ഇന്ത്യയിലെ ബിസിനസുകാരിൽ പ്രമുഖനാണ് ഗൗതം അദാനി. സ്വതസിദ്ധമായ വ്യാപാര ബുദ്ധികൊണ്ട് സ്വന്തം സാമ്രാജ്യം പണിഞ്ഞ ബിസിനസുകാരൻ. നൂറു രൂപയുടെ കുറച്ച് നോട്ടുകളുമായി മുംബൈയിലേക്ക് ട്രെയിൻ കയറിയ 18കാരനല്ല അയാളിന്ന്. ഏഷ്യാ വൻകരയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. ദിവസ വരുമാനമാകട്ടെ, 1002 കോടി രൂപയും.
അഹമ്മദാബാദിൽ 1962 -ൽ , ശാന്തിലാൽ അദാനി എന്ന വസ്ത്ര വ്യവസായിയുടെയും ശാന്തബെൻ അദാനി എന്ന വീട്ടമ്മയുടെയും എട്ടുമക്കളിൽ ഒരാളായിട്ടാണ് ഗൗതം ജനിക്കുന്നത്. ഗുജറാത്ത് സർവകലാശാലയിൽ കൊമേഴ്സ് വിദ്യാർത്ഥിയായിരിക്കെയാണ് അദാനി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കച്ചവടം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ആ യാത്രയാണ് ഇന്ന് ഇന്ത്യൻ ബിസിനസ് ലോകത്തെ അതികായന്മാരിൽ ഒരാളായി അദാനിയെ മാറ്റിയത്.
മുംബൈയിലേക്ക് പുറപ്പെടുമ്പോൾ നൂറിന്റെ കുറച്ച് നോട്ടുകൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നത്. മുംബൈയിലെ മഹിന്ദ്ര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിൽ ഡയമണ്ട് സോർട്ടറായാണ് ആദ്യ ജോലി. അധികം വൈകാതെ സാവേരി ബസാറിൽ സ്വന്തമായി ഒരു ഡയമണ്ട് ബ്രോക്കിങ് സ്ഥാപനം അദ്ദേഹം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം രൂപ ലാഭമുണ്ടാക്കിയ ആ കമ്പനിയിൽ നിന്ന് തന്നെ അദാനിയുടെ വ്യാപാരബുദ്ധിയുടെ ആഴം മനസിലാക്കാം.
അനിയന്റെ കച്ചവടത്തിലെ ശേഷി മനസിലാക്കിയ ചേട്ടൻ മൻസുഖ് ഭായ് അദാനി 1981 ൽ അഹമ്മദാബാദിൽ പുതുതായി ആരംഭിച്ച പ്ലാസ്റ്റിക് ഫാക്ടറി നടത്താൻ ഗൗതമിനെ തിരിച്ചുവിളിക്കുന്നു. ഫാക്ടറിയ്ക്ക് ആവശ്യമായ പിവിസി ഗ്രാന്യൂൾസ് ഇല്ലാതെ വന്നതോടെ 1988 -ൽ ഇറക്കുമതി കയറ്റുമതി (IMPORT/ EXPORT) ലൈസൻസ് സംഘടിപ്പിച്ച ശേഷം 'അദാനി എക്സ്പോർട്സ്' എന്ന പേരിൽ ഒരു പോളിമർ ഇറക്കുമതി കമ്പനി തുടങ്ങി.
പിന്നീടങ്ങോട്ട് അദാനി വളർന്നു. 1988 -ൽ 100 മെട്രിക് ടൺ കാർഗോ ക്ലിയർ ചെയ്ത അദാനി എക്സ്പോർട്, 1992 ൽ 40000 മെട്രിക് ടൺ ക്ലിയർ ചെയ്യുന്ന നിലയിൽ വളർന്നു. പിവിസി ഗ്രാന്യൂൾസിന് പുറമെ, കെമിക്കലുകളും പെട്രോളിയം ഉൽപ്പന്നങ്ങളും അദ്ദേഹം ഇറക്കുമതി ചെയ്തു. 1991-ൽ കാർഗിൽ എന്ന് പേരായ ഒരു അമേരിക്കൻ കമ്പനിയുടെ പ്രതിനിധികൾ കച്ചിൽ സാൾട്ട് വർക്ക്സ് സ്ഥാപിക്കാൻ അദാനിയെ സമീപിക്കുന്നു. അവിടെ ഉത്പാദിപ്പിക്കുന്ന ഉപ്പ് വിദേശത്തേക്ക് കയറ്റി അയക്കാൻ ഒരു ചെറുകിട തുറമുഖവും നിർമ്മിക്കാനും പദ്ധതിയിട്ടു. അദാനി ഗ്രൂപ്പുമായി ചേർന്ന് ഒരു 50:50 പാർട്ണർഷിപ്പിലുള്ള ജോയിന്റ് വെഞ്ചറായിരുന്നു ലക്ഷ്യം. സർക്കാരിൽ തന്റെ സ്വാധീനമുപയോഗിച്ച് തുറമുഖത്തിന് വേണ്ട അനുവാദം അദാനി നേടി. ഒപ്പം ചിമൻ ഭായ് പട്ടേൽ സർക്കാരിൽ നിന്ന് തീരദേശ ഭൂമിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.
അതിനിടെ കേന്ദ്ര സർക്കാർ വിദേശ നിക്ഷേപ നയം മാറ്റി. 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നു. അതുവരെ ഉണ്ടായിരുന്ന ധാരണ കാർഗിൽ മാനേജ്‌മെന്റ് ഏകപക്ഷീയമായി മാറ്റി 89:11 എന്നാക്ക. അദാനി ഗ്രൂപ്പ് ഈ കച്ചവടത്തിൽ നിന്ന് പിന്മാറുകയും കാർഗിലിന്റെ തന്റെ സ്വാധീനം ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് ഓടിക്കുകയും ചെയ്തു. 1995 -ൽ ഗുജറാത്ത് സർക്കാറിന്റെ തുറമുഖ നയത്തിൽ കാര്യമായ മാറ്റം വന്നു. സർക്കാർ സംസ്ഥാനത്ത് പത്തു പുതിയ തുറമുഖങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കുമെന്ന് പ്രഖ്യാപനം നടത്തി.
അദാനിക്കത് നേട്ടമായി. ഉപ്പു കൊണ്ടുപോകുവാനുള്ള ഒരു ചെറുകിട ജെട്ടിക്കു പകരം, മുന്ദ്രയിൽ ഒരു പൂർണാർത്ഥത്തിൽ വാണിജ്യ തുറമുഖം തന്നെ തുടങ്ങി. സർക്കാരിന്റെ പൂർണ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിൽ അദാനി തുറമുഖത്തിന്റെ പണി പൂർത്തിയാക്കുന്നു. 1998ൽ മുന്ദ്രയിൽ ആദ്യമായി ഒരു ചരക്കുകപ്പൽ ഡോക്ക് ചെയ്യപ്പെട്ടു. 1999 -ൽ കോൾ ട്രേഡിങ്ങിലേക്ക് / കൽക്കരി വ്യാപാരത്തിലേക്ക് അദാനി കടന്നു. മുന്ദ്രയിലേക്ക് വിദേശത്തു നിന്ന് കൽക്കരി കപ്പലുകൾ എത്തിച്ചായിരുന്നു ഇതിന്റെ തുടക്കം.
മുന്ദ്രയിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭയിൽ നിന്ന് അനുവാദം വാങ്ങിയാണ് പിന്നീട് അദാനി വളർന്നത്. ഈ പ്രദേശങ്ങളടങ്ങുന്ന കച്ച് ജില്ലയിൽ 2001ൽ 2500 കോടിയായിരുന്നു ആകെ നിക്ഷേപമെങ്കിൽ ഇന്ന് ഒരുലക്ഷം കോടിയാണ്. 2020ൽ ഇത് മൂന്നുലക്ഷം കോടി കടന്നു. പ്രത്യേക സാമ്പത്തിക മേഖല വരും മുൻപ് ഇവിടെ ചതുരശ്രകിലോമീറ്ററിൽ 46 പേർ മാത്രമാണു താമസിച്ചിരുന്നത്. ഇപ്പോഴത് 140 ആയി ഉയർന്നു.
പിന്നീടങ്ങോട്ട് ഒരിക്കൽപോലും അദാനിക്ക് തിരിച്ചടിയുണ്ടായില്ല. ഒരു വർഷം മുമ്പ് അവരുടെ സമ്പത്ത് 1,40,200 കോടി രൂപയുണ്ടായിരുന്നത്, ഇക്കൊല്ലം ആയപ്പോഴേക്കും അഞ്ചിരട്ടിയായി വർധിച്ച്, 5,05,900 കോടി രൂപയായിട്ടുണ്ട്. അതോടെ ചൈനയിലെ ബോട്ടിൽഡ് വാട്ടർ വ്യാപാരി സോങ് ഷാൻസനെ വെട്ടിച്ച് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഗൗതം അദാനി. അദാനിയും കുടുംബവും കഴിഞ്ഞ വർഷത്തിലെ ഓരോ ദിവസത്തിലും സമ്പാദിച്ചു കൂട്ടിയത് 1002 കോടി രൂപയാണെന്ന് കൂടി ഓർക്കുമ്പോഴാണ് മുംബൈയിലേക്ക് ട്രെയിൻ കയറിയ 18കാരനിൽ നിന്നുള്ള വളർച്ചയുടെ വലിപ്പം മനസിലാവുക. ഈ നിലയിൽ പോയാൽ അടുത്ത വർഷം മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെയും ഏഷ്യയിലെയും വലിയ ധനികനായി ഗൗതം അദാനി മാറും.