World's Richest Nation | ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ 'സമ്പന്ന രാജ്യമായി' കമ്മ്യൂണിസ്റ്റ് ചൈന

First Published | Nov 17, 2021, 11:03 AM IST

രാജ്യാധികാരം പിടിച്ചെടുത്തതിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് പുതിയൊരു പൊന്‍തൂവല്‍ കൂടി. അമേരിക്കയുടെ സമ്പത്തിനെയും മറികടന്ന് ലോകത്തിന്‍റെ ഒന്നാം നമ്പര്‍ സമ്പന്നരാജ്യമെന്ന പദവിയാണ് ചൈന നേടിയെടുത്തത്. രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ തോഴിലാളി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് വന്ന ചൈന ലോകത്തിന്‍റെ മുതലാളിയായെന്ന് പഠനം. പതിറ്റാണ്ടുകളായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന യുഎസ് ഇതോടെ ചരിത്രത്തിലാദ്യമായി മുതലാളിത്ത രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്. മക്കിൻസി ആൻഡ് കോയുടെ ഗവേഷണ വിഭാഗം നടത്തിയ പഠന റിപ്പോർട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർദ്ധിച്ചു. 2000-ൽ 156 ട്രില്യൺ ഡോളറിൽ നിന്ന് 2020-ൽ 514 ട്രില്യൺ ഡോളറിലേക്കാണ് ആഗോള സമ്പത്ത് ഉയര്‍ന്നത്. ആഗോള സമ്പത്തിന്‍റെ അമ്പരപ്പിക്കുന്ന ഉയർച്ചയുടെ മൂന്നിലൊന്നും ചൈനയിലാണെന്ന് പഠനം പറയുന്നു.  
 

ചൈനയുടെ സമ്പത്ത് 2000-ൽ 7 ട്രില്യൺ ഡോളറിൽ നിന്ന് 2020-ൽ 120 ട്രില്യൺ ഡോളറായി ഉയർന്നു. രാജ്യം വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (WTO) അംഗമാകുന്നതിന് ഒരു വർഷം മുതലുള്ള കാലയളവ് മുതലുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.  

വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ അംഗമായത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയെ ത്വരിതപ്പെടുത്തിയെന്നും പഠനം പറയുന്നു. ലോക വരുമാനത്തിന്‍റെ 60 ശതമാനത്തിലധികം വരുന്ന 10 രാജ്യങ്ങളുടെ ദേശീയ ബാലൻസ് ഷീറ്റുകളാണ്  പഠനവിധേയമാക്കപ്പെട്ടത്.


ചൈനയ്ക്കും യുഎസിനും പുറമെ, ജർമ്മനി, ഫ്രാൻസ്, യുകെ, ജപ്പാൻ, സ്വീഡൻ, മെക്സിക്കോ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തീക വിവരങ്ങളും പഠനത്തനിനായി ഉപയോഗിക്കപ്പെട്ടു. യുഎസിനെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്‍റെ മൊത്തം ആസ്തി രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 90 ട്രില്യൺ ഡോളറായി വർദ്ധിച്ചു. 

ബ്ലൂംബെർഗ് ഉദ്ധരിച്ച മക്കിൻസി ആൻഡ് കോ റിപ്പോർട്ട് അനുസരിച്ച്, രണ്ട് വലിയ ആഗോള സമ്പദ്‌വ്യവസ്ഥകളായ യുഎസിലും ചൈനയിലും, സമ്പത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് സമ്പന്നരായ വെറും 10 ശതമാനം കുടുംബങ്ങളിലാണെന്ന് പഠനം പറയുന്നു. അതായത്, ലോകത്ത് സമ്പത്ത് എണ്ണം പറഞ്ഞ ചിലരിലേക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന് സാരം.

ഈ പത്ത് ശതമാനത്തിന്‍റെ വിഹിതം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. മക്കിൻസി കണക്കാക്കിയതുപോലെ, ആഗോള ആസ്തിയുടെ 68% റിയൽ എസ്റ്റേറ്റിലാണ് സംഭരിച്ചിരിക്കുന്നത്.  ആഗോള സമ്പത്തിന്‍റെ ബാക്കിവരുന്ന 32 % മാനം സമ്പത്ത് മാത്രമാണ് അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിലും, ബൗദ്ധിക സ്വത്തവകാശം, പേറ്റന്‍റുകൾ തുടങ്ങിയ കാര്യങ്ങള്‍ക്കുമായി മാറ്റിവെയ്ക്കുുപ്പെടുന്നത്. 

മൊത്തം ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റിലാണ് സംഭരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാല്‍, പണം ഇത്തരത്തില്‍ റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ കേന്ദ്രീകരിക്കുന്നതിന്‍റെ അപകടങ്ങളെ കുറിച്ചും പഠനം മുന്നറിയിപ്പ് തരുന്നു. അതിനായി അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് മേഖല അടുത്ത കാലത്ത് നേരിട്ട തകര്‍ച്ചയെയാണ് പഠനം കൂട്ടി പിടിക്കുന്നത്. 

ചൈനയിലെ സ്ഥിതിയും സമാനമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. 2008 ൽ യുഎസ് ഭവന പദ്ധതികള്‍ ഭീകരമായ തകര്‍ച്ച നേരിട്ട ശേഷം ഉണ്ടായത് പോലെയുള്ള റിയൽ-സ്റ്റേറ്റ് വിലകളിലെ വർദ്ധനവ് സാമ്പത്തിക പ്രതിസന്ധിയുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയ്ക്ക് ശേഷം റിയല്‍ എസ്റ്റേറ്റ് പ്രോപ്പർട്ടി വിലകളിലെ കൂടുതൽ വർദ്ധനകൾ തടഞ്ഞുനിർത്തിയ യു.എസ്, ഈ കാലയളവിൽ അതിന്‍റെ ആസ്തി ഇരട്ടിയിലധികമായി ഉയര്‍ത്തി.  

വാർത്താ റിപ്പോർട്ടുകൾ പ്രകാരം, എവർഗ്രാൻഡെ ഗ്രൂപ്പിനെപ്പോലുള്ള ചൈനീസ് പ്രോപ്പർട്ടി ഡെവലപ്പർമാരുടെ കടം രാജ്യത്തിന്‍റെ സാമ്പത്ത് വ്യവസ്ഥയെ സ്വാധീനിച്ചേക്കാമെന്നും അമേരിക്കയില്‍ ഉണ്ടായത് പോലുള്ള സമാനമായ പ്രതിസന്ധിയിലേക്ക് ചൈനയും നീങ്ങിയേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എവർഗ്രാൻഡെ ഗ്രൂപ്പ് , നിലവില്‍ 300 ബില്യൺ ഡോളറിലധികമുള്ള സാമ്പത്തീക ബാധ്യതകളില്‍പ്പെട്ട് ഉഴലുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ചൈനയിലെ സ്വകാര്യ ഭവന നിർമ്മാതാക്കളിൽ ഏറ്റവുമധികം കടബാധ്യതയുള്ള കമ്പനിയാണ് ഇന്ന് എവർഗ്രാൻഡെ ഗ്രൂപ്പ്.  

ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ഭയം ലോകമെമ്പാടും ഇന്ന് ശക്തമാണ്, പ്രത്യേകിച്ചും കൊവിഡാനന്തര ലോകത്ത്. അടുത്തിടെ, മറ്റൊരു ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഫാന്‍റസിയ ഹോൾഡിംഗ്സ് 205.7 മില്യൺ ഡോളറിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ രണ്ട് ഭീമന്മാര്‍ക്ക് നേരിട്ട തിരിച്ചടി ഭാവിയില്‍ ചൈനയുടെ സാമ്പത്തികാവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

Latest Videos

click me!