അഫ്ഗാന്‍ ; അധികാരത്തിനായി താലിബനും ഹഖാനി ഗ്രൂപ്പും തമ്മിലടി, മുല്ലാ ബരാദറിന് വെടിയേറ്റു

First Published | Sep 6, 2021, 12:22 PM IST

മേരിക്കന്‍ സൈന്യത്തിലെ അവസാന സൈനീകനും മടങ്ങിയതോടെ കാബൂളില്‍ താലിബാന്‍ വിജയമാഘോഷിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ കുഴങ്ങുന്നു.  താലിബാനും പാക് ചാരസംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹഖാനി ശൃംഖലയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകണം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  ഇരുവിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്‍റെ ഇപ്പോഴത്തെ നേതാവ് മുല്ലാ അബ്ദുള്‍ ഗാനി  ബരാദറിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മറ്റ് ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാരില്‍ പ്രതിനിധ്യമുണ്ടാകുമെന്നായിരുന്നു നേരത്തെ ലോകരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ താലിബാന്‍ നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ സുന്നി - പഷ്ത്തൂണ്‍ വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതാകണം സര്‍ക്കാര്‍ എന്ന ഹഖാനി ഗ്രൂപ്പിന്‍റെ പിടിവാശി ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവെപ്പിലേക്ക് വരെ കാര്യങ്ങളെത്തിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പാക് ചരസംഘടനാ നേതാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

താലിബാന്‍ നേതാവായ മുല്ലാ ബരാദറിന്‍റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ ഇസ്ലാം രാഷ്ട്രം രൂപിക്കരിക്കുമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു. താലിബാന്‍റെ അഫ്ഗാന്‍ അധികാരത്തിലേക്കുള്ള രണ്ടാം വരവില്‍ നേതൃരംഗത്ത് മിതവാദി ഗ്രൂപ്പിനായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്. 

ഈ ഗ്രൂപ്പിനെ നയിച്ചിരുന്നത് മുല്ലാ ബരാദറായിരുന്നു. ഒരു ഘട്ടത്തില്‍ സ്ത്രീകള്‍ക്കും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ പ്രതിനിധ്യമുണ്ടാകുമെന്ന് താലിബാന്‍ വക്താക്കള്‍ അവകാശപ്പെട്ടത് മുല്ലാ ബരാദറിന് സംഘടനയിലുള്ള അപ്രമാദിത്വത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


കഴിഞ്ഞ ദിവസം അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ അഫ്ഗാന്‍ സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് മുല്ലാ ബരാദര്‍ ആവശ്യമുന്നയിച്ചിരുന്നു. 

ലോകത്തിലെ തന്നെ ഏറ്റവും ഭീകരസംഘടനയായി മുദ്രക്കുത്തപ്പെട്ട , പഷ്ത്തൂണ്‍ വംശജര്‍ക്ക് മേധാവിത്വമുള്ള ഹഖാനി ശൃംഖല  ബരാദറിന്‍റെ ഈ ആവശ്യം തള്ളിക്കളഞ്ഞു. പഷ്ത്തൂണികള്‍ക്കും സുന്നികള്‍ക്കും മാത്രം അധികാരത്തില്‍ പ്രാധാന്യം മതിയെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 

രണ്ട് വിഭാഗങ്ങളും തമ്മില്‍ ഇതിനെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തെന്നും ഇതിന്‍റെ തുടര്‍ച്ചയായി നടന്ന വെടിവെപ്പിനിടെയാണ് മുല്ലാ ബരാദറിന് വെടിയേറ്റതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

മുല്ലാ ബരാദറിന്‍റെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ പാകിസ്ഥാനില്‍ ചികിത്സയ്ക്കായെത്തിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ഓഗസ്റ്റ് 15 ന് രാജ്യ തലസ്ഥാനമായ കാബൂള്‍ കീഴടക്കുമ്പോള്‍ അമേരിക്കയുടെ അവസാന സൈനീകനും രാജ്യം വിട്ടാലുടന്‍ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുമെന്ന് താലിബാന്‍ അവകാശമുന്നയിച്ചിരുന്നു. 

എന്നാല്‍ ഓഗസ്റ്റ് 31 ന് അമേരിക്കയുടെ അവസാന സൈനീകനും അഫ്ഗാന്‍ വിട്ട് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും താലിബാന് സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ പ്രാഥമിക ഘട്ടം പോലും പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. 

അതിനിടെയാണ് പ്രധാന സഖ്യകക്ഷിയായ ഹഖാനി ശൃംഖലയുമായി അധികാരം പങ്കുവെക്കുന്ന കാര്യത്തില്‍ താലിബാന് ഏറ്റുമുട്ടേണ്ടിവന്നത്. ഇതോടെ അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പായി. 

താലിബാന്‍ പരമോന്നത നേതാവായി ഉയര്‍ത്തി കാണിക്കുന്ന അഖുൻസാദയെ ഹഖാനി ഗ്രൂപ്പുകളും മറ്റ് നിരവധി താലിബാൻ വിഭാഗങ്ങളും അംഗീകരിക്കുന്നില്ലെന്നതും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. 

കാബൂള്‍ കീഴടക്കിയെങ്കിലും പഞ്ച്ശീരിലെ ദേശീയ പ്രതിരോധ സഖ്യത്തിന്‍റെ ചെറുത്ത് നില്‍പ്പും താലിബാന് തലവേദയായിരുന്നു. കഴിഞ്ഞ ആഴ്ച ഏതാണ്ട് മുന്നൂറോളം താലിബാനികളെ വധിച്ചെന്ന് ദേശീയ പ്രതിരോധ സഖ്യം അവകാശപ്പെട്ടിരുന്നു. 

പഞ്ച്ശീറിലെ യുദ്ധ മേഖലയില്‍ ഏതാണ്ട് ആയിരത്തോളം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രവിശ്യയിലെ ഏഴില്‍ അഞ്ച് ജില്ലകളും പിടിച്ചെടുത്തെന്നായിരുന്നു താലിബാന്‍ അവകാശപ്പെട്ടത്. 

അതിനിടെ കാബൂളിലെ അധികാര തര്‍ക്കം രൂക്ഷമാകുകയും മുല്ലാ ബരാദറിന് വെടിയേല്‍ക്കുകയും ചെയ്തതോടെ പഞ്ച്ശീരിലെ സൈനീക നീക്കം ഉപേക്ഷിച്ച് താലിബാന്‍ തങ്ങളുടെ പടയാളികളോട് കാബൂളിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നു. 

പഞ്ച്ശീരില്‍ ഏറ്റമുട്ടല്‍ തുടര്‍ന്നാല്‍ അഫ്ഗാനിസ്ഥാന്‍ വീണ്ടും രൂക്ഷമായ ആഭ്യന്തരയുദ്ധത്തിലേക്ക് പോകുമെന്ന് യുഎസ് ജോയന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി മുന്നറിയിപ്പ് നല്‍കി. 

അഫ്ഗാനില്‍ നിലവില്‍ താലിബാന്‍ മിതവാദികള്‍ക്കുള്ള മേധാവിത്വം നഷ്ടമായാല്‍ അല്‍ഖ്വയ്ദ, ഐഎസ്-കെ, ഹഖാനി ശൃംഖല തുടങ്ങിയ വിവിധ ഭീകരസംഘടനകളുടെ വിളനിലമായി മാറുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ഹഖാനി ശൃംഖലയും താലിബാനും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ പാക് ചാര സംഘടനയുടെയും പാക് രാഷ്ട്രീയ നേതൃത്വത്തിന്‍റെ സഹായം താലിബാന്‍ തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹഖാനി ശൃംഖലയ്ക്ക് എന്നും ആളും അര്‍ത്ഥവും നല്‍കി സഹായിച്ചിരുന്ന പാക് ഭരണകൂടം അഫ്ഗാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനായി ശ്രമിക്കുകയാണ്. 

പാക് രഹസ്യാന്വേഷണ വിഭാഗം (ഐഎസ്ഐ) തലവന്‍ ലെഫ്റ്റനന്‍റ് ജനറല്‍ ഫായിസ് ഫമീദ് ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ചയ്ക്കായി കാബൂളിലെത്തി. ഹഖാനി ശൃംഖലയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ലോകത്തിലെ ഏക സംഘടനയാണ് പാക് രഹസ്യാന്വേഷണ വിഭാഗം. 

താലിബാന്‍റെ ക്ഷണപ്രകാരം പാകിസ്ഥാനിലെ ചില രാഷ്ട്രീയ നേതാക്കളും ലെഫ്റ്റനന്‍റ് ജനറല്‍ ഫായിസ് ഫമീദിനൊപ്പം കാബൂളിലെത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. 

ഇതിനിടെ പഞ്ച്ശീരില്‍ താലിബാനുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയാണെങ്കില്‍ കൊന്നുകളയാന്‍ തന്‍റെ അടുത്ത അനുയായികള്‍ക്ക് മുന്‍ അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍ ദേശീയ പ്രതിരോധ സഖ്യത്തിലെ പ്രധാന നേതാക്കളിലൊരാളുമായ അമറുള്ള സലേ നിര്‍ദ്ദേശം നല്‍കിയതായുള്ള വാര്‍ത്തകളും പുറത്ത് വന്നു. 

എന്നാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ (NRFA)മേധാവി അഹ്മദ് മസൂദ് വ്യക്തമാക്കി. ഇതിന് പിന്നാലെ പഞ്ച്ശീര്‍ പിടിച്ചടക്കിയതായും പ്രതിരോധ സഖ്യത്തിലെ നേതാക്കള്‍ തജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടു. 

എന്നാല്‍ ഇത് ദേശീയ പ്രതിരോധ സഖ്യം നിഷേധിച്ചു. പഞ്ച്ഷീര്‍‌ നടക്കുന്ന പോരാട്ടത്തിനിടെ ദേശീയ പ്രതിരോധ മുന്നണിയുടെ ( നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ - എൻആർഎഫ്) വക്താവ്  ഫഹീം ദഷ്ടി കൊല്ലപ്പെട്ടു. ഫഹീം ദഷ്ടി, ജമിയത്ത്-ഇ-ഇസ്ലാമി പാർട്ടിയിലെ മുതിർന്ന അംഗവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ് അംഗവുമായിരുന്നുവെന്ന് ഖമാ പ്രസ് റിപ്പോർട്ട് ചെയ്തു. 

പഞ്ച്ശീറിലെ ദേശീയ പ്രതിരോധ മുന്നണിയുടെ പ്രതിരോധത്തെ കുറിച്ച് തത്സമയം റിപ്പോര്‍ട്ട് തല്‍കിയിരുന്നവരിലൊരാളാണ് ഫഹീം ദഷ്ടി. പലപ്പോഴും താലിബാനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!