Ukraine Crisis: ജീവന്‍ മാത്രം; യുദ്ധമുഖത്ത് മനുഷ്യന്‍, മൃഗം എന്ന വേർതിരിവുകളില്ല
First Published | Mar 6, 2022, 6:30 PM ISTയുദ്ധമുഖത്ത് നിന്ന് പലായനം ചെയ്തവരെത്രയെന്നതിന് കണക്കുകള്‍ കണ്ടെത്തുക എളുപ്പമല്ല. എങ്കിലും ഒരു ദശലക്ഷത്തിന് മേലെ ആളുകള്‍ ജീവനും കൈയില്‍പ്പിടിച്ച് റഷ്യയുടെ ബോംബുവര്‍ഷത്തിനിടയിലൂടെ ഓടി അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നുവെന്നു. ഉക്രൈന്‍ അഭയാര്‍ത്ഥികളുടെ എണ്ണം നാല് ദശലക്ഷമായി ഉയരുമെന്നാണ് യൂറോപ്യൻ യൂണിയന്‍റെ നിരീക്ഷണം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെയിലും റഷ്യ ബോംബിങ്ങ് തുടരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതിനിടെ, സ്വന്തം ജീവന്‍ രക്ഷിക്കാനോടുമ്പോള്‍ കൂടെയെന്ത് കരുതണമെന്ന് ചോദ്യമുയരുക സ്വാഭാവികം. പണം, വിലപിടിപ്പുള്ളത് അങ്ങനെ പലതായിരിക്കും ഓരോരുത്തരുടെയും താത്പര്യങ്ങള്‍. എന്നാല്‍, ഇടുക്കിയില്‍ നിന്നും ഉക്രൈനില്‍ മെഡിസിന്‍ വിദ്യാഭ്യാസത്തിനെത്തിയ ആര്യയെ പോലെ ചിലര്‍ കൂടെ കരുതിയത് പാസ്പോട്ടും അത്യാവശ്യം ഭക്ഷണവും പിന്നെ... അതുവരെ തങ്ങളുടെ സ്നേഹത്തിന് പകരം സ്നേഹം മാത്രം നല്‍കി കൂടെ നിന്നിരുന്ന അരുമ മൃഗങ്ങളെയായിരുന്നു. ജീവനെന്നാല്‍ മനുഷ്യ ജീവന്‍ മാത്രമല്ലെന്ന് ആ കുട്ടികള്‍ കാട്ടിത്തരുന്നു.