അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ വനിതകള്‍

By Asianet Malayalam  |  First Published Dec 15, 2024, 3:26 PM IST

29 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ കമാലിനിയും17 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന സനിക ചാല്‍ക്കേയുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.


ക്വാലാലംപൂര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഇന്ത്യൻ വനിതകള്‍ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ കമാലിനിയും17 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന സനിക ചാല്‍ക്കേയുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

ഓപ്പണര്‍ തൃഷ(0) ഗോണ്‍ഗാഡിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യൻ ബൗളര്‍മാരുടെ കൃത്യതക്ക് മുന്നിലാണ് മുട്ടുമടക്കിയത്. 32 പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ കോമള്‍ ഖാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഫാത്തിമ ഖാന്‍(11) മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. 18 പന്തില്‍ 9 റണ്‍സെടുത്ത ഖുറാതുലൈന്‍ അഹ്സനും അഞ്ച് പന്തില്‍ മൂന്ന് റണ്ണെടുത്ത മഹ്നൂര്‍ സേബും പുറത്താകാതെ നിന്നു.

Latest Videos

ഇന്ത്യയുടെ അന്തകനെന്ന് പറയുന്നത് വെറുതെയല്ല, സെഞ്ചുറികളില്‍ പുതിയ റെക്കോര്‍ഡിട്ട് സ്റ്റീവ് സ്മിത്ത്

ഇന്ത്യക്കായി നാലോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി സോനം യാദവ് നാലു വിക്കറ്റെടുത്തപ്പോള്‍ പ്രൗണിക സിസോദിയയും മിതാലി വിനോദും വിജെ ജ്യോതിഷയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറ്റന്നാള്‍ നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അടുത്ത മത്സരം. നേരത്തെ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ശ്രീലങ്കന്‍ വനിതകള്‍ മലേഷ്യയെ തകര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ് ശ്രീലങ്ക 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ മലേഷ്യക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!