3.22 ലക്ഷം ചതുരശ്രയടിയിൽ കോട്ടയം ലുലു മാൾ, '2000 പേർക്ക് തൊഴിൽ'; ഹൈപ്പർമാർക്കറ്റ് മാത്രം 1.4 ലക്ഷം ചതുരശ്രയടി

By Web Team  |  First Published Dec 14, 2024, 8:58 PM IST

 കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവത്വത്തിന്റെ മികവ് നാടിന് ഉറപ്പാക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്ന് എം.എ യൂസഫലി


കോട്ടയം: കോട്ടയം മണിപ്പുഴയിൽ ഇന്നാണ് പുതിയ ലുലു മാൾ തുറന്നത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെ ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. അതേസമയം, ലോകോത്തര നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിൽ ഒരുക്കിയിരിക്കുന്നത്.

മന്ത്രി വി.എൻ വാസവനാണ് മാൾ ഉദ്ഘാടനം ചെയ്തത്. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നാട മുറിച്ച് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, ഹാരിസ് ബീരാൻ എംപി, കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുൻകേന്ദ്രസഹമന്ത്രി വി മുരളീധരൻ, മൂലവട്ടം വാർഡ് കൗൺസിലർ ഷീന ബിനു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, സന്തോഷ് ജോർജ് കുളങ്ങര എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Latest Videos

കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുമെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ എം.എ യൂസഫലി വഹിക്കുന്ന പങ്ക് നിർണായകമാണെന്നും കോട്ടയത്തിന്റെ ആധുനിക വത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മന്ത്രി കൂട്ടിചേർത്തു. കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്രംഖലയുടെ ഭാഗമാണെന്നും നഗരത്തിൻറെ വികസനത്തിന് വേഗതകൂട്ടുന്നതാണ് ലുലുവിൻറെ ചുവടുവയ്പ്പെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.

മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്നാണ് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വിശേഷിപ്പിച്ചത്. കൂടുതൽ തൊഴിലവസരവും പ്രാദേശികമായ വികസനവുമാണ് നാടിന് ആവശ്യം. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ നാട്ടിൽ ഉണ്ടാകണം, യുവത്വത്തിന്റെ മികവ് നമ്മുടെ നാട്ടിൽ പ്രയോജനപ്പെ‌‌ടുത്താൻ കഴിയണമെന്നും ലുലുവിന്റെ വികസന പദ്ധതികളിലൂടെ ഇതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി വ്യക്തമാക്കി.

undefined

350 കോടി രൂപയുടെ നിക്ഷേപത്തിൽ 3.22 ലക്ഷം സ്ക്വയർ ഫീറ്റിലാണ് കോട്ടയം ലുലു തുറന്നിരിക്കുന്നത്. 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ ഹൈലൈറ്റ്. ഗ്രോസറി മുതൽ ഫാഷൻ തുണിത്തരങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾ വരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയതേത്. ഫുഡ് കോർട്ട്, ഇൻഡോർ ഗെംയിമിങ് സോൺ, മികച്ച പാർക്കിങ്ങ്, ബ്രാൻഡഡ് ഷോറൂമുകൾ എന്നിവയും ലുലുവിലുണ്ട്.

ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ മധ്യകേരളത്തിലെ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണ് ലുലു. യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വിവിധയിടങ്ങളിലെ വൈവിധ്യമാർന്ന ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ലുലു ഹൈപ്പർമാർക്കറ്റിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് മാൾ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്‍ു. പഴം പച്ചക്കറി പാൽ ഉത്പന്നങ്ങൾ, ഫാം ഫ്രഷ് പ്രൊഡക്ടുകൾ, മത്സ്യം ഇറച്ചി എന്നിവയുടെ പ്രത്യേക കൗണ്ടറുകൾ, വിപുലമായ ഗ്രോസറി സെക്ഷൻ എന്നിവയുമുണ്ട്.

വൈവിധ്യമാർന്ന ബേക്കറി, ഹോട്ട് ഫുഡ് സെക്ഷനുകൾ ഭക്ഷണപ്രിയരുടെ മനംകവരും. ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ലുലു ഹൈപ്പർക്കാറ്റിലുണ്ട്. രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെയും അന്താരാഷ്ട്ര ബ്രാൻഡുകളുടെയും നവീനമായ കളക്ഷനുകളുമായി ലുലു ഫാഷൻ സ്റ്റോറും ഇലക്ട്രോണിക്സ് ഗ്രഹോപകരണങ്ങൾ എന്നിവയു‌ടെ വിപുലമായ ശേഖരവുമായി ലുലു കണക്ടും സജ്ജമാണ്. എല്ലാ പ്രായത്തിലുള്ളവർക്കും അനയോജ്യമായ വസ്ത്രശേഖരം, ഫുട്ട് വെയറുകൾ, ബാഗ്, ബ്യൂട്ടി ഉത്പന്നങ്ങൾ മുതൽ കുട്ടികൾക്കുള്ള ഗെംയിമിങ്ങ് കളക്ഷനുകൾ വരെ ലുലു ഫാഷൻ സ്റ്റോറിൽ ഏവരെയും കാത്തിരിക്കുന്നു. ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ഐപാഡ് - ടാബ് , ടിവി, റെഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ തുടങ്ങി വീട്ടുപകരണങ്ങളുടെയും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണിയാണ് ലുലു കണക്ടിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് വിനോദത്തിനായി 9000 സ്ക്വയർ ഫീറ്റിന്റെ ഫൺടൂറയും തയാറാണ്.

500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ്കോർട്ട്. ചിക്കിങ്ങ്, മക്ഡൊണാൾഡ്സ്, കെഎഫ്സി, കോസ്റ്റാകോഫീ തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ അടക്കം റെസ്റ്റോറന്റുകളാണ് ഫുഡ് കോർട്ടിൽ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്. സ്വാ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ തുടങ്ങി ഇരുപതിലധികം ബ്രാന്റുകളുടെ എക്സ്ക്ലൂസീവ് ഷോറൂമുകളും ലുലു മിനി മാളിലുണ്ട്. ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർപാർക്കിങ്ങ് സൗകര്യത്തോടെയാണ് മധ്യകേരളത്തിന്റെ ഷോപ്പിങ്ങ് കേന്ദ്രമാകാൻ ലുലു തയാറായിരിക്കുന്നത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫ് അലി സ്വാഗതം പറഞ്ഞു. ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ നന്ദി പ്രകാശിപ്പിച്ചു.   ശിവഗിരി മഠം സ്വാമി ഋതംബരാനന്ദ, ഫാദർ മൈക്കിൾ വെട്ടിക്കാട് ഉൾപ്പടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, , ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു മാൾസ് ഇന്ത്യ ഡയറക്ടര് ഷിബു ഫിലിപ്പ്സ് എന്നിവരും ഭാഗമായി.

നാലാമതൊരു 'എൽ' കൂടി! കോട്ടയത്തിനിത് ക്രിസ്തുമസ്-പുതുവര്‍ഷ സമ്മാനം, ആഘോഷമായി ലുലുമാള്‍ തുറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!