (Gallipoli) ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ (Ottoman Empire)യുദ്ധം ചെയ്യുന്നു. ഒരു ചിത്രത്തില്‍ ജർമ്മൻ പട്ടാളക്കാർ 'പാവാട ധരിച്ച ചെകുത്താന്മാർ' (devils in skirts) അല്ലെങ്കിൽ 'നരകത്തിൽ നിന്നുള്ള സ്ത്രീകൾ' (ladies from hell) എന്ന് വിളിക്കപ്പെടുന്ന സ്കോട്ടിഷ് സൈനികര്‍ പടിഞ്ഞാറന്‍ സഖ്യത്തോടൊപ്പം ഒരു ട്രഞ്ചില്‍ ഇരിക്കുന്ന ചിത്രങ്ങളുണ്ട്. ജർമ്മൻ പട്ടാളക്കാർ 210 എംഎം ഭാരമുള്ള ഹോവിറ്റ്സർ മോർസർ 10 ഉപയോഗിക്കുന്ന ചിത്രവും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. വില്യം ലാങ്‌ഫോർഡ്, ജാക്ക് ഹോൾറോയ്ഡ് എന്നീ തൂലികാനാമങ്ങളിൽ റോണി വിൽക്കിൻസൺ എഴുതിയ പുസ്തകം അദ്ദേഹത്തിന്‍റെ മകൻ ജോൺ ആണ് പുനഃപ്രസിദ്ധീകരിക്കുന്നത്.