യഥേഷ്ടം കയറ്റുമതി ചെയ്യാം; ഇന്ത്യയിൽ അരി ആവശ്യത്തിലധികം, നിറഞ്ഞുകവിഞ്ഞ് സംഭരണ ശാലകള്‍

By Aavani P K  |  First Published Dec 14, 2024, 3:43 PM IST

ആഗോള അരിവ്യാപാരത്തിന്‍റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്.


രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു.  ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 44.1 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ശേഖരം ഉള്‍പ്പെടെയാണിത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 7.6 ദശലക്ഷം ടണ്‍ അരി ശേഖരമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഡിസംബര്‍ ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 22.3 ദശലക്ഷം ടണ്‍ ഗോതമ്പ് ശേഖരമാണ് രാജ്യത്തുള്ളത്. 13.8ദശലക്ഷം ടണ്ണായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. അതേ സമയം രാജ്യം ഗോതമ്പ് കയറ്റുമതി ചെയ്യുന്നില്ല. ശക്തമായ ഡിമാന്‍ഡ്, പരിമിതമായ ലഭ്യത,  സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ നിന്നുള്ള സ്റ്റോക്കുകളുടെ കാലതാമസം എന്നിവ കാരണം ഇന്ത്യന്‍ ഗോതമ്പ് വില ഉയര്‍ന്ന് നില്‍ക്കുകയാണ്

അരിയുടെ കയറ്റുമതി കൂടുകയും ആഭ്യന്തര ലഭ്യത കുറയുകയും ചെയ്തതോടെ ആഭ്യന്തര വിപണിയില്‍ വില കൂടുന്ന സാഹചര്യം ഉണ്ടായിരുന്നു. അരി ശേഖരം ഉയര്‍ന്നതോടെ ഇത്തരം ആശങ്കകകളില്ലാതെ കയറ്റുമതി സാധ്യമാകും.. കഴിഞ്ഞ വേനലില്‍ റെക്കോര്‍ഡ് വിളവെടുപ്പാണ് നെല്‍ക്കര്‍ഷകര്‍ നടത്തിയത്. 120 ദശലക്ഷം ടണ്‍ നെല്ലാണ് കര്‍ഷകര്‍ക്ക് ഈ കാലയളവില്‍ ലഭിച്ചത്. ഇത് മൊത്തം അരി ഉല്‍പാദനത്തിന്‍റെ 85 ശതമാനം വരും. ഇന്ത്യയ്ക്കൊപ്പം തന്നെ പാകിസ്ഥാനും അരി കയറ്റുമതിയില്‍ സജീവമാണ്. ആഗോള അരിവ്യാപാരത്തിന്‍റെ 40% ഇന്ത്യയാണ് നിയന്ത്രിക്കുന്നതെങ്കില്‍, ബസ്മതി അരി കയറ്റുമതിയുടെ 35% പാക്കിസ്ഥാനാണ് നിയന്ത്രിക്കുന്നത്. 2022-23 ല്‍ അരി കയറ്റുമതിയില്‍ നിന്ന് ഇന്ത്യ 11 ബില്യണ്‍ ഡോളറിലധികം നേടി, പാകിസ്ഥാന്‍ 3.9 ബില്യണ്‍ ഡോളറും.

tags
click me!