ആവാസവ്യൂഹം തിരക്കഥാകൃത്ത് കൃഷാന്ത് ആർ.കെയുടെ 'സംഘർഷ ഘടന'; ഇന്ന് പ്രദർശനത്തിന്

By Web Team  |  First Published Dec 15, 2024, 9:01 AM IST

5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആർട്ട് ഓഫ് വാർ' എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് 'സംഘർഷ ഘടന'.


പ്രശസ്ത സംവിധായകൻ കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത സംഘർഷ ഘടന ഇന്ന് (15 ഡിസംബർ) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വൈകിട്ട് ആറിന് അജന്ത തിയേറ്ററിലാണു ചിത്രത്തിന്റെ ആദ്യ പ്രദർശനം. ഐ.എഫ്.എഫ്.കെയിലേക്ക് മൂന്നാം തവണയും തന്റെ സിനിമ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് പുരുഷപ്രേതം, ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം എന്നീ സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ കൃഷാന്ത്. 

5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആർട്ട് ഓഫ് വാർ' എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് 'സംഘർഷ ഘടന'. ലോകം യുദ്ധവെറിയുടെ ഭീകരതയിൽ നിൽക്കുമ്പോൾ,  മൂവായിരത്തോളം വർഷങ്ങൾക്ക് മുമ്പ് യുദ്ധങ്ങൾ എങ്ങനെ വേണമെന്ന് ഒരു പുസ്തകം പറഞ്ഞുവച്ചതിനെ വിമർശനാത്മകമായാണ് സംവിധായകൻ സമീപിക്കുന്നത്. യുദ്ധങ്ങളുടെ നിരർഥകത കൂടി ചിത്രം അനാവരണം ചെയ്യുന്നു. 

Latest Videos

ജയൻ ചെറിയാന്റെ 'റിഥം ഓഫ് ദമാം' ഇന്ന്; ലിപിയില്ലാത്ത സിദ്ദി ഭാഷയിലെ ആദ്യ ചിത്രം

സനൂപ് പടവീടൻ, വിഷ്ണു അഗസ്ത്യ, രാജഗോപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ട രീതിയിൽ സിനിമകൾ എടുക്കുന്നത് ബോധപൂർവം അല്ലെന്നും മനസിൽ സിനിമകൾ ജനിക്കുന്നതേ അങ്ങനെയാണെന്നും സംവിധായൻ പറഞ്ഞു. തന്റെ കഥകൾ എല്ലാം സാധാരണമാണ്. എന്നാൽ അതിന്റെ ആഖ്യാന രീതിയിൽ വ്യത്യാസം കൊണ്ടുവരുമ്പോൾ അതു സിനിമയെ വേറിട്ട തലത്തിലേക്ക് ഉയർത്തുകയാണ് പതിവെന്നും കൃഷാന്ദ് പറയുന്നു. ഐ.എഫ്.എഫ്.കെ. വേദിയിലെ സ്ഥിരം സന്ദർശകനായ കൃഷാന്ദ്, വരും ദിവസങ്ങളിൽ 'സംഘർഷ ഘടന'യെ പറ്റി കാണികളുമായി സംവദിക്കും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!