മത്സ്യത്തൊഴിലാളികൾ വലയിട്ട ശേഷം മീനിനെ ആകർഷിക്കാൻ ശ്രമിക്കുന്നതാണെന്ന് കരുതിയെങ്കിലും ശ്രദ്ധിച്ചപ്പോഴാണ് 18കാരൻ മുങ്ങിത്താഴുകയാണെന്ന് വ്യക്തമായത്. പരിസരം മറന്ന് യുവാക്കൾ ഇടപെട്ടതോടെ നീറ്റ് പരീക്ഷാർത്ഥിക്ക് അത്ഭുത രക്ഷ
തിരുവനന്തപുരം: കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങി ചുഴിയിൽ പെട്ട വെണ്ണിയൂർ സ്വദേശിക്ക് രക്ഷകരായി യുവാക്കൾ. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യ (18) നെയാണ് യുവാക്കൾ കടലിൽ ചാടി രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിൻ, രാഹുൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്മയുടെ സഹോദരൻ്റെ വീടായ നെടുമാങ്ങാട് നിന്ന് നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ആദിത്യൻ അവധി ദിനമായ ഇന്നലെ വെണ്ണിയൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ വിഴിഞ്ഞത്ത് എത്തുകയായിരുന്നു.
ഉച്ചയോടെ വിഴിഞ്ഞം നോമാൻസ് ലാന്റിൽ എത്തിയ ആദിത്യൻ ബാഗും ചെരുപ്പും കരയിൽ വച്ചശേഷം കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങി. തിരയടിയിൽ കടലിലേക്ക് വീണ 18കാരൻ ചുഴിയിൽ അകപ്പെടുകയായിരുന്നു. നീന്താൻ വശമില്ലാത്തതിനാൽ കയ്യുംകാലും ഉയർത്തി വെള്ളത്തിൽ അടിച്ച് രക്ഷക്കായി ശ്രമിച്ചെങ്കിലും തീരത്ത് സമീപപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ഈ സമയം കടപ്പുറത്ത് കരയിലൂടെ ബൈക്കിൽ സഞ്ചരിച്ച രതീഷിൻ്റെയും, ജസ്റ്റസിൻ്റെയും, രാഹുലിൻ്റയും ശ്രദ്ധയിൽ ഒരാൾ വെള്ളത്തിൽ കൈകളിട്ട് അടിക്കുന്നത് പെട്ടെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ വല വീശിയ ശേഷം മീൻ കുടുങ്ങാൻ വെള്ളത്തിൽ കൈ കൊണ്ടടിക്കുന്നത് പതിവായതിനാൽ ഇവർ ആദ്യം ഇത് കാര്യമായെടുത്തില്ല.
എന്നാൽ നോക്കിനിൽക്കുന്നതിനിടയിൽ ആദിത്യൻ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കൾ രണ്ടും കൽപ്പിച്ച് കടലിലേക്ക് എടുത്ത് ചാടി. താഴ്ന്ന് കൊണ്ടിരുന്ന ആദിത്യനെ ഉയർത്തിയെടുത്ത് കരയിൽ എത്തിക്കുകയായിരുന്നു. വെള്ളം കുടിച്ച് അവശനായ യുവാവിന് രക്ഷകർ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. അല്പം കൂടി വൈകിയിരുന്നെങ്കിൽ യുവാവിൻ്റെ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയിൽ നിന്നാണ് യുവാക്കൾ 18കാരനെ പിടിച്ചുയർത്തിയത്.
വിവരമറിഞ്ഞെത്തിയ തീരദേശ പൊലീസ് ആംബുലൻസ് വരുത്തി ആദിത്യനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കുന്ന നോമാൻസ് ലാൻ്റ് ഭാഗത്തെ കടൽ കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഇവിടെ തിരയടിയും ആഴവും ചുഴിയുമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം