ഗൂഗിള്‍ പിക്‌സല്‍ 9എയുടെ വിവരങ്ങള്‍ പുറത്ത്, പുത്തന്‍ ലീക്ക് അനുസരിച്ച് വിലയും ഫീച്ചറുകളും അറിയാം
ഗൂഗിളിന്‍റെ അടുത്ത മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 9എയുടെ വിവരങ്ങള്‍ പുറത്ത്. ഫോണിന്‍റെ വിലയും ക്യാമറയും ബാറ്ററിയും അടക്കമുള്ള എല്ലാ വിവരങ്ങളും ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിക്‌സല്‍ 9എയെ കുറിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടില്ല.
ഗൂഗിള്‍ പിക്സല്‍ 9എ 2025 മാര്‍ച്ചില്‍ പുറത്തിറക്കും എന്നാണ് പ്രതീക്ഷ. പിക്‌സല്‍ 9എ സിരീസിലെ മറ്റ് ഫോണുകളിലുള്ള അതേ ടെന്‍സര്‍ ജി4 ചിപ്‌സെറ്റാണ് പിക്‌സല്‍ 9എയിലും ഉപയോഗിക്കുക എന്നതാണ് ഒരു ലീക്ക്. ഗെയിമിംഗ് അടക്കമുള്ള എല്ലാ എല്ലാവിധ പ്രവര്‍ത്തനങ്ങളും ചെയ്യാനുള്ള കരുത്ത് ഈ ചിപ് പിക്‌സല്‍ 9എയ്ക്ക് നല്‍കും എന്നാണ് അനുമാനം. എട്ട് ജിബി റാം, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്‍റുകള്‍ ഫോണിനുണ്ടാകും എന്നും പുറത്തുവന്ന വിവരങ്ങളില്‍ പറയുന്നു. 6.285 ഇഞ്ച് 1080 x 2424 റെസലൂഷനിലുള്ള ഡിസ്‌പ്ലെയായിരിക്കും പിക്സല്‍ 9എയില്‍ വരിക എന്നും സൂചനയുണ്ട്.
ഇരട്ട ക്യാമറ സംവിധാനമായിരിക്കും പിക്‌സല്‍ 9എയില്‍ വരിക. 48 മെഗാപിക്‌സല്‍ ക്യാമറ, 13 എംപി അള്‍ട്രാ-വൈഡ് ക്യാമറ എന്നിവയായിരിക്കും ഇത്. സെല്‍ഫി ക്യാമറയിലും ഇതേ 13 എംപി അള്‍ട്രാ-വൈഡ് സെന്‍സറായിരിക്കും ഉപയോഗിക്കുക എന്ന് ലീക്കായ വിവരങ്ങളിലുള്ളത്.
പിക്‌സല്‍ 9എയില്‍ 5,100 എംഎഎച്ച് ബാറ്ററിയായിരിക്കുമുണ്ടാവുക. ഇക്കാര്യം സത്യമെങ്കില്‍ പിക്‌സല്‍ എ സിരീസില്‍ 5,000 എംഎഎച്ചിന് മുകളില്‍ ശേഷിയുള്ള ബാറ്ററി ഉള്‍പ്പെടുന്ന ആദ്യ ഫോണായിരിക്കും ഇത്. 23 വാട്സ് വയേര്‍ഡ്, 7.5 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ്, ഐപി68 റേറ്റിംഗ്, നാല് നിറങ്ങള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍ എന്നും പുറത്തുവന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍ പറയുന്നു. 128 ജിബി അടിസ്ഥാന വേരിയന്‍റിന് ഏകദേശം 42,300 രൂപയായിരിക്കും വില എന്നാണ് ലീക്കുകള്‍ നല്‍കുന്ന സൂചന.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം