ഉക്രേനിയൻ അതിർത്തിയിൽ നിന്നുള്ള റഷ്യന്‍ പിന്മാറ്റ പ്രഖ്യാപനത്തെ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും ജാഗ്രതയോടെയാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ സ്വാഗതം ചെയ്തു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള നയതന്ത്രമാര്‍ഗ്ഗം ഇനിയും അടഞ്ഞിട്ടില്ലെന്ന റഷ്യയുടെ സൂചനയ്ക്കിടയിലും ഇനിയും ശുഭാപ്തി വിശ്വാസത്തിന് ഇടമുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.
ഉക്രൈന് സമീപത്തുള്ള വലിയ സൈനിക സാന്നിദ്ധ്യം, ചുരുങ്ങിയ സമയത്തിനുള്ളിൽ ആക്രമണം നടത്താനുള്ള റഷ്യന്‍ സേനയുടെ കഴിവ് എന്നിവ റഷ്യയ്ക്കുണ്ട്. അതിര്‍ത്തിയിലെ ചില യൂണിറ്റുകള്‍ സൈനീകാഭ്യാസത്തിന് ശേഷം മടങ്ങുകയാണെന്നാണ് റഷ്യ അറിയിച്ചത്. എന്നാല്‍, ഇതിന് തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നാറ്റോ സഖ്യം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞെന്നായിരുന്നു ഉക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് (Oleksii Reznikov)ന്‍റെ ആദ്യ പ്രതികരണം. 'ഞങ്ങൾക്ക് ഒരു നിയമമുണ്ട്: നിങ്ങൾ കേൾക്കുന്നത് വിശ്വസിക്കരുത്, നിങ്ങൾ കാണുന്നത് വിശ്വസിക്കുക. ഒരു പിൻവലിക്കൽ കാണുമ്പോൾ, സംഘര്‍ഷം ലഘൂകരിക്കപ്പെട്ടതായി ഞങ്ങൾ വിശ്വസിക്കും.' അദ്ദേഹം പറഞ്ഞു.
ഉക്രൈന് പുറകെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും റഷ്യയുടെ പിന്മാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചു. ആക്രമണത്തിനുള്ള 'ഒരുക്കങ്ങളായി മാത്രം കണക്കാക്കാവുന്ന' ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണം റഷ്യ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
റഷ്യൻ ടാങ്കുകളും സൈനികരും അന്തിമ ആക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങുകയാണെന്നും റോക്കറ്റ് ബാറ്ററികളും പീരങ്കി യൂണിറ്റുകളും അവരുടെ ആക്രമണ ലക്ഷ്യങ്ങളുടെ പരിധിക്കകത്തേക്ക് നീക്കിയിട്ടുണ്ടെന്നും വാഷിംഗ്ടണിൽ നിന്ന് മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യ തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നുവെന്ന് അറിയിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് റഷ്യ, ഉക്രൈന്‍ ആക്രമണം നടത്തുമെന്ന് വരെ യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം യുഎസിന്‍റെ യുദ്ധപ്രചാരണം മാത്രമാണെന്ന് റഷ്യ തിരിച്ചടിച്ചു. തങ്ങള്‍ക്ക് ഉക്രൈന്‍ ആക്രമണ പദ്ധതിയില്ലെന്നും റഷ്യ ആവര്‍ത്തിച്ചു.
അതിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന് പിന്നാലെ ജര്‍മ്മന്‍ ചാന്‍സ്‍ലര്‍ ഒലാഫ് ഷോൾസും പുടിനുമായി 20 അടി അകലത്തിലുള്ള മേശയുടെ രണ്ട് വശങ്ങളിലായിരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച നടത്തി.
ഇതിനിടെ തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിന് തെളിവായി റഷ്യ ചില വീഡിയോകള്‍ പുറത്ത് വിട്ടു. അതില്‍ 2014 ല്‍ ഉക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപില്‍ നിന്നുള്ള ചില സൈനീക വാഹനങ്ങള്‍ ട്രക്കുകളില് കയറ്റുന്നതായി ചിത്രീകരിച്ചിരിക്കുന്നു. നേരത്തെ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനീക അഭ്യാസം നടത്തിയ റഷ്യന്‍ സൈനീകരും തിരികെ പോയി.
എന്നാല്‍, സോളോട്ടിയ പോലുള്ള ഉക്രൈന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റഷ്യന്‍ പ്രദേശങ്ങളിലെ സൈനീക സാന്നിധ്യം വര്‍ദ്ധിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവ് നല്‍കി. ക്രിമിയയുടെയും റഷ്യയുടെയും അതിർത്തിയോട് ചേർന്നുള്ള എയർബേസുകളിൽ പുതുതായി ചില ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും കാണപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യൻ ആക്രമണത്തിന്‍റെ ഭീഷണി ഇപ്പോഴും യഥാർത്ഥമാണെന്നായിരുന്നു യുഎസിന്‍റെ പ്രതികരണം. ഇതിന്‍റെ തുടര്‍ച്ചയായി ഉക്രൈന്‍ തലസ്ഥാനമായ കീവിലെ യുഎസ് എംബസി താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. എംബസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള വസ്തുക്കള്‍ നശിപ്പിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പറഞ്ഞു. ഇന്ത്യയും തങ്ങളുടെ പൗരന്മാരോട് ഉക്രൈന്‍ വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.
ഉക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഉക്രൈനിലെ ഡോൺബാസ് മേഖലയിലെ രണ്ട് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കാൻ പുടിനോട് ഔദ്യോഗികമായി ആവശ്യപ്പെടുന്ന പ്രമേയം റഷ്യൻ നിയമനിർമ്മാതാക്കൾ ഇന്ന് പരിഗണിക്കുമെന്നും വാര്‍ത്തകള്‍ വന്നു.
ഉക്രൈനിലെ ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും റഷ്യന്‍ വിമത ഗ്രൂപ്പുകളുടെ ശക്തികേന്ദ്രങ്ങളാണ്. 2014 ല്‍ ക്രിമിയ പിടിച്ചെടുത്ത വേളയില്‍ ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും സ്വാതന്ത്രപ്രഖ്യാപനം നടത്തിയിരുന്നു. അന്ന് മുതല്‍ റഷ്യന്‍ പിന്തുണയോടെ ഉക്രൈന്‍ സര്‍ക്കാറിനെതിരായ സായുധ പോരാട്ടത്തിലാണ് ഈ പ്രദേശങ്ങള്‍.
പ്രമേയത്തിന്‍റെ ഭാഗമായി ഇരുപ്രദേശങ്ങളിലെയും പ്രാദേശിക നേതാക്കളോട് സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാനും ബാഹ്യ ഭീഷണികളില്‍ നിന്നും വംശഹത്യയില്‍ നിന്നും ഈ പ്രദേശങ്ങളിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കാന്‍ റഷ്യയുടെ സഹകരണവും വാഗ്ദാനം ചെയ്യുന്നു.
2014 ല്‍ ഉക്രൈന്‍ അക്രമിച്ച് ക്രിമിയ കീഴടക്കാനും റഷ്യ ഇതേ തന്ത്രമാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ റഷ്യയുടെ ഈ നീക്കം അധിനിവേശത്തിന് മുമ്പുള്ള തയ്യാറെടുപ്പാണെന്നും നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍, റഷ്യന്‍ പാര്‍ലമെന്‍റിന്‍റെ ഈ നീക്കത്തോട് പുടിന്‍റെ പ്രതികരണമെന്താണെന്നതിന് ഇതുവരെ അറിയിപ്പുകളൊന്നുമില്ല.
യുഎസും യുകെയും റഷ്യയുടെ പിന്മാറ്റത്തെ വിശ്വാസത്തിലെടുത്ത മട്ടില്ല. യൂറോപ്പ് 'ഒരു കൊടുങ്കാറ്റിന്‍റെ വക്കിലാണ്' എന്നാണ് ബോറിസ് ജോണ്‍സന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്. എന്നാല്‍ 'പ്രസിഡന്‍റ് പുടിന് പിന്നോട്ട് പോകാൻ ഇനിയും സമയമുണ്ട്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ റഷ്യൻ ആക്രമണത്തിന് 'എല്ലാ ഘടകങ്ങളും' നിലവിലുണ്ടെന്നായിരുന്നു ഫ്രാൻസിന്‍റെ വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാനും അഭിപ്രായപ്പെട്ടത്. എന്നാൽ അക്രമണം ആരംഭിക്കാൻ പുടിൻ തീരുമാനിച്ചുവെന്നതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ വീണ്ടും ഉക്രെയ്‌നിന്റെ പ്രാദേശിക അഖണ്ഡത ലംഘിക്കുകയാണെങ്കിൽ, എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം,' എന്നായിരുന്നു ജർമ്മന്‍ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത്. അതിര്‍ത്തിയില്‍ സൈനിക വർദ്ധനവ് ഉണ്ടായാൽ, ഞങ്ങളുടെ സഖ്യകക്ഷികളുമായി ഏകോപിപ്പിച്ച് വളരെ ദൂരവ്യാപകവും ഫലപ്രദവുമായ ഉപരോധങ്ങൾക്ക് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം റഷ്യയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
ഉക്രെയ്നിന്റെ വടക്ക്, തെക്ക്, കിഴക്ക് അതിർത്തികളിൽ 1,30,000-ലധികം റഷ്യൻ സൈനികരെ വിന്യസിച്ചതിന് യുക്തിസഹമായ കാരണങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് പുടിന് അനുകൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഒരു റഷ്യൻ അധിനിവേശം ആസന്നമാണെന്ന് തോന്നുന്നുവെന്നും റഷ്യന്‍ സൈന്യത്തിന് 'വളരെ വളരെ വേഗത്തിൽ' കീവിലെത്താന്‍ കഴിയുമെന്നും യുകെ പ്രതിരോധ സെക്രട്ടറി ലിസ് ട്രസ് ആവര്‍ത്തിച്ചു. 'ഇത് യൂറോപ്പിന്‍റെ വിശാലമായ സ്ഥിരതയെക്കുറിച്ചാണ്, ഇത് വിശാലമായ ആഗോള സ്ഥിരതയെക്കുറിച്ചാണ്, ആക്രമണകാരികൾക്ക് ഞങ്ങൾ നൽകുന്ന സന്ദേശമാണ്, ആക്രമണത്തിന് ഒരു പ്രതിഫലവും നൽകാനാവില്ലെന്ന സന്ദേശം വ്‌ളാഡിമിർ പുടിന് നൽകണം' അവർ കൂട്ടിച്ചേര്‍ത്തു.
'റഷ്യയുടെ വാക്കുകള്‍ ശരിയാണെന്ന് കാണിക്കാൻ സൈന്യത്തെ പൂർണ്ണ തോതിൽ നീക്കം ചെയ്യുന്നത് ഞങ്ങൾ കാണേണ്ടതുണ്ട്.' അല്ലാത്ത പക്ഷം ഒരു സംഘട്ടനത്തിന് തുടക്കമിടാൻ റഷ്യ 'തെറ്റായ പതാക' ഓപ്പറേഷൻ നടത്തുമെന്നും ലിസ് ട്രസ് ആരോപിച്ചു. 'ഒരു അധിനിവേശത്തിന് സാധ്യത ഇപ്പോഴും ഏറെയാണ്' അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.