പതഞ്ഞ് പൊങ്ങിയ പുണ്യനദിയായി യമുന

First Published | Nov 9, 2021, 4:50 PM IST

പുരാതന ഹിന്ദു ഉത്സവമായ ഛഠ് പൂജ ഉത്സവത്തിന്‍റെ ഒന്നാം ദിവസമായ ഇന്നലെ യമുനാനദിയുടെ അവസ്ഥയാണിത്. നദി എന്ന യാഥാര്‍ത്ഥ്യത്തിന് പുറത്തായിരിക്കുന്നു യമുന. ഹിന്ദു പുരാണങ്ങളില്‍ പറയുന്നത് പോലെ യമുനാ നദി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ കാളിന്ദിയായിരുന്നു, വിഷല്പതമായ കാളിന്ദി. നദിയില്‍ കാണുന്ന പത പോലുള്ള വസ്തു മഞ്ഞാണെന്ന് കരുതിയാല്‍ തെറ്റി. പൊങ്ങിക്കിടക്കുന്ന അപകടകരമായ നുരകള്‍ ഡിറ്റര്‍ജെന്‍റുകള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക മാലിന്യങ്ങള്‍ നദിയിലേക്ക് പുറന്തള്ളിയത് മൂലം അമോണിയ, ഫോസ്ഫേറ്റ് എന്നി മൂലകങ്ങള്‍ നദീജലത്തില്‍ അമിത അളവില്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ പതയാണ്. ഇത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ, യമുന ഇന്നും കാളിന്ദിയായി ഒഴുകുന്നു. 

ദില്ലിയിലെ കാളിന്ദി കുഞ്ചില്‍,  ഛഠ് പൂജ ഉത്സവത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന്  സൂര്യദേവനോട് പ്രാർത്ഥിക്കുന്ന പൂജകളാണ് നടക്കുക. അവനവന്‍റെ ഉന്നതിക്ക് വേണ്ടി ഓരോ വിശ്വാസിയും പുണ്യ നദിയായ യമുദാ തീരത്ത് നിന്ന് സൂര്യനെ സാക്ഷിയാക്കി പ്രാര്‍ത്ഥിക്കുമ്പോള്‍ യമുദ, വിഷല്പ്തമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.

'യമുനാ നദിയിലെ ജലം വൃത്തിഹീനമാണെന്നും അത് അപകടകരമാണെന്നും ഞങ്ങൾക്കറിയാം. എന്നാൽ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിൽക്കുമ്പോൾ സൂര്യദേവനോട് പ്രാർത്ഥിക്കുന്നതിനാൽ മറ്റൊരു വഴിയുമില്ലെന്ന് കാളിന്ദി കുഞ്ചിനടുത്തുള്ള യമുനാ ഘട്ടിലെ ഒരു ഭക്തൻ പറയുന്നു. വിശ്വാസിയെ സംബന്ധിച്ച് അവന്‍റെ വേദനകള്‍ പറയാന്‍ ഒരു ദൈവമെങ്കിലും ഉണ്ട്. 



എന്നാല്‍, ഒരു നദിയായ യമുന എന്ത് ചെയ്യും ?  നദിയെന്നാല്‍ ഒരു വലിയ ആവാസവ്യവസ്ഥയാണ്. അനേകം ജീവജാലങ്ങള്‍ക്ക് വളര്‍ച്ചാ ത്വരകമാകേണ്ട് ഒന്ന്. എന്നാല്‍ യമുന ഇന്ന് വിഷവാഹിനിയാണ്. 

നദീതീരത്ത് അധികൃതമായും അനധികൃതമായും സ്ഥാപിച്ചിട്ടുള്ള ജീൻസ് നിർമാണ യൂണിറ്റുകൾ ഡെനിം ചായം പൂശാൻ ഉപയോഗിക്കുന്ന രാസമാലിന്യങ്ങൾ യമുനയിലേക്ക് തള്ളുന്നതാണ് വിഷലിപ്തമായ നുരയുടെ കട്ടികൂടിയ പാളിയെന്ന് പാരിസ്ഥിപ്രവർത്തകൻ വരുൺ ഗുലാത്തി എഎന്‍ഐയോട് പറഞ്ഞു.

യമുനാ നദിയെ മലിനമാക്കുന്ന നുരഞ്ഞുപൊന്തുന്ന വെള്ളത്തിന് പിന്നിലെ പ്രധാന പ്രശ്‌നം അനധികൃത ഡെനിം ഫാക്ടറികളാണെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.  വെള്ളം നുരയുന്നത് എല്ലാവരും നേരിട്ട് കാണുന്നു, പക്ഷേ ഇതിന് പിന്നിലെ യഥാർത്ഥ ഉറവിടം എന്താണെന്ന് ആരും അറിയാൻ ആഗ്രഹിക്കുന്നില്ല, ഇത് യഥാർത്ഥത്തിൽ ഡെനിം ഡൈയിംഗ് യൂണിറ്റുകളാണ് വരുണ്‍ പറയുന്നു. 

ഛഠ് ഭക്തർ സൂര്യദേവനെയും ഭാര്യ ഉഷയെയും ആരാധിക്കുന്നു. അവരുടെ അനുഗ്രഹം തേടുകയും നാല് ദിവസത്തെ ആഘോഷങ്ങളിൽ ഭക്തർ യമുനയുടെ തീരത്താണ് ഒത്തുകൂടുന്നത്. ഹിന്ദു വിശ്വാസപ്രകാരം പുണ്യനദിയായ യമുനയില്‍ പുണ്യസ്നാനം ചെയ്ത ശേഷം ഭക്തര്‍ മടങ്ങുകയാണ് പതിവ്.

എന്നാല്‍ കുറച്ചേറെ വര്‍ഷങ്ങളായി യമുനയില്‍ മുങ്ങി നിവരാന്‍ വിശ്വാസികള്‍ ഭയക്കുന്നു. കാരണം വിശ്വാസത്തിനപ്പുറത്ത് പുണ്യനദി അത്രമാത്രം വിഷലിപ്തമാണെന്നത് തന്നെ. 

"ഛഠ് പൂജാവേളയില്‍ നദിയിൽ കുളിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഞാൻ ഇവിടെ കുളിക്കാനായി വന്നതാണ്. പക്ഷേ വെള്ളം മലിനമാണ്. ഇത് ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇതുമൂലം രോഗങ്ങളും ഉണ്ടാകാം. പക്ഷേ ഞങ്ങൾ നിസ്സഹായരാണ്. വെള്ളത്തിന്‍റെ ശുദ്ധിയാണ് പ്രശ്നം. ബിഹാറിൽ ഘാട്ടുകൾ (സ്നാനഘട്ടങ്ങള്‍) വളരെ മികച്ചതാണ്. ഘട്ടുകൾ ശുചീകരിച്ചിട്ടുണ്ടെന്ന് ഡൽഹി സർക്കാർ ഉറപ്പാക്കണം,” കൽപ്പന എന്ന ഭക്ത എഎൻഐയോട് സംസാരിക്കവെ പറഞ്ഞു.

സത്യത്തില്‍ കുളിക്കടവുകള്‍ വൃത്തിയാക്കിയത് കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ലിത്. കുളിക്കടവുകള്‍ വൃത്തിയാക്കപ്പെടുമ്പോഴും പതഞ്ഞുയരുന്ന നദി അങ്ങേയറ്റം വിഷലിപ്തമായി തുടരുന്നു. 

യമുന അങ്ങേയറ്റം മലിനമായി തുടരുമ്പോഴും രാഷ്ട്രീയ പരിഹാരം അസാദ്ധ്യമായ ഒന്നായി തുടരുന്നു. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാനും ആം ആദ്മി പാർട്ടി നേതാവുമായി രാഘവ് ഛദ്ദ,  ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെയും ഹരിയാനയിലെയും സർക്കാരുകൾ ശുദ്ധീകരിക്കാത്ത മലിനജലം നദിയിലേക്ക് ഒഴുക്കുന്നതാണ് നദിയില്‍ വിഷാംശം ഉയരാന്‍ കാരണമെന്ന് ആരോപിക്കുന്നു. 

ഇതിനുപുറമെ, ഉത്തർപ്രദേശിലെ മീററ്റ്, മുസാഫർനഗർ, ഷാംലി, സഹാറൻപൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കടലാസ്, പഞ്ചസാര വ്യവസായങ്ങളും ശുദ്ധീകരിക്കാത്ത മലിനജലം തുറന്നുവിടുന്നു. അവ ഓഖ്‌ലയിലെ ഹിൻഡൻ കനാൽ വഴി യമുനയിലേക്കാണ് ചെന്ന് വീഴുന്നതെന്ന് ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ കൂട്ടിച്ചേർത്തു. 

നദിയില്‍ വിഷാംശം കൂടുമ്പോഴും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പഞ്ഞമൊന്നുമില്ല. ഏറ്റവും ഒടുവിലായി യമുനാ നദിയിലെ പതയുടെ അളവ് കുറയ്ക്കുന്നതിന് ഡൽഹി സർക്കാർ ഒമ്പത് കർമ്മ പദ്ധതിക്ക് രൂപം നൽകി. പക്ഷേ അപ്പോഴും നദീ തീരത്തെ തുണി മില്ലുകള്‍ രാത്രിയും പകലുമെന്നില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്താതെ യമുനയിലെ ജലത്തിന് ശാപമോക്ഷം ഉണ്ടാവുകയില്ല. 

Latest Videos

click me!